രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തി; പട്ടികയില്‍ കൂടുതല്‍ പേര്‍, വിവരങ്ങള്‍ പുറത്ത് 

പെഗാസസ് വിവാദം പുകയുന്നതിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്
രാഹുല്‍ ഗാന്ധി /ഫയല്‍ ചിത്രം
രാഹുല്‍ ഗാന്ധി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: പെഗാസസ് വിവാദം പുകയുന്നതിനിടെ, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഫോണും ചോര്‍ത്തിയതായി റിപ്പോര്‍ട്ട്. രാഹുല്‍ ഗാന്ധിയുടെ രണ്ടു ഫോണുകളാണ് ചോര്‍ത്തലിന് വിധേയമായതെന്ന് വാര്‍ത്താ പോര്‍ട്ടലായ ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. രാഹുല്‍ ഗാന്ധിക്ക് പുറമേ അദ്ദേഹത്തിന്റെ അഞ്ചു സുഹൃത്തുക്കളുടെ ഫോണുകളും ചോര്‍ത്തലിന് വിധേയമായിട്ടുണ്ട്. രാഷ്ട്രീയവുമായി യാതൊരുവിധ ബന്ധവുമില്ലാത്തവരാണ് ഈ അഞ്ചുപേര്‍.

ഇസ്രായേല്‍ ചാര സോഫ്റ്റ് വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ മന്ത്രിമാരും ജഡ്ജിമാരും അടക്കമുള്ളവരുടെ ഫോണുകള്‍ ചോര്‍ത്തിയതായി ആദ്യം സൂചന പുറത്തുവിട്ടത് സുബ്രഹ്മണ്യന്‍ സ്വാമിയാണ്. വിവിധ തലങ്ങളില്‍ പ്രമുഖരായ 300 പേരുടെ ഫോണുകള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. ഈ പട്ടികയില്‍ രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടുന്നു എന്നതാണ് പുതിയ വെളിപ്പെടുത്തല്‍. 

2018 മുതലാണ് രാഹുലിന്റെ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയത്. രാഹുലിന്റെ ഫോണ്‍ ചോര്‍ത്താന്‍ തുടങ്ങിയ സമയത്ത് രാഹുല്‍ മൊബൈല്‍ കാര്യമായി ഉപയോഗിച്ചിരുന്നില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന സമയത്താണ് ഫോണ്‍ ചോര്‍്ത്താന്‍ പരിപാടിയിട്ടിരുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ ഗാന്ധിക്ക് പുറമേ തൃണ്‍മൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജിയുടെ ബന്ധു അഭിഷേക് ബാനര്‍ജി, പ്രശാന്ത് കിഷോര്‍, കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ് തുടങ്ങിയവരുടെ പേരുകളും പട്ടികയില്‍ ഉള്‍പ്പെടുന്നു. പ്രഹ്ലാദ് പട്ടേല്‍ ആണ് ഫോണ്‍ ചോര്‍ത്തലിന് വിധേയനായ മറ്റൊരു കേന്ദ്രമന്ത്രി. അടുത്തിടെ നടന്ന മന്ത്രിസഭ പുനഃസംഘടനയിലാണ് അശ്വിനി വൈഷ്ണവ് മന്ത്രിയായത്. 2018ലും 2019ലും എംപിയായിരുന്ന സമയത്താണ് ഇദ്ദേഹത്തിന്റെ ഫോണ്‍ ചോര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com