'ജയ് ശ്രീറാം...'; അയോധ്യയില്‍ രാമക്ഷേത്രം ഉയരണമെന്ന ആഗ്രഹത്തിന് വഴിയൊരുക്കുന്ന വിധി; പ്രതികരണവുമായി അഡ്വാനി

ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ താനുള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള പ്രത്യേക കോടതി വിധി സ്വാഗതം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനി.
കോടതി വിധിക്ക് ശേഷം എല്‍ കെ അഡ്വാനി മാധ്യമങ്ങളെ കണ്ടപ്പോള്‍/ ചിത്രം: പിടിഐ
കോടതി വിധിക്ക് ശേഷം എല്‍ കെ അഡ്വാനി മാധ്യമങ്ങളെ കണ്ടപ്പോള്‍/ ചിത്രം: പിടിഐ


ന്യൂഡല്‍ഹി: ബാബറി മസ്ജിദ് തകര്‍ത്ത കേസില്‍ താനുള്‍പ്പെടെയുള്ള എല്ലാ പ്രതികളെയും വെറുതെവിട്ടുകൊണ്ടുള്ള പ്രത്യേക കോടതി വിധി സ്വാഗതം ചെയ്ത് മുതിര്‍ന്ന ബിജെപി നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ എല്‍ കെ അഡ്വാനി. ജയ് ശ്രീ റാം വിളികളോടെയാണ് അഡ്വാനി വിധി സ്വാഗതം ചെയ്തത്. അയോധ്യയില്‍ രാമക്ഷേത്രം ഉയര്‍ന്നു കാണണമെന്ന തന്റെ ആഗ്രഹത്തിലേക്ക് വഴിയൊരുക്കുന്ന മറ്റൊരു വിധിയാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. 

'ഞങ്ങളെ സംബന്ധിച്ച് വളരെ പ്രധാനമുള്ളതും സന്തോഷമുളവാക്കുന്നതുമാണ് വിധി. കോടതി വിധി വന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ഞങ്ങള്‍ ജയ് ശ്രീം വിളിച്ചാണ് അതിനെ സ്വീകരിച്ചത്'- വീഡിയോ മെസ്സേജില്‍ അഡ്വാനി പറഞ്ഞു. 

വിധിക്ക് ശേഷം, വീട്ടില്‍ നിന്ന് പുറത്തുവന്ന അഡ്വാനി, മാധ്യമങ്ങളെയും പ്രവര്‍ത്തകരെയും ജയ് ശ്രീ റാം വിളിച്ച് അഭിസംബനോധന ചെയ്തു. 

ബാബറി മസ്ജിദ് തകര്‍ത്തത് മുന്‍കൂട്ടി ആസൂത്രണം ചെയ്തിട്ടല്ലെന്നും ഗൂഢാലോചനയ്ക്കു തെളിവില്ലെന്നും പ്രത്യേക കോടതി ജഡ്ജി എസ്‌കെ യാദവ് വിധിച്ചു. ആള്‍ക്കൂട്ടത്തെ തടയാനാണ് നേതാക്കള്‍ ശ്രമിച്ചതെന്നും കോടതി പറഞ്ഞു. 

കേസില്‍ ഗൂഢാലോചനക്കുറ്റം തെളിയിക്കാന്‍ സിബിഐക്കു കഴിഞ്ഞിട്ടില്ലെന്ന് രണ്ടായിരം പേജുള്ള വിധിന്യായത്തില്‍ കോടതി ചൂണ്ടിക്കാട്ടി. സിബിഐ ഹാജരാക്കിയ ദൃശ്യങ്ങള്‍ തെളിവായി സ്വീകരിക്കാനാവില്ലെന്ന് എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കിക്കൊണ്ട് കോടതി വ്യക്തമാക്കി.

അഡ്വാനിക്ക് പുറമേ, മുന്‍ കേന്ദ്രമന്ത്രി മുരളി മനോഹര്‍ ജോഷി, മുന്‍ കേന്ദ്രമന്ത്രി ഉമാ ഭാരതി, യുപി മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിങ്ങ് എന്നിവര്‍ ഉള്‍പ്പെടെ 32 പേരാണ്, ബാബറി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട ഗൂഢാലോചനകേസില്‍ പ്രതിസ്ഥാനത്ത് ഉണ്ടായിരുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com