ചപ്പുചവറില്‍ കിലുങ്ങുന്ന ശബ്ദം, 7.5 ലക്ഷം രൂപയുടെ സ്വര്‍ണനാണയം ശുചീകരണ തൊഴിലാളിക്ക്; മടക്കി നല്‍കി മാതൃക 

തമിഴ്‌നാട്ടില്‍ മാലിന്യക്കൂനയില്‍ നിന്ന് കളഞ്ഞുകിട്ടിയ 7.5 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണ നാണയം ഉടമയ്ക്ക് തിരികെ നല്‍കി ശുചീകരണ തൊഴിലാളി മാതൃകയായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: തമിഴ്‌നാട്ടില്‍ മാലിന്യക്കൂനയില്‍ നിന്ന് കളഞ്ഞുകിട്ടിയ 7.5 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണ നാണയം ഉടമയ്ക്ക് തിരികെ നല്‍കി ശുചീകരണ തൊഴിലാളി മാതൃകയായി.  പണിയെടുത്ത് സമ്പാദിച്ച പണം കൊണ്ട് വാങ്ങിയ 100 ഗ്രാം തൂക്കമുള്ള സ്വര്‍ണ നാണയം കുറിയര്‍ കമ്പനിയിലെ ജീവനക്കാരനാണ് നഷ്ടമായത്. നന്മ വറ്റിയിട്ടില്ല എന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മിപ്പിച്ച് കൊണ്ട് ശുചീകരണ തൊഴിലാളിയായ മേരിയാണ് സ്വര്‍ണനാണയം ഗണേഷ് രാമന് മടക്കിനല്‍കിയത്.

7.5 ലക്ഷം രൂപ മൂല്യം വരുന്ന സ്വര്‍ണ നാണയം

സാത്താന്‍ഗുളം പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. സ്വര്‍ണാഭരണങ്ങള്‍ പൊതിയാന്‍ ഉപയോഗിക്കുന്ന പേപ്പറില്‍ മടക്കി കട്ടിലിന്റെ അടിയിലാണ് ഗണേഷ് രാമന്‍ സ്വര്‍ണനാണയം സൂക്ഷിച്ചിരുന്നത്. ഒരു ദിവസം സ്വര്‍ണനാണയം കാണാതായി. ഭാര്യയോട് ചോദിച്ചപ്പോള്‍ മുറി വൃത്തിയാക്കി ചപ്പുചവറുകള്‍ വലിച്ചെറിഞ്ഞതായി പറഞ്ഞു. ഉടന്‍ തന്നെ ഗണേഷ് രാമന്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

സത്യസന്ധത

സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ ആരാണ് അന്ന് മാലിന്യം ശേഖരിക്കാന്‍ വന്ന ശുചീകരണ തൊഴിലാളി എന്ന് തെരഞ്ഞു. എന്നാല്‍ അന്വേഷണം നടക്കുന്നതിന് മുന്‍പ് തന്നെ ചപ്പുചറവുകളില്‍ നിന്ന് കളഞ്ഞുകിട്ടിയ സ്വര്‍ണനാണയം ശുചീകരണ തൊഴിലാളിയായ മേരി അധികാരികളെ ഏല്‍പ്പിക്കുകയായിരുന്നു.  മാലിന്യം വേര്‍തിരിക്കുന്നതിനിടെ കിലുങ്ങുന്ന ശബ്ദം കേട്ടാണ് മേരി നോക്കിയത്. കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ട സ്വര്‍ണനാണയം ഉടന്‍ തന്നെ മേരി മാനേജറെ ഏല്‍പ്പിക്കുകയായിരുന്നു. സത്യസന്ധത കാണിച്ച മേരിയെ പൊലീസ് സ്റ്റേഷനില്‍ അഭിനന്ദിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com