മന്‍മോഹന്‍ സിങ്ങിനെ കാണാന്‍ ഫോട്ടോഗ്രാഫറേയും കൂട്ടി കേന്ദ്ര ആരോഗ്യ മന്ത്രി; കാഴ്ചമൃഗങ്ങളല്ലെന്ന് മകള്‍

ഫോട്ടോ​ഗ്രാഫർ പുറത്ത് പോകാൻ കൂട്ടാക്കത്തതിൽ അമ്മ ദുഃഖിതയാണെന്നു മൻമോഹന്റെ മകൾ ധമൻദീപ് സിങ് പറഞ്ഞു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡൽഹി: എയിംസിൽ ചികിത്സയിൽ കഴിയുന്ന മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനെ കാണാൻ കേന്ദ്ര ആരോ​ഗ്യ മന്ത്രി ഫോട്ടോ​ഗ്രാഫറെ കൂട്ടി എത്തിയത് വിവാദത്തിൽ. മൻമോഹൻ സിങ്ങിന്റെ ആരോ​ഗ്യനിലയെ കുറിച്ച് അന്വേഷിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ എത്തിയപ്പോൾ വീട്ടുകാരുടെ എതിർപ്പു കൂട്ടാക്കാതെ മന്ത്രിക്കൊപ്പം ഫോട്ടോഗ്രഫറും മൻമോഹൻ സിങ്ങിന്റെ മുറിയിൽ കയറിയതാണ് വിവാദമാകുന്നത്.

ഫോട്ടോഗ്രഫർ പുറത്തുപോകണമെന്ന് മൻമോഹന്റെ ഭാര്യ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫോട്ടോ​ഗ്രാഫർ പുറത്ത് പോകാൻ കൂട്ടാക്കത്തതിൽ അമ്മ ദുഃഖിതയാണെന്നു മൻമോഹന്റെ മകൾ ധമൻദീപ് സിങ് പറഞ്ഞു. കാഴ്ച ബംഗ്ലാവിലെ മൃഗങ്ങളല്ല അവരെന്നു ധമൻദീപ് പറഞ്ഞു. മൻമോഹനെ സന്ദർശിക്കുന്നതിന്റെ ചിത്രങ്ങൾ മാണ്ഡവ്യ ട്വിറ്ററിൽ പങ്കുവച്ചിരുന്നു. എന്നാൽ സമൂഹമാധ്യമങ്ങളിൽ നിന്ന് വിമർശനം ഉയർന്നതോടെ പിന്നീടു പിൻവലിച്ചു. 

പനിയെ തുടർന്നുള്ള ദേഹാസ്വാസ്ഥ്യം മൂലമാണ് മൻമോഹൻ സിങ് ചികിത്സയിൽ കഴിയുന്നത്.  അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. ഹൃദ്രോഗ വിദഗ്ധൻ ഡോ. നിതീഷ് നായിക്കിന്റെ നേതൃത്വത്തിലുള്ള സംഘമാണു ചികിത്സിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com