അഞ്ചുവയസുകാരിയെ പീഡിപ്പിച്ച് കൊന്നു, ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി; ജഡ്ജിക്ക് നേരെ ചെരിപ്പ് വലിച്ചെറിഞ്ഞ് പ്രതിയുടെ പ്രകോപനം

ഗുജറാത്തില്‍ ജഡ്ജിക്ക് നേരെ ചെരിപ്പ് വലിച്ചെറിഞ്ഞ് പ്രതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: ഗുജറാത്തില്‍ ജഡ്ജിക്ക് നേരെ ചെരിപ്പ് വലിച്ചെറിഞ്ഞ് പ്രതി. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത ശേഷം കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ കേസില്‍ ജീവപര്യന്തം തടവുശിക്ഷയ്ക്ക് വിധിച്ചതിന് പിന്നാലെയാണ് പ്രകോപിതനായ 27കാരന്‍ ജഡ്ജിയെ ആക്രമിക്കാന്‍ തുനിഞ്ഞത്. യുവാവ് വലിച്ചെറിഞ്ഞ ചെരിപ്പ് ജഡ്ജിയുടെ തൊട്ടരികില്‍ വന്നാണ് വീണത്. 

സൂറത്ത് ജില്ലാ കോടതിയില്‍ ബുധനാഴ്ചയാണ് സംഭവം.  അഞ്ചു വയസുകാരിയെ പീഡിപ്പിച്ച ശേഷം 27കാരന്‍ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി എന്നതാണ് കേസ്. ഏപ്രില്‍ 30നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചോക്കലേറ്റ് വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച ശേഷം പെണ്‍കുട്ടിയെ ഒറ്റപ്പെട്ട സ്ഥലത്തേയ്ക്ക് കൂട്ടി കൊണ്ടുപോയി യുവാവ് പീഡിപ്പിക്കുകയായിരുന്നു. പിടിക്കപ്പെടുമെന്ന പേടിയില്‍ കുട്ടിയെ കഴുത്തുഞെരിച്ച് കൊന്നു എന്നാണ് പ്രോസിക്യൂഷന്‍ വാദം. പോക്‌സോ അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ച് ഹസാരിയ പൊലീസാണ് യുവാവിനെ പിടികൂടിയത്. 

29 സാക്ഷികളെ വിസ്തരിച്ചതിന്റെ അടിസ്ഥാനത്തിലാണ് കോടതി കടുത്ത ശിക്ഷ വിധിച്ചത്. 53 തെളിവുകളാണ്  കോടതി പരിഗണിച്ചത്.ജീവപര്യന്തം ശിക്ഷയ്ക്ക് പുറമേ കുട്ടിയുടെ കുടുംബത്തിന് നഷ്ടപരിഹാരമായി 20 ലക്ഷം രൂപ നല്‍കാനും ഉത്തരവിട്ടു. ഇതിന് പിന്നാലെയാണ് പോക്‌സോ കോടതി ജഡ്ജി പി എസ് കലയ്ക്ക് നേരെ യുവാവിന്റെ പ്രകോപനം. തന്നെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നുവെന്ന് ആരോപിച്ചായിരുന്നു യുവാവിന്റെ രോഷപ്രകടനം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com