കള്ളപ്പണം വെളുപ്പിക്കൽ: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് അറസ്റ്റിൽ 

12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് അറസ്റ്റ്
അനിൽ ദേശ്മുഖ് /എഎൻഐ
അനിൽ ദേശ്മുഖ് /എഎൻഐ

മുംബൈ: മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) അറസ്റ്റ് ചെയ്തു. സാമ്പത്തിക ഇടപാട് കേസിൽ 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലുകൾക്ക് ഒടുവിലാണ് അറസ്റ്റ്. ആഭ്യന്തര മന്ത്രിയായിരിക്കെ പൊലീസുകാരെ ഉപയോഗിച്ച് പണപിരിവ് നടത്തി 100 കോടി രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് അറസ്റ്റ്. ഇന്ന് അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. 

കേസിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് പലതവണ ഇഡി നോട്ടീസ് അയച്ചിരുന്നെങ്കിലും അനിൽ ദേശ്‌മുഖ് ഹാജരായിരുന്നില്ല. ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനെതിരെ ദേശ്‌മുഖ് നൽകിയ ഹർജി കഴിഞ്ഞ ആഴ്ച ബോംബെ ഹൈക്കോടതി തള്ളിയിരുന്നു. ഇതിനുപിന്നാലെയാണ് ദേശ്മുഖ് ചോദ്യം ചെയ്യലിന് ഹാജരായത്. 

ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി നേതാവാണ് അനിൽ ദേശ്‌മുഖ്. പൊലീസുകാരെ ഉപയോഗിച്ച് ഇയാൾ വ്യവസായികളെ ഭീഷണിപ്പെടുത്തി എല്ലാ മാസവും നൂറ് കോടി രൂപ പിരിക്കാൻ ശ്രമിച്ചെന്ന മുൻ ബോംബെ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ വെളിപ്പെടുത്തലോടെയാണ് കേസിന്റെ തുടക്കം. കേസിൽ ദേശ്‌മുഖിന്റെ പേഴ്സനൽ സെക്രട്ടറി സഞ്ജീവ് പലാൻഡെ, പേഴ്സനൽ അസിസ്റ്റന്റ് കുന്ദൻ ഷിൻഡെ എന്നിവരെ ജൂണിൽ അറസ്റ്റുചെയ്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com