കോവിഡിനും തളര്‍ത്താനാകാത്ത നിശ്ചയദാര്‍ഢ്യം, നീറ്റ് പരീക്ഷയില്‍ 720ല്‍ 720 മാര്‍ക്ക് ; ചരിത്രം കുറിച്ച് 18 കാരന്‍ സോയബ്

കോവിഡിനും തളര്‍ത്താനാകാത്ത നിശ്ചയദാര്‍ഢ്യം, നീറ്റ് പരീക്ഷയില്‍ 720ല്‍ 720 മാര്‍ക്ക് ; ചരിത്രം കുറിച്ച് 18 കാരന്‍ സോയബ്

നീറ്റ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടുന്ന ആദ്യ വിദ്യാര്‍ത്ഥി കൂടിയാണ് സോയബ്

ഭുവനേശ്വര്‍ : അഖിലേന്ത്യ മെഡിക്കല്‍ പ്രവേശന പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടി ചരിത്രം കുറിച്ചിരിക്കുകയാണ് ഒഡീഷ റൂര്‍ക്കല സ്വദേശിയായ സോയബ് അഫ്താബ് എന്ന പതിനെട്ടുകാരന്‍. പരീക്ഷയില്‍ 720ല്‍ 720 മാര്‍ക്കും കരസ്ഥമാക്കിയാണ്  സോയബ് അഖിലേന്ത്യാതലത്തില്‍ ഒന്നാമതെത്തിയത്. നീറ്റ് പരീക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടുന്ന ആദ്യ വിദ്യാര്‍ത്ഥി കൂടിയാണ് സോയബ്. 

രാജസ്ഥാനിലെ കോട്ടയിലെ കരിയര്‍ ഇന്‍സ്റ്റിറ്റിയൂട്ടിലാണ് സോയബ് കോച്ചിങ്ങിനായി ചേര്‍ന്നിരുന്നത്. രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ സഹപാഠികളെല്ലാം നാട്ടിലേക്ക് മടങ്ങിയെങ്കിലും സോയബ് പിന്മാറാന്‍ തയ്യാറായില്ല. കോട്ടയില്‍ തന്നെ തുടര്‍ന്നു. ലോക്ഡൗണില്‍ കുറേസമയം കൂടി പഠനത്തിനായി ചെലവഴിച്ചു. ആ കഠിനാധ്വാനത്തിന്റെ ഫലമാണ് സോയബിന് ലഭിച്ച നൂറുശതമാനം മാര്‍ക്ക്. 

'2018ന് ശേഷം ഞാന്‍ ഒഡിഷയിലേക്ക് പോയിട്ടില്ല. ദിവസം 10-12 മണിക്കൂര്‍ വരെ പഠിക്കും. സമൂഹത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വേണ്ടി സേവനമനുഷ്ഠിക്കാനാണ് ആഗ്രഹിക്കുന്നത്. ചെറുപ്പക്കാര്‍ക്ക് പ്രചോദനമേകാന്‍ ആഗ്രഹിക്കുന്നു.' ഉന്നതവിജയം കരസ്ഥമാക്കിയ സോയബ് പറഞ്ഞു. മെഡിക്കല്‍ പഠനം പൂര്‍ത്തിയാക്കി ഒരു കാര്‍ഡിയാക് സര്‍ജനാവുക എന്നുളളതാണ് സോയബിന്റെ സ്വപ്നം.

അമ്മയ്ക്കും ഇളയ സഹോദരിക്കും ഒപ്പമാണ് കോട്ടയില്‍ സോയബ് താമസിച്ചിരുന്നത്. പിതാവിന് റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സാണ്. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി സെപ്റ്റംബര്‍ 13നും ഒക്ടോബര്‍ 14നുമായാണ് നീറ്റ് പരീക്ഷ നടത്തിയത്. സെപ്റ്റംബര്‍ 13ന് 13,67,032 പേരും ഒക്ടോബര്‍ 14ന് 290 പേരുമാണ് പരീക്ഷ എഴുതിയത്. ntaresults.nic.in എന്ന വെബ്‌സൈറ്റില്‍ ഫലം ലഭിക്കും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com