ആസൂത്രണം വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ;ക്യാമ്പസില്‍ കയറാനുള്ള വഴികള്‍ വ്യക്തമാക്കി മെസ്സേജ്, ജെഎന്‍യു അക്രമത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍

ജെഎന്‍യുവിലെ സംഘര്‍ഷത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. മുഖംമൂടി ധരിച്ച് വിദ്യാര്‍ത്ഥികളെ അക്രമിച്ച സംഘത്തിലുള്ളവരാണ് പൊലീസ് കസ്റ്റഡിയിലെന്നാണ് സൂചന.
ചിത്രം: എക്‌സ്പ്രസ് ഫോട്ടോ സര്‍വീസ്‌
ചിത്രം: എക്‌സ്പ്രസ് ഫോട്ടോ സര്‍വീസ്‌

ന്യൂഡല്‍ഹി: ജെഎന്‍യുവിലെ സംഘര്‍ഷത്തില്‍ നാലുപേര്‍ കസ്റ്റഡിയില്‍. മുഖംമൂടി ധരിച്ച് വിദ്യാര്‍ത്ഥികളെ അക്രമിച്ച സംഘത്തിലുള്ളവരാണ് പൊലീസ് കസ്റ്റഡിയിലെന്നാണ് സൂചന. ഇവര്‍ പുറത്തുനിന്നുള്ളവരാണെന്നാണ് വിവരം. ഞായറാഴ്ച നടന്ന അക്രമത്തില്‍ ഇരുപത്തിയാറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മാരകമായി പരിക്കേറ്റ വിദ്യാര്‍ത്ഥി യൂണിയന്‍ അധ്യക്ഷ ഐഷി ഘോഷ് ഉള്‍പ്പെടെയുള്ളവരെ എയിംസില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഞായറാഴ്ച വൈകുന്നേരമാണ് ക്യാമ്പസില്‍ സംഘര്‍ഷമുണ്ടായത്. മുഖംമൂടി ധരിച്ചെത്തിയ ഒരുസംഘം വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും അക്രമിക്കുകയായിരുന്നു. ഹോസ്റ്റലുകള്‍ തല്ലിതകര്‍ത്ത സംഘം വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തല തല്ലിപ്പൊളിച്ചു. അക്രമം അഴിച്ചുവിട്ടത് എബിവിപിയാണ് എന്നാണ് ആരോപണം.

അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍വകലാശാല വിസിയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി അധ്യാപകര്‍ രംഗത്തെത്തി.  സുരക്ഷയും സമാധാനവും ഉറപ്പാക്കാനായില്ലെങ്കില്‍ വൈസ് ചാന്‍സലര്‍ സ്ഥാനം ഒഴിയണമെന്ന് അധ്യാപകര്‍ ആവശ്യപ്പെട്ടു. അതേസമയം രജിസ്ട്രാറെയും പ്രോക്ടറെയും മാനവ വിഭവ ശേഷി മന്ത്രാലയം വിളിപ്പിച്ചു. മന്ത്രാലയം സെക്രട്ടറിക്ക് മുന്നില്‍ ഇന്ന് ഹാജരാകാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.  

ഇന്നലെ നടന്ന അക്രമങ്ങള്‍ ആസൂത്രിതമെന്ന സംശയം ബലപ്പെടുത്തുന്ന  വാട്‌സാപ്പ് സന്ദേശങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. യുണൈറ്റ് എഗൈന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സാപ്പ് ഗ്രൂപ്പിലാണ് അക്രമം നടത്തുന്നതിനെക്കുറിച്ചും സാധ്യമായ വഴികളെക്കുറിച്ചുമുള്ള സന്ദേശങ്ങള്‍ ഉള്ളത്.
അക്രമികള്‍ക്ക് ജെഎന്‍യുവിലേക്ക് എത്താനുള്ള വഴികള്‍ സന്ദേശത്തില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. ജെഎന്‍യു പ്രധാന ഗേറ്റില്‍ സംഘര്‍ഷം ഉണ്ടാക്കേണ്ടതിനെ കുറിച്ചും പറയുന്നു. ക്യാമ്പസിലെ പൊലീസ് സാന്നിധ്യം അന്വേഷിക്കുകയും ചെയ്യുന്നുണ്ട് സന്ദേശങ്ങളില്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com