ഉച്ചയ്ക്ക് ഉറങ്ങിയതിന് ക്രൂരമര്‍ദ്ദനം; ഭര്‍ത്താവിനും വീട്ടുകാര്‍ക്കുമെതിരെ പരാതിയുമായി യുവതി പൊലീസ് സ്റ്റേഷനില്‍ 

ഉച്ചയുറക്കത്തിന്റെ പേരില്‍ 24കാരിയെ ഭര്‍ത്താവും ബന്ധുക്കളും മര്‍ദ്ദിച്ചതായി പരാതി
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

അഹമ്മദാബാദ്: ഉച്ചയുറക്കത്തിന്റെ പേരില്‍ 24കാരിയെ ഭര്‍ത്താവും ബന്ധുക്കളും മര്‍ദ്ദിച്ചതായി പരാതി. ആണ്‍കുട്ടിയെ പ്രസവിച്ചില്ല എന്ന പേരിലും തന്നെ ഭര്‍തൃവീട്ടുകാര്‍ ഉപദ്രവിച്ചതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ഫെബ്രുവരിയില്‍ ഭര്‍ത്താവ് ഉപേക്ഷിച്ചതിനെ തുടര്‍ന്നാണ് ഗാര്‍ഹിക പീഡന നിരോധന നിയമം അനുസരിച്ച് യുവതി നിയമസഹായം തേടിയത്.

അഹമ്മദാബാദിലെ ഷാഹിബാഗിലാണ് സംഭവം. പകല്‍ സമയം ഉറങ്ങുന്നതിന്റെ പേരിലായിരുന്നു ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും പീഡനം നേരിടേണ്ടി വന്നതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. തുടക്കത്തില്‍ ഉച്ചയുറക്കത്തില്‍ എതിര്‍പ്പ് പ്രകടിപ്പിക്കുക മാത്രമാണ് ഉണ്ടായിരുന്നത്. എന്നാല്‍ പിന്നീട് തന്നെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം മര്‍ദ്ദിക്കാന്‍ തുടങ്ങിയതായി പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

2016ലായിരുന്നു യുവതിയുടെ കല്യാണം. അതിരാവിലെ എഴുന്നേല്‍ക്കുന്നത് കൊണ്ട് ഉച്ചയ്ക്ക് ഉറങ്ങാതിരിക്കാന്‍ തന്റെ ആരോഗ്യസ്ഥിതി അനുവദിക്കുന്നില്ല. എന്നാല്‍ ഉച്ചയുറക്കത്തില്‍ തുടക്കത്തില്‍ വീട്ടുകാര്‍ എതിര്‍പ്പ് പ്രകടിപ്പിച്ചു. പിന്നീട് ഇത് മര്‍ദ്ദനത്തില്‍ കലാശിച്ചെന്നാണ് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നത്.

ആദ്യം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയപ്പോള്‍ ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഒത്തുതീര്‍പ്പിന് തയ്യാറായതോടെ പ്രശ്‌നം പരിഹരിക്കപ്പെട്ടു. എന്നാലും കാര്യങ്ങള്‍ പഴയപടിയായതായി 24കാരി ആരോപിക്കുന്നു. താന്‍ ഗര്‍ഭിണിയായ സമയത്ത് ഒരുവിധത്തിലും ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും സഹായിച്ചില്ല. പ്രസവത്തിനായി സ്വന്തം വീട്ടില്‍ കൊണ്ടുവിടുന്നതില്‍ പോലും സഹായിച്ചില്ലെന്നും പരാതിയില്‍ പറയുന്നു.

2017ല്‍ പെണ്‍കുട്ടിയെ പ്രസവിച്ചു. പിന്നീട് ആണ്‍കുട്ടിക്ക് ജന്മം നല്‍കിയില്ല എന്ന പേരിലും ഉപദ്രവം തുടര്‍ന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഭര്‍ത്താവ് തന്നെ ഉപേക്ഷിച്ചു. സമുദായ നേതാക്കള്‍ ഇടപെട്ട് പ്രശ്‌നം തീര്‍ക്കാന്‍ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടര്‍ന്ന് യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com