'പ്രധാനമന്ത്രിയെ വധിക്കാന്‍ കത്ത്';ജയിലില്‍ നരകിച്ച് മരിച്ച സ്റ്റാന്‍ സ്വാമി, 'സമാനതകളില്ലാത്ത' ഭീമാ കൊറേഗാവ് കേസ്

അടിയന്തരാവസ്ഥയ്ക്ക് ശേഷം, ഇന്ത്യകണ്ട ഏറ്റവും വലിയ പൗരാവകാശ ലംഘനങ്ങളുടെ പട്ടികയിലാണ് ഭീമാ കൊറേഗാവ് കേസിന്റെ സ്ഥാനം
അടിയന്തരാവസ്ഥയ്ക്ക് ശേഷം, ഇന്ത്യകണ്ട ഏറ്റവും വലിയ പൗരാവകാശ ലംഘനങ്ങളുടെ പട്ടികയിലാണ് ഭീമാ കൊറേഗാവ് കേസിന്റെ സ്ഥാനം
അടിയന്തരാവസ്ഥയ്ക്ക് ശേഷം, ഇന്ത്യകണ്ട ഏറ്റവും വലിയ പൗരാവകാശ ലംഘനങ്ങളുടെ പട്ടികയിലാണ് ഭീമാ കൊറേഗാവ് കേസിന്റെ സ്ഥാനം


ടിയന്തരാവസ്ഥയ്ക്ക് ശേഷം, ഇന്ത്യകണ്ട ഏറ്റവും വലിയ പൗരാവകാശ ലംഘനങ്ങളുടെ പട്ടികയിലാണ് ഭീമാ കൊറേഗാവ് കേസിന്റെ സ്ഥാനം. മൂന്നുവര്‍ഷം നീണ്ട ജയില്‍ വാസത്തിനൊടുവില്‍, പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയും അഭിഭാഷകയുമായ സുധ ഭരദ്വാജിന് ജാമ്യം ലഭിക്കുമ്പോള്‍, ഇപ്പോഴും ഇരുട്ടറയില്‍ തുടരുന്ന ഒരുകൂട്ടം മനുഷ്യരെ, നരകിച്ച് മരിച്ച സ്റ്റാന്‍ സ്വാമിയെ പറ്റി ഓര്‍ക്കേണ്ടതുണ്ട്. 

ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് ഭരണകൂടം ജയിലില്‍ അടച്ചിരിക്കുന്നത് പ്രമുഖ അക്കാദിമിക്കുകളെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയുമാണ്. കേസിന്റെ നിലവിലെ സ്ഥിതിയിലേക്ക് പോകുന്നതിന് മുന്‍പ്, കാലങ്ങളായി തുടരുന്ന ജാതി സംഘര്‍ഷത്തിന്റെ ചരിത്രത്തില്‍ നിന്ന് ആരംഭിക്കാം. 

എന്താണ്,എവിടെയാണ് ഭീമാകൊറേഗാവ്? 

മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ചെറിയ ഗ്രാമമാണ് കൊറേഗാവ്. ഭീമാ നദിക്കരയില്‍ സ്ഥിതിചെയ്യുന്ന ഈ പ്രദേശത്തിലെ ജാതിസംഘര്‍ഷത്തിന്റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. 1818 ജനുവരി ഒന്നിനാണ് കൊറേഗാവ് യുദ്ധം നടന്നത്. മറാത്ത രാജാവ് പേഷ്വ ബാജിറാവു രണ്ടാമനും ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുമായി ഏറ്റുമുട്ടി. കൊറേഗാവിലെ ദലിത് വിഭാഗമായ മഹര്‍ സമുദായത്തെ മറാത്തകള്‍ക്കൊപ്പം പോരാടാന്‍ അനുവദിച്ചില്ല. തങ്ങളെക്കാള്‍ താഴ്ന്ന ജാതിക്കാരാണ് മഹറുകളെന്ന് വിശ്വസിച്ചിരുന്ന മറാത്തകള്‍ ഇവരെ കൂടെക്കൂട്ടാന്‍ തയ്യാറായില്ല. മഹര്‍ പോരാളികള്‍ ഈസ്റ്റ് ഇന്ത്യ കമ്പനിക്കൊപ്പം ചേര്‍ന്നു. എണ്ണത്തില്‍ക്കുറവായിരുന്ന മഹര്‍-ബ്രിട്ടീഷ് സൈന്യം മറാത്ത സൈന്യത്തെ തോല്‍പ്പിച്ചു. ഒരു സൈനിക മുന്നേറ്റം എന്നതിലുപരി, ജാതി വിവേചനത്തിന് എതിരെയുള്ള വിജയമായി മഹര്‍ സമുദായം ഇതിനെ കണക്കാക്കി. രണ്ടു സമുദായങ്ങളും ഇതോടെ കൂടുതല്‍ അകന്നു. 

