ഫ്ലാറ്റിലെ ബാൽക്കണിയിൽ തുണി ഉണക്കാൻ ഇടരുത്! മോദി വരുന്നു

ഫ്ലാറ്റിലെ ബാൽക്കണിയിൽ തുണി ഉണക്കാൻ ഇടരുത്! മോദി വരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലഖ്‌നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനം കണക്കിലെടുത്ത് ലഖനൗവിലെ ഫ്ലാറ്റുകളിൽ താമസിക്കുന്നവർ തങ്ങളുടെ തുണി ബൽക്കണികളിൽ ഉണക്കാൻ ഇടരുതെന്ന് നിർദ്ദേശം. ലഖ്‌നൗ ഗോമതി നഗർ എക്‌സ്റ്റൻഷൻ പ്രദേശത്തെ ഉയർന്ന കെട്ടിടസമുച്ചയത്തിലെ താമസക്കാർക്കാണ് പൊലീസിന്റെ നിർദ്ദേശം. 

രണ്ട് ദിവസത്തെ സന്ദർശനത്തിനായാണ് പ്രധാനമന്ത്രി യുപിയിൽ എത്തുന്നത്. യുപി പൊലീസ് ആസ്ഥാനമായ സിഗ്നേച്ചർ ബിൽഡിങ്ങിൽ നടക്കുന്ന ഡിജിപിമാരുടെ ഓൾ ഇന്ത്യ കോൺഫറൻസിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി എത്തുന്നത്. സിഗ്നേച്ചർ ബിൽഡിങ്ങിന് തൊട്ടടുത്തുള്ള സരസ്വതി അപ്പാർട്ടുമെന്റിലെ താമസക്കാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഗോമതി നഗർ ഇൻസ്‌പെക്ടർ ഇൻ ചാർജ് പ്രശാന്ത് കുമാർ മിശ്ര നിർദ്ദേശിച്ചിട്ടുണ്ട്.

കോൺഫറൻസ് വെള്ളിയാഴ്ചയാണ് തുടങ്ങുന്നത്. ശനി, ഞായർ ദിവസങ്ങളിൽ പ്രധാനമന്ത്രി കോൺഫറൻസിൽ പങ്കെടുക്കും. ഈ സാഹചര്യത്തിൽ വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ ഉയർന്ന കെട്ടിടങ്ങളിലെ താമസക്കാർ ബാൽക്കണികളിൽ തുണി ഉണക്കാനിടരുതെന്നാണ് പൊലീസിന്റെ നിർദ്ദേശം. ഫ്‌ളാറ്റുകളിൽ താമസിക്കുന്ന കുടുംബങ്ങളിൽ ഏതെങ്കിലും അതിഥികൾ എത്തിയാൽ ഇക്കാര്യം അവരുടെയും ശ്രദ്ധയിൽപ്പെടുത്തണമെന്നും പൊലീസ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.

ഡിജിപിമാരുടെ 56-ാമത് കോൺഫറൻസാണ് ലഖ്‌നൗവിൽ നടക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഉദ്ഘാടനം നിർവഹിക്കും. കോൺഫറൻസ് യുപിയിൽ നടക്കുന്നതും ഒരു സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ചേരുന്നതും ആദ്യമായാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച കോൺഫറൻസിനെ അഭിസംബോധന ചെയ്യും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ, ഇന്റലിജൻസ് ബ്യൂറോ തലവൻ അർവിന്ദ് കുമാർ, റോ മേധാവി സാമന്ത് ഗോയൽ തുടങ്ങിയവർ കോൺഫറൻസിൽ പങ്കെടുക്കുന്നുണ്ട്.

വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഡിജിപിമാർ, കേന്ദ്ര പോലീസ് സേനകളുടെയും സായുധ പൊലീസിന്റെയും തലവന്മാർ എന്നിവർ കോൺഫറൻസിൽ നേരിട്ട് പങ്കെടുക്കും. രാജ്യസുരക്ഷ, സൈബർ സുരക്ഷ എന്നിവ സംബന്ധിച്ച വിഷയങ്ങളാവും കോൺഫറൻസ് പ്രധാനമായും ചർച്ച ചെയ്യുക. 

വെള്ളിയാഴ്ച മുതൽ ഞായറാഴ്ച വരെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ലഖ്‌നൗവിൽ ഉണ്ടാകും. രാത്രിയോടെ എത്തുന്ന പ്രധാനമന്ത്രി മോദിയെ അമിത് ഷായും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ചേർന്ന് സ്വീകരിക്കും. തുടർന്ന് അദ്ദേഹം രാജ്ഭവനിലേക്ക് പോകും. വെള്ളിയാഴ്ച രാത്രി പൊലീസ് മേധാവികളുടെ അത്താഴവിരുന്നിൽ കേന്ദ്ര മന്ത്രിമാർ പങ്കെടുക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com