എല്ലാ ആവശ്യങ്ങളും അംഗീകരിച്ചു;  കര്‍ഷകര്‍ സമരം അവസാനിപ്പിച്ചു; വിജയാഘോഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങും

ഡിസംബംര്‍ 11-മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു 
ഡല്‍ഹിയിലെ കര്‍ഷകസമരം
ഡല്‍ഹിയിലെ കര്‍ഷകസമരം

ന്യൂഡല്‍ഹി: കര്‍ഷകരുടെ എല്ലാ ആവശ്യങ്ങളും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ച സാഹചര്യത്തില്‍ ഡല്‍ഹി അതിര്‍ത്തിയിലെ ഉപരോധം കര്‍ഷകര്‍ അവസാനിപ്പിക്കും. സംയുക്ത കിസാന്‍മോര്‍ച്ച യോഗത്തിലാണ് തീരുമാനം. നാളെ ആദരാഞ്ജലി ദിനം ആചരിക്കും. ശനിയാഴ്ച വിജയാഘോഷം ഉണ്ടാകും. അതിനുശേഷം കര്‍ഷകര്‍ അതിര്‍ത്തിവിടും.

വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുകയും കര്‍ഷകരുടെ മറ്റ് ആവശ്യങ്ങള്‍ അംഗീകരിച്ച് രേഖമൂലം സര്‍ക്കാര്‍ ഉറപ്പു നല്‍കുകയും ചെയ്തതോടെയാണ് സമരം ഔദ്യോഗികമായി അവസാനിപ്പിക്കാന്‍  കര്‍ഷക സംഘടനകള്‍ തീരുമാനിച്ചത്. ഡിസംബംര്‍ 11-മുതല്‍ ഡല്‍ഹി അതിര്‍ത്തികളില്‍ നിന്ന് കര്‍ഷകര്‍ സ്വന്തം വീടുകളിലേക്ക് മടങ്ങുമെന്നും കര്‍ഷക സംഘടനകള്‍ അറിയിച്ചു. 'ഞങ്ങളുടെ സമരം താല്‍ക്കാലികമായി നിര്‍ത്താന്‍ തീരുമാനിച്ചു. ജനുവരി 15ന് അവലോകന യോഗം ചേരും. സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിച്ചില്ലെങ്കില്‍ സമരം പുനരാരംഭിക്കും' സംയുക്ത കിസാന്‍ മോര്‍ച്ച നേതാക്കള്‍ യോഗത്തിന് ശേഷം പറഞ്ഞു.

വിളകള്‍ക്കുള്ള താങ്ങുവില നിയമപരമായി ഉറപ്പാക്കുന്നതിനു നടപടി സ്വീകരിക്കാനും കര്‍ഷകര്‍ക്കെതിരായ കേസുകള്‍ പിന്‍വലിക്കാനും ഒരുക്കമാണെന്നറിയിച്ച് ഇന്നലെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്കു കത്തയച്ചിരുന്നു. എന്നാല്‍ ഇക്കാര്യങ്ങള്‍ രേഖാമൂലം ഒപ്പിട്ടു നല്‍കാന്‍ കര്‍ഷകര്‍ ആവശ്യപ്പെട്ടു. രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചാല്‍ പ്രക്ഷോഭം അവസാനിപ്പിക്കുമെന്ന് കര്‍ഷകര്‍ അറിയിച്ചിരുന്നു.

പ്രക്ഷോഭം അവസാനിപ്പിച്ചാല്‍ മാത്രമേ കേസുകള്‍ പിന്‍വലിക്കൂ എന്നാണു ആദ്യം കേന്ദ്രം അറിയിച്ചിരുന്നത്. ആദ്യം കേസുകള്‍ പിന്‍വലിക്കണമെന്ന കര്‍ഷകരുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഇന്നലെ വീണ്ടും കത്തയച്ചത്. കേസുകള്‍ പിന്‍വലിക്കുന്ന നടപടികള്‍ ആരംഭിച്ചതായും കേന്ദ്രം അറിയിച്ചു. താങ്ങുവില നിയമപരമായി ഉറപ്പാക്കാന്‍ തയാറാണെന്നുകൂടി കൂട്ടിച്ചേര്‍ത്തതോടെ ഫലത്തില്‍ കര്‍ഷകരുടെ എല്ലാ ആവശ്യങ്ങള്‍ക്കും കേന്ദ്രം വഴങ്ങി.

കര്‍ഷക സംഘടനകള്‍ വ്യാഴാഴ്ച വൈകിട്ട് 5:30 ന് വിജയ പ്രാര്‍ത്ഥന നടത്തും. ഡിസംബര്‍ 11 ന് രാവിലെ 9 മണിയോടെ ഡല്‍ഹിയുടെ അതിര്‍ത്തികളായ സിംഘുവിലും തിക്രിയിലുമുള്ള സമര കേന്ദ്രങ്ങളില്‍ വിജയ മാര്‍ച്ചും ആസൂത്രണം ചെയ്തിട്ടുണ്ടെന്ന് കര്‍ഷക സംഘടനാ വൃത്തങ്ങള്‍ അറിയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com