പോരാട്ടത്തില്‍ കൊല്ലപ്പെട്ട ദലിത് പട്ടാളക്കാര്‍ക്ക് വേണ്ടി ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി ഭീമാ കൊറേഗാവില്‍ യുദ്ധസ്മാരകം പണിതു. എല്ലാവര്‍ഷവും ജനുവരി ഒന്നാംതീയതി ഇവിടെ ദലിത് സംഘടനകളുടെ നേതൃത്വത്തില്‍ വാര്‍ഷികാചരണം നടത്തുന്നു. 1927ല്‍ ഡോ. ബിആര്‍ അംബേദ്കര്‍ കൊറേഗാവ് യുദ്ധസ്മാകരം സന്ദര്‍ശിച്ചിരുന്നു. 

സംഘര്‍ഷത്തില്‍ മുങ്ങിയ 200ാം വാര്‍ഷികം

2018 യുദ്ധത്തിന്റെ ഇരുനൂറാം വാര്‍ഷികമായിരുന്നു. ദലിത് സംഘടനകള്‍ വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ തീരൂമാനിച്ചു. 2017 ഡിസംബറില്‍ ആയിരക്കണക്കിന് ദലിത് ജനങ്ങള്‍ കാല്‍നടയായി ഭീമാ കൊറേഗാവിലേക്ക് എത്തി. ഡിസംബര്‍ 31ന് പൂനെയിലെ ശനിവര്‍വാദ കോട്ടയ്ക്ക് മുന്നില്‍ ഒരു സമ്മേളനം നടക്കുകയും ചെയ്തു. 35,000പേര്‍ എല്‍ഗര്‍ പരിഷദ് എന്നറിയപ്പെടുന്ന ഈ സമ്മേളനത്തില്‍ പങ്കെടുത്തു എന്ന് സംഘാടകര്‍ അവകാശപ്പെടുന്നു. 

എന്നാല്‍ പരിഷദ് ഒരു മാവോവിസ്റ്റ് ഗൂഢാലോചനയുടെ ഭാഗമായിരുന്നെന്നും ക്രമസമാധാനം തെറ്റിച്ച് സര്‍ക്കാരിനെ അട്ടിമറിക്കുകയാണ് അവരുടെ ലക്ഷ്യമെന്നും വാദിച്ചു കൊണ്ട് പൂനെ പൊലീസ് പിന്നീട് അതിന്റെ സംഘാടകരെ അറസ്റ്റു ചെയ്തു.

സ്റ്റാന്‍ സ്വാമി
 

എല്ലാവര്‍ഷവും സമാധാനപരമായി നടന്നിരുന്ന അനുസ്മരണം പക്ഷേ, 2018ല്‍ ആരംഭിച്ചത് അസ്വാരസ്യങ്ങളിലൂടെ ആയിരുന്നു. എല്ലാകടകളും അടച്ചു പരിപാടി ബഹിഷ്‌കരിക്കാന്‍ കൊറേഗാവ് പഞ്ചായത്ത് ആഹ്വാനം ചെയ്തു. ദലിത് സംഘടനകളുടെ റാലിയിലേക്ക് കാവിക്കൊടികളുമായി ഹിന്ദുത്വ സംഘടനകള്‍ ഇടിച്ചു കയറി. തുടര്‍ന്നുനടന്ന സംഘര്‍ഷത്തില്‍ മറാത്ത വംശജനായ ഒരാള്‍ കൊല്ലപ്പെട്ടു. വൈകാതെ സംഘര്‍ഷം മറ്റു സ്ഥലങ്ങളിലേക്കും പടര്‍ന്നു. ജനുവരി 3ന് മുംബൈയില്‍ നടന്ന സംഘര്‍ഷത്തില്‍ കുട്ടികളടക്കം മുന്നൂറോളം ദലിത് വിഭാഗക്കാര്‍ അറസ്റ്റ് ചെയ്യപ്പെട്ടു.

