കൈക്കുഞ്ഞുമായി നിന്ന പിതാവിനെ പൊതിരെ തല്ലി പൊലീസ്, കരഞ്ഞ കുട്ടിയെ ബലം പ്രയോഗിച്ച് മാറ്റാന്‍ ശ്രമം; അന്വേഷണം- വീഡിയോ 

ഉത്തര്‍പ്രദേശില്‍ കൈക്കുഞ്ഞുമായി നിന്ന യുവാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു
കൈക്കുഞ്ഞുമായി നിന്ന പിതാവിനെ പൊതിരെ തല്ലുന്ന പൊലീസ്
കൈക്കുഞ്ഞുമായി നിന്ന പിതാവിനെ പൊതിരെ തല്ലുന്ന പൊലീസ്

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൈക്കുഞ്ഞുമായി നിന്ന പിതാവിനെ പൊലീസ് ക്രൂരമായി മര്‍ദ്ദിച്ചു. ലാത്തി ഉപയോഗിച്ച് പൊലീസുകാരന്‍ യുവാവിനെ തല്ലുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്. സംഭവം വിവാദമായതോടെ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കാന്‍പൂര്‍ സോണ്‍ എഡിജി ഉത്തരവിട്ടു.

കാന്‍പൂര്‍ ദേഹത്തിലെ ജില്ലാ ആശുപത്രിയിലാണ് സംഭവം. ലോക്കല്‍ പൊലീസിലെ ഇന്‍സ്‌പെക്ടറാണ് ഒരു ദയയുമില്ലാതെ യുവാവിനെ തല്ലിയത്. കുഞ്ഞിനെ എടുത്തുനില്‍ക്കുന്നത് ഒന്നും പരിഗണിക്കാതെയായിരുന്നു മര്‍ദ്ദനം. തല്ലുന്നത് കണ്ട് കരഞ്ഞ കുഞ്ഞിനെ യുവാവിന്റെ കൈയില്‍ നിന്ന് ബലം പ്രയോഗിച്ച് മറ്റൊരു പൊലീസുകാരന്‍  മാറ്റാന്‍ ശ്രമിക്കുന്നതും  വീഡിയോയിലുണ്ട്.

കുട്ടിയെ ഒന്നും ചെയ്യരുത് എന്ന് യുവാവ് കേണപേക്ഷിക്കുന്നുണ്ട്. യുവാവ് കടന്നുകളയാന്‍ ശ്രമിക്കുന്നു എന്ന് ആരോ പറയുന്നത് കേട്ട്, പൊലീസുകാര്‍ യുവാവിനെ പിന്തുടരുകയും കുട്ടിയെ ബലംപ്രയോഗിച്ച് മാറ്റാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. 

അമ്മയില്ലാത്ത കുട്ടിയാണ് എന്ന് പറഞ്ഞ് യുവാവ് കുഞ്ഞിന് വേണ്ടി യാചിക്കുന്നുണ്ട്. കുട്ടിയെ രക്ഷിക്കാന്‍ വേണ്ടിയാണ് അങ്ങനെ ചെയ്തതെന്നാണ് പൊലീസിന്റെ ഭാഷ്യം. ജീവനക്കാരനായ യുവാവിന്റെ സഹോദരന്‍ ആശുപത്രിയിലെ സ്ഥിരമായി പ്രശ്‌നം ഉണ്ടാക്കുന്നയാളാണ്്. പൊലീസ് ഇന്‍സ്‌പെക്ടറുടെ കൈയില്‍ യുവാവിന്റെ സഹോദരന്‍ കടിച്ചതായും പൊലീസ് പറയുന്നു. യുവാവ് തടയാന്‍ ശ്രമിച്ചപ്പോഴാണ് ലാത്തി ഉപയോഗിച്ച് തല്ലിയതെന്നാണ് പൊലീസ് പറയുന്നത്.

അതേസമയം സംഭവം വിവാദമായ പശ്ചാത്തലത്തില്‍ അടിയന്തര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ കാന്‍പൂര്‍ സോണ്‍ എഡിജി ഉത്തരവിട്ടു. പൊലീസുകാരുടെ ഭാഗത്ത് നിന്നുള്ള ഇത്തരം പെരുമാറ്റം അംഗീകരിക്കാന്‍ കഴിയില്ല. പൊതുജനങ്ങളെ ബഹുമാനിക്കണമെന്ന തുടര്‍ച്ചയായ നിര്‍ദേശം പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും എഡിജിയുടെ ഉത്തരവില്‍ പറയുന്നു. 

പ്രഥമദൃഷ്ടിയില്‍ ആശുപത്രിയിലെ ഒൗട്ട് പേഷ്യന്റ് വിഭാഗത്തിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ചില പ്രതിഷേധക്കാര്‍ ശ്രമിച്ചതായാണ് മനസിലാകുന്നത്. പൊലീസുകാരെ ആക്രമിച്ചപ്പോഴാണ് ചെറിയ തോതില്‍ ബലപ്രയോഗം നടത്തിയത്. ഇതൊന്നും യുവാവിനെ മര്‍ദ്ദിച്ചതിന് ന്യായീകരണമായി കാണാന്‍ കഴിയില്ലെന്നും ഉത്തരവില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com