പെട്രോള്‍ ഡീസല്‍ വില ഇനിയും കുറയും; നിര്‍ണായക നീക്കവുമായി കേന്ദ്രം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd November 2021 07:13 PM  |  

Last Updated: 23rd November 2021 07:13 PM  |   A+A-   |  

Petrol, diesel price

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: വില കുറയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടികളുടെ പ്രതിഷേധം തുടരുന്നതിനിടെ, ഇന്ധനവില കുറയ്ക്കാന്‍ സുപ്രധാനനീക്കവുമായി കേന്ദ്രസര്‍ക്കാര്‍. കരുതല്‍ ശേഖരത്തില്‍ നിന്ന് 50 ലക്ഷം ബാരല്‍ വിപണിയിലിറക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. തീരുമാനം നടപ്പായാല്‍ വരുംദിവസങ്ങളില്‍ പെട്രോളിന്റേയും ഡീസലിന്റേയും വില കുറയുമെന്നാണ് സൂചന.

ഇന്ധനവില വര്‍ധനയ്‌ക്കെതിരെ പ്രതിപക്ഷ പാര്‍ട്ടികളുടെ ര്ാജ്യവ്യാപകമായ പ്രതിഷേധം തുടരുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ നീക്കം. കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരിയുടെ നേതൃത്വത്തില്‍ നടന്ന ഉന്നതതലയോഗത്തില്‍ ഇതുസംബന്ധിച്ച് തീരുമാനം ഉണ്ടായതായാണ് റിപ്പോര്‍ട്ടുകള്‍. തന്ത്രപ്രധാനമായ കരുതല്‍ ശേഖരത്തില്‍ നിന്ന് 50 ലക്ഷം ബാരല്‍ വിപണിയിലിറക്കാനാണ് തീരുമാനിച്ചത്. 

അമേരിക്ക, ജപ്പാന്‍, ചൈന, ദക്ഷിണ കൊറിയ എന്നി പ്രമുഖ എണ്ണ ഉപഭോഗ രാജ്യങ്ങളുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇത് നടപ്പാക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവര്‍ നടപ്പാക്കുന്നതിന് സമാനമായി ഇന്ത്യയിലും എണ്ണ കരുതല്‍ ശേഖരം വിപണിയില്‍ എത്തിക്കാനാണ് രാജ്യം ലക്ഷ്യമിടുന്നത്.