കേസും അറസ്റ്റും 

മഹാരാഷ്ട്ര അന്ന് ബിജെപി ഭരണത്തിന് കീഴിലായിരുന്നു. ഉദ്ദവ് താക്കറെയും ശിവസേനയും ബിജെപിയുടെ വിശ്വസ്ത സഖ്യക്ഷിയും. അനുസ്മരണത്തില്‍ പങ്കെടുത്ത് സംസാരിച്ച അക്കാദമിക്, സാമൂഹിക,സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്ക് എതിരെ മരാഹാരാഷ്ട്ര പൊലീസ് യുഎപിഎ ചുമത്തി  കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടന്നെന്ന് മഹാരാഷ്ട്ര പൊലീസ് ആവര്‍ത്തിച്ചു പറഞ്ഞു. 

'പ്രധാനമന്ത്രിയെ കൊല്ലാന്‍ കത്ത്'

മലയാളിയും കമ്മിറ്റി ഫോര്‍ റിലീസിങ് പൊളിറ്റിക്കല്‍ പ്രിസണേഴ്സ് അംഗവുമായ റോണ വില്‍സണ്‍ ആണ് അറസ്റ്റിലായ പ്രധാനികളിലൊരാള്‍. റോണയുടെ ലാപ്ടോപ്പില്‍ നിന്ന് പ്രധാനമന്ത്രിയെ വധിക്കാന്‍ പ്ലാന്‍ ഇട്ട കത്ത് കിട്ടിയെന്നാണ് മഹാരാഷ്ട്ര പൊലീസ് കോടതിയില്‍ പറഞ്ഞത്. എന്നാല്‍, സ്വതന്ത്രമായി ഫൊറന്‍സിക് പരിശോധന നടത്തിയ അമേരിക്കന്‍ ഏജന്‍സി, ഹാക്ക് ചെയ്താണ് ഈ കത്ത് ലാപ്ടോപ്പില്‍ കയറ്റിയതെന്ന് റിപ്പോര്‍ട്ട് നല്‍കി. ഈ റിപ്പോര്‍ട്ട് മഹാരാഷ്ട്ര പൊലീസും എന്‍ഐഎയും തള്ളി. 2021 സെപ്റ്റംബറില്‍ പിതാവിന്റെ അന്ത്യകര്‍മ്മങ്ങള്‍ക്ക് വേണ്ടി റോണയ്ക്ക് രണ്ടാഴ്ച ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. 

റോണാ വില്‍സണ്‍
 

കവിയും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ വരവര റാവുവിന് 2021 മാര്‍ച്ചില്‍ ആരോഗ്യപ്രശ്നങ്ങള്‍ കണക്കിലെടുത്ത് ഇടക്കാല ജാമ്യം നല്‍കി. 
ജസ്യൂട്ട് പുരോഹിതന്‍ സ്റ്റാന്‍ സ്വാമി ജുഡീഷ്യല്‍ കസ്റ്റഡിയിലിരിക്കെ മരിച്ചു. 84 വയസ്സായിരുന്നു മരിക്കുമ്പോള്‍ സ്റ്റാന്‍ സ്വാമിക്ക് പ്രായം. അംബേദ്കറുടെ പൗത്രിയുടെ ഭര്‍ത്താവും പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ആനനന്ദ് തെല്‍തുംഡെ, അഭിഭാഷകന്‍ അരുണ്‍ ഫെറേറ, മനുഷ്യാവകാശ പ്രവര്‍ത്തക സുധ ഭരദ്വാജ്, മാധ്യമപ്രവര്‍ത്തകന്‍ ഗൗതം നവ്ലാഖെ, ദലിത് ആക്ടിവിസ്റ്റുകളായ സുരേന്ദ്ര ഗാഡ്ലിങ്, സുധിര്‍ ധവാലെ, നാഗ്പ്പൂര്‍ സര്‍വകലാശ അധ്യാപിക ഷോമ സെന്‍, ആദിവാസി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ മഹേഷ് റാവത്ത്, അധ്യാപകന്‍ വെര്‍നോണ്‍ ഗോണ്‍സാല്‍വസ് എന്നിവരാണ് അറസ്റ്റിലായ പ്രമുഖര്‍. ഇതിന് പുറമേ, കലാപം നടത്തിയെന്ന പേരില്‍ അനവധി ദലിത് സംഘടന നേതാക്കളെയും പ്രവര്‍ത്തകരെയും പൊലീസ് കൂട്ടത്തോടെ അറസ്റ്റ് ചെയ്തു. 

