കോടികളുടെ കാറില്‍ കുതിക്കുന്ന 'ഫക്കീര്‍'; പ്രധാനമന്ത്രിക്ക് പുതിയ കാര്‍ വാങ്ങിയതിനെ രൂക്ഷമായി വിമര്‍ശിച്ച് കോണ്‍ഗ്രസ്

കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് ആഡംബരക്കാറും മറ്റും വാങ്ങി ധൂര്‍ത്തടിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് കുറ്റപ്പെടുത്തി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പ്രധാനമന്ത്രിക്ക് സഞ്ചരിക്കാനായി പുതിയ കാര്‍ വാങ്ങിയതിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ്. കോവിഡ് മഹാമാരിയെത്തുടര്‍ന്ന് രാജ്യം സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോള്‍ ചെലവു ചുരുക്കുന്നതിനു പകരം കേന്ദ്രസര്‍ക്കാര്‍ പ്രധാനമന്ത്രിക്ക് ആഡംബരക്കാറും മറ്റും വാങ്ങി ധൂര്‍ത്തടിക്കുകയാണെന്ന് കോണ്‍ഗ്രസ് വക്താവ് ഗൗരവ് വല്ലഭ് കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി സ്വയം 'ഫക്കീര്‍' എന്നാണ് വിശേഷിപ്പിക്കുന്നത്. 8000 കോടിയുടെ വിമാനത്തില്‍ പറക്കുകയും കോടികളുടെ കാറില്‍ കുതിക്കുകയും 2000 കോടിയുടെ വീടു പണിയുകയും ചെയ്യുന്ന മോദിയെപ്പോലൊരു ഫക്കീറാകാന്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും താത്പര്യമുണ്ടാകുമെന്ന് കോണ്‍ഗ്രസ് വക്താവ് പറഞ്ഞു.

പ്രധാനമന്ത്രി മുന്നോട്ടുവെക്കുന്ന മേക്ക് ഇന്‍ ഇന്ത്യ മുദ്രാവാക്യത്തെയും കോണ്‍ഗ്രസ് വക്താവ് പരിഹസിച്ചു. മേയ്ക്ക് ഇന്‍ ഇന്ത്യ പ്രോജക്ട് വെറും മുദ്രാവാക്യം മാത്രമാണ്. അല്ലെങ്കില്‍ എന്തുകൊണ്ട് ഇന്ത്യയില്‍ നിര്‍മ്മിച്ച കാര്‍ പ്രധാനമന്ത്രി ഉപയോഗിക്കുന്നില്ല. എന്തിനാണ് കോടികല്‍ ചെലവിച്ച് വിദേശത്തുനിന്നും പുതിയ കാര്‍ വാങ്ങിയെന്ന് ഗൗരവ് വല്ലഭ് ചോദിച്ചു. 

വെടിയേറ്റാലും ഓടിക്കാവുന്ന ടയറുകള്‍

മെഴ്‌സിഡീസിന്റെ കസ്റ്റമൈസ്ഡ് കാറായ മയ്ബാ എസ് 650 ആണ് പ്രധാനമന്ത്രിക്കായി വാങ്ങിയത്. വെടിയുണ്ടകളെയും സ്‌ഫോടനങ്ങളെയും അതിജീവിക്കാനുള്ള ക്രമീകരണങ്ങള്‍ കാറിലുണ്ട്. വെടിയേറ്റാലും ഓടിക്കാവുന്ന ടയറുകള്‍, വെടിയേല്‍ക്കാത്ത ഇന്ധന ടാങ്ക് തുടങ്ങിയ സജ്ജീകരണങ്ങളുമുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

അതീവ സുരക്ഷാ സൗകര്യങ്ങളുള്ള കാറിന്റെ വില 12 കോടി രൂപയെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പുതിയ മെഴ്‌സിഡസ് മെയ്ബാ എസ്. 650 കാര്‍ വാങ്ങിയത് പതിവു സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗം മാത്രമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ വിശദീകരിക്കുന്നത്. എസ്പിജിയാണ് ഇക്കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും അധികൃതർ അറിയിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com