സമ്പൂര്‍ണ വാക്‌സിനേഷനില്‍ ഇന്ത്യ 17-ാം സ്ഥാനത്ത്, 13.3 കോടി പേര്‍ക്ക് ഇനിയും ആദ്യ ഡോസ് കിട്ടിയില്ല: കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th December 2021 04:57 PM  |  

Last Updated: 10th December 2021 04:57 PM  |   A+A-   |  

vaccination in india

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: സമ്പൂര്‍ണ വാക്‌സിനേഷനില്‍ ലോകരാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 17-ാം സ്ഥാനത്ത് എന്ന് കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍. ജനസംഖ്യാനുപാതത്തിലാണ് ഈ കണക്ക്. 13.3 കോടി ജനങ്ങള്‍ ഇനിയും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുണ്ടെന്നും കേന്ദ്ര ആരോഗ്യസഹമന്ത്രി ഭാരതി പ്രവീണ്‍ പവാര്‍ ലോക്‌സഭയില്‍ രേഖാമൂലം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

18 വയസിന് മുകളില്‍ വാക്‌സിനേഷന് അര്‍ഹതയുള്ള 93.9 കോടി ജനങ്ങളിലാണ് ഇത്രയും പേര്‍ ഇനിയും ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിക്കാനുള്ളത്. ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ച 33.6 കോടി ജനങ്ങള്‍ക്ക് ഇനി രണ്ടാമത്തെ ഡോസ് സ്വീകരിക്കാനുണ്ട്. ഇതില്‍ 17 കോടി പുരുഷന്മാര്‍ വരും. രണ്ടാമത്തെ ഡോസ് സ്വീകരിക്കാനുള്ള സ്്ത്രീകളുടെ എണ്ണം 16.4 കോടി ആണെന്നും ഭാരതി പ്രവീണ്‍ പവാര്‍ അറിയിച്ചു.

ദക്ഷിണ കൊറിയ, ജപ്പാന്‍, ഇറ്റലി, ഫ്രാന്‍സ്, യുകെ, ജര്‍മ്മനി, യുഎസ്എ, തുര്‍ക്കി, ബ്രസീല്‍, മെക്‌സിക്കോ എന്നിവയാണ് സമ്പൂര്‍ണ വാക്‌സിനേഷനില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന രാജ്യങ്ങള്‍. അഞ്ചുകോടിയിലധികം ജനസംഖ്യയുള്ള രാജ്യങ്ങളാണിവ. 

ഡിസംബര്‍ എട്ടുവരെയുള്ള കണക്കനുസരിച്ച് 53 ശതമാനം ജനങ്ങള്‍ രണ്ടു ഡോസും വാക്‌സിന്‍ സ്വീകരിച്ചു. എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും വാക്‌സിന്‍ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.