കന്നുകാലി മോഷണം പതിവ്; ബൈക്കിൽ പിന്തുടർന്ന് തടയാൻ ശ്രമം; പൊലീസുകാരന് ശരീരം മുഴുവൻ വെട്ടേറ്റു; അരും കൊല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st November 2021 12:39 PM  |  

Last Updated: 21st November 2021 12:39 PM  |   A+A-   |  

boominathan1

മരിച്ച എസ്ഐ ഭൂമിനാഥൻ

 

ചെന്നൈ: കന്നുകാലി മോഷണം തടയാൻ ശ്രമിച്ച പൊലീസുകാരനെ വെട്ടിക്കൊന്നു. തമിഴ്‌നാട്ടിലെ തിരുച്ചിയിലാണ് ഞെട്ടിക്കുന്ന കൊലപാതകം അരങ്ങേറിയത്. തിരുച്ചി നവൽപ്പെട്ട് പൊലീസ് സ്‌റ്റേഷനിലെ എസ്ഐ ഭൂമിനാഥനാണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയായിരുന്നു ദാരുണമായ സംഭവം. 

നവൽപ്പെട്ട് പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കന്നുകാലികളെയും ആടുകളെയും മോഷ്ടിച്ച് കടത്തിക്കൊണ്ടുപോകുന്നത് പതിവാണ്. ഞായറാഴ്ച പുലർച്ചെ പട്രോളിങ് നടത്തുകയായിരുന്ന എസ്ഐ ബൈക്കിൽ ചിലർ ആടിനെ കടത്തിക്കൊണ്ടു പോകുന്നത് കണ്ടു. തുടർന്ന് എസ്ഐ ഇവരെ ബൈക്കിൽ പിന്തുടർന്നു. 

എന്നാൽ പള്ളത്തുപള്ളി ഗ്രാമത്തിലെത്തിയപ്പോൾ മോഷ്ടാക്കൾ പൊലീസുകാരനെ ആക്രമിക്കുകയും വെട്ടിക്കൊല്ലുകയുമായിരുന്നു. ശരീരമാകെ വെട്ടിപരിക്കേൽപ്പിച്ച് മരണം ഉറപ്പു വരുത്തിയ ശേഷം സമീപത്തെ റെയിൽവേ ഗേറ്റിനരികെ മൃതദേഹം ഉപേക്ഷിച്ചു. രാവിലെ ഇതുവഴിയെത്തിയ നാട്ടുകാരാണ് എസ്ഐയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പിന്നാലെ പൊലീസിൽ വിവരം നൽകി. 

സംഭവത്തിൽ പ്രതികളെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. സമീപവാസികൾ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചതായി അധികൃതർ വ്യക്തമാക്കി.