കോണ്‍ഗ്രസിന് 300 സീറ്റ്; അടുത്തെങ്ങും നടക്കുമെന്നു തോന്നുന്നില്ലെന്ന് ഗുലാം നബി ആസാദ്

300 സീറ്റു നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തണമെന്നാണ് തന്റെ ആഗ്രഹം. എന്നാല്‍ അതിനുള്ള സാഹചര്യമൊന്നും കാണുന്നില്ലെന്ന് ആസാദ്
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്/എഎന്‍ഐ
കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്/എഎന്‍ഐ

ന്യൂഡല്‍ഹി: അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് 300 സീറ്റു നേടി അധികാരത്തിലെത്താനുള്ള സാധ്യതയില്ലെന്ന് മുതിര്‍ന്ന പാര്‍ട്ടി നേതാവ് ഗുലാം നബി ആസാദ്. 300 സീറ്റു നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തണമെന്നാണ് തന്റെ ആഗ്രഹം. എന്നാല്‍ അതിനുള്ള സാഹചര്യമൊന്നും കാണുന്നില്ലെന്ന് ആസാദ് പറഞ്ഞു. ജമ്മു കശ്മീരിലെ പുഞ്ചില്‍ പൊതു യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഗുലാം നബി ആസാദ്.

കശ്മീരികളെ സംബന്ധിച്ചിടത്തോളം സ്വന്തം ഭൂമിയും തൊഴിലും സംരക്ഷിക്കുകയാണ് ഇപ്പോള്‍ പ്രധാനമെന്ന് ആസാദ് പറഞ്ഞു. ഈ ഘട്ടത്തില്‍ മുഖ്യമന്ത്രിപദമൊന്നും പ്രധാനമല്ല. സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി എത്രയും വേഗം കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിച്ച് തെരഞ്ഞെടുപ്പു നടത്തുകയാണ് വേണ്ടത്.- 370 വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെ്ട്ട് നടത്തിയ ചടങ്ങില്‍ ആസാദ് അഭിപ്രായപ്പെട്ടു.

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിനെതിരെ പാര്‍ലമെന്റില്‍ ഏറ്റവുമധികം സംസാരിച്ചയാള്‍ താന്‍ ആണെന്ന് ആസാദ് പറഞ്ഞു. ഇപ്പോള്‍ വിഷയം സുപ്രീം കോടതിയുടെ മുന്നിലാണ്. അതുകൊണ്ടുതന്നെ ഇനി ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലെന്നും കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ ദേശീയതലത്തില്‍ മൂന്നാം മുന്നണിക്കു തീവ്ര ശ്രമം നടക്കുന്നതിനിടെയാണ്, കോണ്‍ഗ്രസ് അധികാരത്തില്‍ തിരിച്ചുവരാനിടയില്ലെന്ന ആസാദിന്റെ പ്രസ്താവന. കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന 23 നേതാക്കളുടെ കൂട്ടത്തില്‍ പെട്ടയാളാണ്, മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി കൂടിയായ ആസാദ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com