കാര്‍ മോഷ്ടിക്കാന്‍ തലയ്ക്ക് കല്ലെറിഞ്ഞ് കൊന്നു, നാലുമാസത്തിന് ശേഷം അസ്ഥികൂടം കണ്ടെത്തി; ക്യാബ് ഡ്രൈവറുടെ തിരോധാനത്തില്‍ നിര്‍ണായക വഴിത്തിരിവ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 10:33 AM  |  

Last Updated: 25th November 2021 10:33 AM  |   A+A-   |  

crime news

ഫയല്‍ ചിത്രം

 

റാഞ്ചി: ഝാര്‍ഖണ്ഡില്‍ നാലുമാസം മുന്‍പ് കാണാതായ ക്യാബ് ഡ്രൈവര്‍ കൊല്ലപ്പെട്ടതായി പൊലീസ്. ക്യാബ് ഡ്രൈവറുടേത് എന്ന് സംശയിക്കുന്ന അസ്ഥികൂടം പൊലീസ് കണ്ടെത്തി. കേസില്‍ പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ക്യാബ് ഡ്രൈവര്‍ കൊല്ലപ്പെട്ടു എന്ന നിഗമനത്തില്‍ പൊലീസ് എത്തിയത്.  സെറൈകെല-ഖര്‍സവന്‍ ജില്ലയിലെ കാട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഓഗസ്റ്റ് രണ്ടിന് ക്യാബ് ഡ്രൈവര്‍ രാഹുല്‍ ശ്രീവാസ്തവയെ കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. പുറത്തേയ്ക്ക് പോയ 22കാരന്‍ വീട്ടില്‍ തിരിച്ചെത്തിയില്ല എന്നാണ് പരാതിയില്‍ പറയുന്നത്. ബന്ധുക്കളുടെ പരാതിയില്‍ തട്ടിക്കൊണ്ടുപോകല്‍ വകുപ്പ് അനുസരിച്ച് അജ്ഞാതര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് പ്രതികള്‍ കുടുങ്ങിയത്. 

സുധീര്‍ കുമാര്‍ ശര്‍മ്മ ഉള്‍പ്പെടെ രണ്ടുപേരെയാണ് പൊലീസ് പിടികൂടിയത്.  ശ്രീവാസ്തവ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണ്‍ സുധീര്‍കുമാറിന്റെ പക്കലില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. ചോദ്യം ചെയ്യലില്‍ ക്യാബ് ഡ്രൈവറുടെ കൊലപാതകത്തില്‍ പ്രതികള്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. കാര്‍ മോഷ്ടിക്കുന്നതിന് ശ്രീവാസ്തവയെ ഇരുവരും കല്ലെറിഞ്ഞ് കൊല്ലുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

തുടര്‍ന്ന് മൃതദേഹം കാട്ടില്‍ ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ഇവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ശ്രീവാസ്തവയുടെ മൃതദേഹം കണ്ടെത്തിയത്. വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ ഇത് ശ്രീവാസ്തവയുടേത് തന്നെയെന്ന നിഗമനത്തില്‍ എത്താന്‍ സാധിക്കുകയുള്ളൂവെന്ന് പൊലീസ് പറഞ്ഞു.