പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്തല്‍; ബില്‍ ലോക്‌സഭയില്‍, കീറിയെറിഞ്ഞ് പ്രതിപക്ഷം

രാജ്യത്തെ പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു
സ്മൃതി ഇറാനി/എഎന്‍ഐ
സ്മൃതി ഇറാനി/എഎന്‍ഐ

ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ കുറഞ്ഞ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതിനുള്ള ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചു. വനിതാ, ശിശു വികസന മന്ത്രി സ്മൃതി ഇറാനിയാണ്, ശൈശവ വിവാഹ നിരോധന ഭേദഗതി ബില്‍, പ്രതിപക്ഷ പ്രതിഷേധത്തിനിടെ സഭയില്‍ അവതരിപ്പിച്ചത്. ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. 

എല്ലാ സമുദായങ്ങള്‍ക്കും ബാധകമാവുന്ന, നിര്‍ദേശങ്ങള്‍ അടങ്ങിയ ബില്ലിന്റെ പകര്‍പ്പ് ഉച്ചയ്ക്കു മുമ്പായാണ് അംഗങ്ങള്‍ക്കു വിതരണം ചെയ്തത്. ബില്‍ ഈ സമ്മേളനത്തില്‍ അവതരിപ്പിക്കില്ലെന്ന സൂചനകള്‍ക്കിടെ നാടകീയമായി സര്‍ക്കാര്‍ ഇന്നത്തെ അജന്‍ഡയില്‍ ഉള്‍പ്പെടുത്തുകയായിരുന്നു. 

വനിതാ ശാക്തീകരണമാണ് ബില്‍ ലക്ഷ്യമിടുന്നതെന്ന്, ബില്‍ അവതരിപ്പിച്ചുകൊണ്ട് സ്മൃതി ഇറാനി പറഞ്ഞു. പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തുവന്നപ്പോള്‍, പെണ്‍കുട്ടികളെ അപമാനിക്കരുതെന്ന് മന്ത്രി പ്രതികരിച്ചു. ബില്‍ മോദി സര്‍ക്കാര്‍ രാജ്യത്തിനു നല്‍കിയ ഉറപ്പാണെന്ന് മന്ത്രി പറഞ്ഞു.

സര്‍ക്കാരിന്റെ നീക്കം തിടുക്കപ്പെട്ടാണെന്ന കോണ്‍ഗ്രസ് അംഗങ്ങള്‍ പറഞ്ഞു. ബില്‍ ഭരണഘടനാ വിരുദ്ധമെന്ന് മുസ്ലിം ലീഗ് പ്രതികരിച്ചു. തൃണമൂല്‍ കോണ്‍ഗ്രസും ബില്ലിനെതിരെ രംഗത്തുവന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമാവുന്നതിനിടെ ബില്‍ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ട് സഭ ഇന്നത്തേക്കു പിരിഞ്ഞു.

നേരത്തെ കേന്ദ്ര മന്ത്രിസഭ ബില്ലിന് അംഗീകാരം നല്‍കിയപ്പോള്‍ തന്നെ പ്രതിപക്ഷത്തെ വിവിധ പാര്‍ട്ടികള്‍ എതിര്‍പ്പുമായി രംഗത്തുവന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com