അഞ്ചു ദിവസങ്ങള്‍ക്ക് ശേഷം മോചനം; മാവോയിസ്റ്റുകള്‍ ബന്ദിയാക്കിയ കമാന്‍ഡോയെ വിട്ടയച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th April 2021 07:35 PM |
Last Updated: 08th April 2021 07:35 PM | A+A A- |

മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കമാന്‍ഡോയെ ബീജാപൂരില്‍ എത്തിച്ചപ്പോള്‍/ചിത്രം: എഎന്‍ഐ
റായ്പൂര്‍: ഛത്തീസ്ഗഢിലെ ഏറ്റുമുട്ടലിനിടെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ സിആര്‍പിഎഫ് കമാന്‍ഡോ രാകേശ്വര്‍ സിങ് മന്‍ഹാസിനെ വിട്ടയച്ചു. ജവാനെ മോചിപ്പിച്ച കാര്യം സിആര്‍പിഎഫ് സ്ഥിരീകരിച്ചു. അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് കമാന്‍ഡോയെ വിട്ടയച്ചിരിക്കുന്നത്.
വ്യാഴാഴ്ച വൈകുന്നേരംം നാലരയോടെയാണ് ജവാന്‍ മോചിതനായത്. ജവാന്റെ മോചനത്തിനായി സന്ധി സംഭാഷണം നടത്തിവന്ന സാമൂഹ്യ പ്രവര്‍ത്തകന്‍ ധര്‍മപാല്‍ സൈനി, ഗൊണ്ടവന സമാജ് മേധാവി ഗേലം ബോരയ്യ എന്നിവരുടെ സാന്നിധ്യത്തിലാണ് മാവോയിസ്റ്റുകള്‍ ഇദ്ദേഹത്തെ വിട്ടയച്ചത്. ഏഴ് മാധ്യമപ്രവര്‍ത്തകര്‍ അടങ്ങിയ 11 അംഗം സംഘമാണ് ജവാനെ തിരികെയെത്തിക്കാന്‍ പോയത്.
രാകേശ്വര്‍ സിങ്ങിനെ വൈദ്യ പരിശോധനയ്ക്കായി കൊണ്ടുപോയി. അദ്ദേഹത്തിന് പുറമേ പരിക്കുകള്‍ ഒന്നും ദൃശ്യമല്ലെന്നും രാത്രിയോടെ റാഞ്ചിയിലേക്ക് കൊണ്ടുപോകുമെന്നും സിആര്‍പിഎഫ് അറിയിച്ചു.
ഏപ്രില്‍ മൂന്നിന് നടന്ന രക്തരൂക്ഷിത ഏറ്റുമുട്ടലില്‍ 22 സിആര്‍പിഎഫ് ജവാന്‍മാര്‍ വീരമൃത്യു വരിച്ചിരുന്നു. ഒരു സ്ത്രീ ഉള്‍പ്പെടെ അഞ്ച് മാവോയിസ്റ്റുകളും കൊല്ലപ്പെട്ടിട്ടുണ്ട്.