'കര്‍ഷകര്‍ ഇല്ലെങ്കില്‍ ഭക്ഷണമില്ല ; നീതിയില്ലെങ്കില്‍ വിശ്രമവും' ; സമരത്തിന് പിന്തുണയുമായി ഒമ്പതുവയസ്സുകാരി  ( വീഡിയോ)

പ്രതിസന്ധി കാരണം പ്രതിവര്‍ഷം ആയിരക്കണക്കിന് കര്‍ഷകരാണ് മരിക്കുന്നത്
ലിസിപ്രിയ സമരക്കാർക്കൊപ്പം / ട്വിറ്റർ ചിത്രം
ലിസിപ്രിയ സമരക്കാർക്കൊപ്പം / ട്വിറ്റർ ചിത്രം

ന്യൂഡല്‍ഹി : കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നയങ്ങള്‍ക്കെതിരായ പോരാട്ടത്തിന് ഐക്യദാര്‍ഢ്യവുമായി ഒമ്പതുവയസ്സുകാരിയായ പരിസ്ഥിതി പ്രവര്‍ത്തക ലിസിപ്രിയ കാങ്കുജം. സിംഘു അതിര്‍ത്തിയില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കൊപ്പമുളള ചിത്രങ്ങളും വീഡിയോകളും ലിസിപ്രിയ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

ലോകത്തെമ്പാടുമുളള കാലാവസ്ഥാ പരിസ്ഥിതിപ്രവര്‍ത്തകര്‍ കര്‍ഷകര്‍ക്കൊപ്പമുണ്ടെന്ന് ലിസിപ്രിയ പറയുന്നു. കാലാവസ്ഥ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഇര കര്‍ഷകരാണ്. വരള്‍ച്ച, വെള്ളപ്പൊക്കം, ചുഴലിക്കാറ്റ്, വെട്ടുകിളി ശല്യം തുടങ്ങിയവ അവരുടെ കൃഷി നശിപ്പിക്കുകയാണ്. 

ലിസിപ്രിയ ( ഇടത് ) സിംഘുവിൽ / ട്വിറ്ററിൽ പങ്കുവെച്ച ചിത്രം
ലിസിപ്രിയ ( ഇടത് ) സിംഘുവിൽ / ട്വിറ്ററിൽ പങ്കുവെച്ച ചിത്രം

പ്രതിസന്ധി കാരണം പ്രതിവര്‍ഷം ആയിരക്കണക്കിന് കര്‍ഷകരാണ് മരിക്കുന്നത്. നേതാക്കള്‍ കര്‍ഷകരുടെ ശബ്ദം കേള്‍ക്കണം. അന്തരീക്ഷ മലിനീകരണത്തിന് കാരണമാകുന്ന വൈക്കോല്‍ ഉള്‍പ്പടെയുളള അവശിഷ്ടങ്ങള്‍ കത്തിക്കരുതെന്ന് ലിസിപ്രിയ കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു. 

' എന്റെ ശബ്ദം ലോകമെങ്ങും കേള്‍ക്കുമെന്ന് കരുതുന്നു. കര്‍ഷകരില്ലെങ്കില്‍ ഭക്ഷണമില്ല. നീതിയില്ലെങ്കില്‍ വിശ്രമമില്ല.' കര്‍ഷകസമരത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ച് ലിസിപ്രിയ കുറിച്ചു.

കര്‍ഷക സമരം നടക്കുന്ന അതിര്‍ത്തികളില്‍ അതിശൈത്യത്തിലും മാതാപിതാക്കള്‍ക്കും മുത്തശ്ശനും മുത്തശ്ശിക്കുമൊപ്പവും കഴിഞ്ഞ പതിനാല് ദിവസങ്ങള്‍ ചിലവഴിച്ച കുട്ടികളെ കണ്ടു. കൈക്കുഞ്ഞുമായി സമരം ചെയ്യുന്ന കുടുംബത്തിനൊപ്പം നല്‍ക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ലിസിപ്രിയ പറയുന്നു.

മണിപ്പൂര്‍ സ്വദേശിനിയായ ലിസിപ്രിയ കാലാവസ്ഥാ വ്യതിയാന വിഷയത്തില്‍ ലോകനേതാക്കളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും, കഴിഞ്ഞ വര്‍ഷം പാര്‍ലമെന്റിന് പുറത്ത് പ്രതിഷേധ പ്രകടനം നടത്തുകയും ചെയ്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com