ഹെലികോപ്റ്റർ അപകടം: സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചു

ഊട്ടിക്കു സമീപം കുനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നുണ്ടായ അപകടത്തിൽ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് അന്തരിച്ചു
സംയുക്തസോ മേധാവി ബിപിന്‍ റാവത്തും അപകടത്തില്‍പ്പെട്ടെ ഹെലികോപ്റ്ററും
സംയുക്തസോ മേധാവി ബിപിന്‍ റാവത്തും അപകടത്തില്‍പ്പെട്ടെ ഹെലികോപ്റ്ററും

കോയമ്പത്തൂര്‍: ഊട്ടിക്കു സമീപം കുനൂരില്‍ സൈനിക ഹെലികോപ്റ്റര്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്ത് അന്തരിച്ചു.  ബിപിന്‍ റാവത്തും ഭാര്യ മധുലിക റാവത്തും ഉള്‍പ്പെടെ പതിമൂന്നുപേര്‍ മരിച്ചതായി ഇന്ത്യന്‍ എയര്‍ഫോഴ്‌സ് അറിയിച്ചു. പരിക്കേറ്റ ക്യാപ്റ്റന്‍ വരുണ്‍ സിങ് ചികിത്സയിലാണെന്നും എയര്‍ഫോഴ്‌സ് വ്യക്തമാക്കി. 

സംയുക്ത സേനാ മേധാവി ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 14 പേര്‍ സഞ്ചരിച്ച ഹെലികോപ്റ്ററാണ് തകര്‍ന്നത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേന താവളത്തില്‍നിന്ന് ഊട്ടിയിലെ വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം. മോശം കാലാവസ്ഥയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് വിവരം. വ്യോമസേനയുടെ റഷ്യന്‍ നിര്‍മിത എംഐ 17V5 ഹെലികോപ്റ്ററാണ് അപകടത്തില്‍പ്പെട്ടത്. കുനൂരിലെ കാട്ടേരി ഫാമിനു സമീപമാണ് അപകടമുണ്ടായത്. കോയമ്പത്തൂരില്‍നിന്ന് 11.47 ന് പറന്നുയര്‍ന്ന ഹെലികോപ്റ്റര്‍ ഉച്ചയ്ക്കു ശേഷമാണ് തകര്‍ന്നുവീണത്. ലാന്‍ഡിങ്ങിന് 10 കിലോമീറ്റര്‍ മാത്രമകലെയായിരുന്നു അപകടം.

തകര്‍ന്നു വീണയുടന്‍ ഹെലികോപ്റ്ററില്‍ തീപടര്‍ന്നത് രക്ഷാപ്രവര്‍ത്തനങ്ങളെ ബാധിച്ചു. സംഭവത്തില്‍ അന്വേഷണത്തിന് വ്യോമസേന ഉത്തരവിട്ടു.

ബ്രിഗേഡിയര്‍ എല്‍.എസ്.ലിഡര്‍, ലെഫ്റ്റനന്റ് കേണല്‍ ഹര്‍ജിന്ദര്‍ സിങ്, നായിക്മാരായ ഗുരുസേവക് സിങ്, ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, സായി തേജ, ഹവില്‍ദാര്‍ സത്പാല്‍ തുടങ്ങിയവരാണ് ബിപിന്‍ റാവത്തിനും ഭാര്യ മധുലികയ്ക്കും സ്റ്റാഫിനുമൊപ്പം ഹെലികോപ്റ്ററില്‍ ഉണ്ടായിരുന്നത്. 

അപകടത്തെക്കുറിച്ച് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചു. പ്രതിരോധ മന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com