ഒരു കിലോ തക്കാളി നൽകിയാൽ ചിക്കൻ ബിരിയാണി ഫ്രീ! കിടിലൻ ഓഫർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 07:33 PM  |  

Last Updated: 25th November 2021 07:33 PM  |   A+A-   |  

tomato1

പ്രതീകാത്മക ചിത്രം

 

ചെന്നൈ: തക്കാളി കൊണ്ടു വരുന്നവർക്ക് ചിക്കൻ ബിരിയാണി സൗജന്യമായി നൽകാമെന്ന ഓഫറുമായി ഒരു ഹോട്ടൽ. തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയിലെ സൊത്തുപ്പാക്കത്തുള്ള ഒരു ഹോട്ടലാണു തക്കാളിക്കു പകരം ബിരിയാണി എന്ന കിടിലൻ ഓഫറുമായി എത്തിയത്.

ഒരു കിലോ തക്കാളിയുമായി എത്തുന്നവർക്കാണ് ഒരു ചിക്കൻ ബിരിയാണി സൗജന്യമായി നൽകുന്നത്. രണ്ട് ചിക്കൻ ബിരിയാണി വാങ്ങിയാൽ അരക്കിലോ തക്കാളി അങ്ങോട്ടു നൽകുമെന്നും വാഗ്ദാനമുണ്ടായിരുന്നു.  

തക്കാളി വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് ആമ്പൂർ ബിരിയാണി കട ഓഫർ പ്രഖ്യാപിച്ചത്. രാവിലെ മുതൽ കടയ്ക്കു മുൻപിൽ ആളുകളുടെ നീണ്ട നിരയായിരുന്നു. രാവിലെ 11 മുതൽ വൈകിട്ട് മൂന്ന് വരെയായിരുന്നു ഓഫർ കച്ചവടം.

രണ്ട് ബിരിയാണി വാങ്ങി, സൗജന്യ തക്കാളിയുമായി പോയവരാണ് കൂടുതൽ. കടയിൽ 80 രൂപയാണ് ഒരു ബിരിയാണിയുടെ വില. അതേസമയം, തമിഴ്നാട്ടിൽ കിലോയ്ക്കു 140 രൂപ വരെയാണ് തക്കാളിയുടെ വില. വിലക്കയറ്റം നിയന്ത്രിക്കാത്തതിനെ തുടർന്നുള്ള പ്രതിഷേധമാണ് ഓഫർ കച്ചവടത്തിലൂടെ ലക്ഷ്യമിട്ടതെന്ന് ഉടമ പറഞ്ഞു.