ജീവൻ പണയപ്പെടുത്തി അവർ ഓടിയെത്തി; നഞ്ചപ്പസത്രത്തെ ദത്തെടുക്കുന്നെന്ന് കരസേന

അപകടവിവരം ആദ്യം അറിയിച്ച 2 പേർക്കു 5000 രൂപ വീതം നൽകി
അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം/ ഫയൽ ചിത്രം
അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യം/ ഫയൽ ചിത്രം

ചെന്നൈ: കൂനൂരിൽ സൈനിക ഹെലികോപ്റ്റർ തകർന്നു അപകടമുണ്ടായപ്പോൾ ജീവൻ പണയപ്പെടുത്തിയും രക്ഷാപ്രവർത്തനം നടത്തിയ നഞ്ചപ്പസത്രം ഗ്രാമവാസികളെ ദത്തെടുക്കുന്നതായി കരസേന. അപകടവിവരം ആദ്യം അറിയിച്ച 2 പേർക്കു 5000 രൂപ വീതം നൽകി. 

നാട്ടുകാരുടെ ആരോഗ്യ പരിശോധനകൾ സൈന്യം ഏറ്റെടുക്കുമെന്ന് അറിയിച്ചു. ഇതിനായി എല്ലാ മാസവും ഡോക്ടറെയും നഴ്സിനെയും അയയ്ക്കുമെന്നും ചികിത്സയ്ക്കായി ഗ്രാമവാസികൾക്കു വെല്ലിങ്ടനിലെ സൈനിക ആശുപത്രിയിൽ എത്താമെന്നും ദക്ഷിണ ഭാരത് ഏരിയ കമാൻഡിങ് ഓഫിസർ ലഫ്. ജനറൽ എ അരുൺ അറിയിച്ചു. ഇതിനുപുറമേ ഗ്രാമവാസികൾക്ക് പുതപ്പുകൾ, സോളർ എമർജൻസി ലൈറ്റുകൾ, റേഷൻ എന്നിവ വിതരണം ചെയ്തു. 

"ഗ്രാമവാസികളാണ് അപകടസ്ഥലത്ത് ആദ്യം എത്തിയത്. തീ അണയ്ക്കാനും അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഉദ്യോഗസ്ഥരെ രക്ഷിക്കാനും ആശുപത്രിയിൽ എത്തിക്കാനും ജനങ്ങൾ മുന്നോട്ടുവന്നു" , ലഫ്. ജനറൽ എ അരുൺ പറഞ്ഞു. ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിങ് ഇപ്പോഴും ജീവിച്ചിരിക്കാൻ കാരണം ഗ്രാമത്തിലെ ജനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. പൊലീസ്, അഗ്നിരക്ഷാ ഉദ്യോഗസ്ഥർ, വനം ജീവനക്കാർ, കരസേനാ ഉദ്യോഗസ്ഥർ എന്നിവർക്കും ഉപഹാരങ്ങൾ കൈമാറി. 

നഞ്ചപ്പസത്രത്തിന്റെ പേര് സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഗ്രാമമെന്നാക്കണമെന്നാവശ്യപ്പെട്ട് ഗ്രാമവാസികൾ കേന്ദ്ര– സംസ്ഥാന സർക്കാരുകൾക്കു കത്തു നൽകി. ഹെലികോപ്റ്റർ തകർന്നു വീണിടത്തു സ്മാരകം നിർമിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com