കൊല്ലപ്പെട്ടത് ഖനി തൊഴിലാളികള്‍; നാഗാലാന്‍ഡ് വെടിവെപ്പില്‍ ഖേദം പ്രകടിപ്പിച്ച് സൈന്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th December 2021 02:14 PM  |  

Last Updated: 05th December 2021 02:14 PM  |   A+A-   |  

nagaland_firing

ഫോട്ടോ: ട്വിറ്റർ


കൊഹിമ: നാഗാലാന്‍ഡിലുണ്ടായ വെടിവയ്പ്പില്‍ 14 ഗ്രാമീണര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ ഖേദം പ്രകടിപ്പിച്ച് സൈന്യം. സംഭവം നിര്‍ഭാഗ്യകരമെന്ന് വിശേഷിപ്പിച്ചു സൈന്യം, ഉന്നതതല അന്വേഷണം നടത്തുമെന്നും അറിയിച്ചു. 'സംഭവം അങ്ങേയറ്റം ഖേദകരമാണ്. ആളുകള്‍ കൊല്ലപ്പെടാനുണ്ടായ സാഹചര്യത്തെക്കുറിച്ച് ഉന്നത തല അന്വേഷണം നടത്തി നടപടി സ്വീകരിക്കും.' - സൈന്യം പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു.

മ്യാന്‍മറുമായി അതിര്‍ത്തി പങ്കിടുന്ന മോണ്‍ ജില്ലയിലെ ഒട്ടിങ് ഗ്രാമത്തിലാണ് വെടിവെപ്പ് നടന്നത്. ശനിയാഴ്ച വൈകിട്ട് കല്‍ക്കരി ഖനിയില്‍നിന്നും ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു തൊഴിലാളികളാണ് കൊല്ലപ്പെട്ടത്. വിഘടനവാദികള്‍ക്കായി തിരച്ചില്‍ നടത്തുകയായിരുന്നു സൈന്യം. തൊഴിലാളികളുടെ വാഹനം വിഘടനവാദികളുടേതാണെന്ന് കരുതി സൈന്യം വെടിയുതിര്‍ത്തതാകാമെന്നാണ് പ്രാഥമിക വിവരം. ഒരു സൈനികനും മരിച്ചു. നിരവധി സൈനികര്‍ക്കും ഗ്രാമീണര്‍ക്കും പരിക്കേറ്റു.

നാഗ വിഘടനവാദികളായ എന്‍എസ്‌സിഎന്‍(കെ)യുടെ പ്രബലകേന്ദ്രമാണ് മോണ്‍ പ്രദേശം. കൊല്ലപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച നാഗാലാന്‍ഡ് മുഖ്യമന്ത്രി നെഫ്യൂ റിയോ, ജനങ്ങള്‍ സംയമനം പാലിക്കണമെന്നും അഭ്യര്‍ഥിച്ചു. സംഭവത്തില്‍ കേന്ദ്ര ആഭ്യമന്ത്രി അമിത് ഷായും ഖേദം പ്രകടിപ്പിച്ചു. നിരഭാഗ്യകരമായ സംഭവമാണ് ഒട്ടിങില്‍ നടന്നത്. കൊല്ലപ്പെട്ടവരുടെ കുംടുംബത്തിന് ആദരാഞ്ജലി അര്‍പ്പിക്കുന്നു. ഉന്നതതല അന്വേഷണം നടത്തി കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് നീതി ഉറപ്പു വരുത്തുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, ഗ്രാമീണരെ കൊലപ്പെടുത്തയതില്‍ സൈന്യത്തിന് എതിരെ നാഗാലാന്‍ഡില്‍ ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നിരിക്കുന്നത്. സൈിക വാഹനങ്ങള്‍ ആള്‍ക്കൂട്ടം അഗ്നിക്കിരയാക്കിയതായും റിപ്പോര്‍ട്ടുണ്ട്.