വരവര റാവു
 

കേസിന്റെ ഇപ്പോഴത്തെ അവസ്ഥ

കേസ് നിലവില്‍ എന്‍ഐഎയാണ് അന്വേഷിക്കുന്നത്. എങ്ങുമെത്താതെ തുടരുന്ന അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും, കൊടിയ മനുഷ്യാവകാശ ലംഘനമാണ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുണ്ടാകുന്നതെന്നും വിമര്‍ശകര്‍ നിരന്തരം ശബ്ദമുയര്‍ത്തിയിട്ടും ഫലമൊന്നും ഉണ്ടായില്ല. അറസ്റ്റിലായവര്‍ക്ക് ജാമ്യം അനുവദിക്കരുത് എന്ന വാദം ഉയര്‍ത്തുന്നതല്ലാതെ, കേസില്‍ ശക്തമായ തെളിവുകള്‍ ഒന്നും നല്‍കാന്‍ അന്വേഷണ ഏജന്‍സിക്ക് കഴിഞ്ഞിട്ടില്ല. എല്‍ഗര്‍ പരിഷത്തില്‍ പങ്കെടുത്തവര്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടെന്നും സ്പര്‍ധയുണ്ടാക്കാനായി പ്രചാരണം നടത്തിയെന്നും എന്‍ഐഎ ആരോപിക്കുന്നു. സ്റ്റാന്‍ സ്വാമിയടക്കം തങ്ങളുടെ മാവോയിസ്റ്റ് ബന്ധം മറച്ചുവയ്ക്കാനായി തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചെന്നും എന്‍ഐഎ ആരോപിക്കുന്നു. സ്റ്റാന്‍ സ്വാമിയെ ആശുപത്രിയിലേക്ക് മാറ്റാത്തതില്‍ ബോംബെ ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയതിന് ശേഷമാണ് ചികിത്സ സൗകര്യങ്ങള്‍ ഒരുക്കി നല്‍കിയതുതന്നെ. 

ബിജെപിയുമായി തെറ്റിപ്പിരിഞ്ഞ് പവാറിന്റെ കൂടെക്കൂടിയ ഉദ്ദവ് താക്കറെ, ഭീമാ കൊറേഗാവ് കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ടവരെ പുറത്തിറക്കാന്‍ നടപടിയെടുക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇതുവരെയും കാര്യമായ നീക്കമൊന്നും മഹാരാഷ്ട്ര സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. 

വിമര്‍ശനവും സമരവും ഭയപ്പെടുന്നവരാണ് എക്കാലത്തവും ഭരണകര്‍ത്താക്കള്‍. അടിയന്തരാവസ്ഥയില്‍ ഇന്ദിര നടപ്പിലാക്കിയതെന്തോ, അതുതന്നെയാണ് അപ്രഖ്യാപിതമായി നരേന്ദ്ര മോദിയും നടപ്പിലാക്കുന്നതെന്ന് ചൂണ്ടിക്കാട്ടുന്നു വിമര്‍ശകര്‍. ഒരുപക്ഷേ, ഒരു കേസുമായി ബന്ധപ്പെട്ട് ഇത്രയേറെ അക്കാദമിക്, സാമൂഹിക പ്രവര്‍ത്തകര്‍ കാലങ്ങളായി ജയില്‍ വാസം അനുഭവിക്കുന്നത് ആദ്യമായി ആയിരിക്കും. ഭീമാ കൊറേഗാവ് കേസ് ഒരു ഓര്‍മ്മപ്പെടുത്തലാണ്. ഭരണകൂടത്തിന് ഇഷ്ടമില്ലാത്തത് ചെയ്താല്‍, അക്കാദമിക്കുകളായാലും സാധാരണക്കാരനായാലും ജയിലുകള്‍ കാത്തിരിപ്പുണ്ടെന്ന ഓര്‍മ്മപ്പെടുത്തല്‍.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com