ന്യൂഡല്‍ഹി: രാജ്യത്ത് ഒമൈക്രോണ്‍ ബാധിതരുടെ എണ്ണം ഉയരുന്നതിനിടെ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും ജാഗ്രതാനിര്‍ദേശം നല്‍കി കേന്ദ്രസര്‍ക്കാര്‍. രോഗവ്യാപനം തടയാന്‍ എല്ലാ മുന്‍കരുതല്‍ നടപടിയും സ്വീകരിക്കാനും കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു. രാജ്യത്തെ കോവിഡ് സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയത്.
ഒമൈക്രോണ്‍ ഭീഷണി നേരിടാന്‍ അഞ്ചുതലങ്ങളിലുള്ള പ്രതിരോധതന്ത്രങ്ങള്‍ സ്വീകരിക്കാനാണ് നിര്‍ദേശം. കോവിഡ് കണ്ടെയ്ന്‍മെന്റ് സോണുകളില്‍ ചുരുങ്ങിയത് 14 ദിവസം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണം. ഒമൈക്രോണിന്റെ രോഗലക്ഷണം ജലദോഷത്തിന്റേതിന് സമാനമാണെന്നും, എന്നാല്‍ പകരാനുള്ള സാധ്യത ഇരട്ടിയിലേറെയാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.
രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുക
കോവിഡ് രോഗവ്യാപനം കൂടുതലായി ഉണ്ടാകുന്ന പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്‍ര് സോണുകളായും ബഫര്‍ സോണുകളായും പ്രഖ്യാപിക്കുക. രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തുക, ആഘോഷദിനങ്ങള്‍ വരാനിരിക്കുന്നത് പരിഗണിച്ച് ആള്‍ക്കൂട്ടം ഉണ്ടാകുന്ന അവസരങ്ങള്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തുക.
കണ്ടെയ്ന്‍മെന്റ് സോണുകളില്‍ കോവിഡ് മാര്‍ഗനിര്‍ദേശപ്രകാരമുള്ള നിരീക്ഷണം ഉറപ്പാക്കുക, കോവിഡ് ക്ലസ്റ്റര്‍ മേഖലകളില്‍ സ്രവസാംപിളുകള്‍ കാലതാമസം കൂടാതെ തന്നെ ജനിതകശ്രേണീകരണ പരിശോധനയ്ക്കായി ഐഎന്‍എസ്എസിഒജി ലാബില്‍ പരിശോധനയ്ക്ക് അയക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടു.
ക്ലസ്റ്ററുകള്‍ കർശനമായി നിരീക്ഷിക്കണം
പൂര്‍ണ വാക്‌സിനേഷന്‍ ഒമൈക്രോണ്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളും ആശുപത്രി വാസവും തടയുന്നു. അതിനാല്‍ എല്ലാവര്‍ക്കും വാക്‌സിന്‍ നല്‍കുന്ന പ്രവര്‍ത്തനം ത്വരിതപ്പെടുത്തണം. ജില്ലാ അടിസ്ഥാനത്തില്‍ കോവിഡ് കേസുകള്‍ കര്‍ശനമായി നിരീക്ഷിക്കണമെന്നും, രോഗവ്യാപനത്തോത്, പുതിയ ക്ലസ്റ്ററുകള്‍ രൂപകൊള്ളുന്നത് ഇതെല്ലാം കര്‍ശനമായി നിരീക്ഷിക്കണമെന്നും, ആവശ്യമെങ്കില്‍ പ്രാദേശികമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും കേന്ദ്ര സംസ്ഥാനങ്ങള്‍ക്കയച്ച നിര്‍ദേശത്തില്‍ പറയുന്നു.
കര്‍ണാടകയില്‍ 12 പേര്‍ക്ക് കൂടി ഒമൈക്രകോണ്‍ സ്ഥിരീകരിച്ചതോടെ, രാജ്യത്ത് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 300 ന് അടുത്തെത്തി. കേരളത്തില്‍ അഞ്ചുപേര്‍ക്കാണ് പുതുതായി രോഗബാധ കണ്ടെത്തിയത്. തമിഴ്‌നാട്ടില്‍ 33 പേര്‍ക്കും പുതുതായി ഒമൈക്രോണ്‍ സ്ഥിരീകരിച്ചിരുന്നു. രാജ്യത്തെ 15 സംസ്ഥാനങ്ങളിലും ഏതാനും കേന്ദ്രഭരണപ്രദേശങ്ങളിലും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates