നരേന്ദ്രമോദി വത്തിക്കാനിൽ; മാർപാപ്പയുമായി കൂടിക്കാഴ്ച 

വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു
മോദിക്ക് വത്തിക്കാനിൽ നൽകിയ സ്വീകരണം/ പിടിഐ
മോദിക്ക് വത്തിക്കാനിൽ നൽകിയ സ്വീകരണം/ പിടിഐ

വത്തിക്കാൻ : പ്രധാനമന്ത്രി നരേന്ദ്ര മോദി വത്തിക്കാനിൽ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച നടത്തി. അപ്പോസ്തലിക് പാലസില്‍ വെച്ചാണ് മോദി പോപ്പിനെ കണ്ടത്. വിദേശകാര്യമന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ തുടങ്ങിയവർ മോദിക്കൊപ്പമുണ്ടായിരുന്നു.

കോവിഡ് അടക്കം ആഗോള വിഷയങ്ങള്‍ മാര്‍ പാപ്പയുമായി പ്രധാനമന്ത്രി ചര്‍ച്ച ചെയ്തതായാണ് റിപ്പോർട്ടുകൾ. ജി 20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി റോമിലെത്തിയത്. മാർപാപ്പയെ സന്ദർശിച്ച ശേഷം വത്തിക്കാൻ വിദേശകാര്യ സെക്രട്ടറി കർദിനാൾ പിയത്ര പരോളിൻ ഉൾപ്പെട്ട പ്രതിനിധി സംഘവുമായി മോദി കൂടിക്കാഴ്ച നടത്തും. 

ഇന്ത്യ സന്ദര്‍ശിക്കാന്‍ മാർപാപ്പയെ പ്രധാനമന്ത്രി ക്ഷണിച്ചേക്കുമെന്നാണ് കരുതുന്നത്. മാര്‍പാപ്പയുമായി പ്രത്യേക കൂടിക്കാഴ്ചയാണ് പ്രധാനമന്ത്രി നടത്തുകയെന്നും തുടര്‍ന്ന് പ്രതിനിധി തല ചര്‍ച്ചകള്‍ നടത്തുമെന്നും വിദേശകാര്യ സെക്രട്ടറി ഹര്‍ഷവര്‍ധന്‍ ശ്രിംഗ്ല കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

മാർപാപ്പയെ വത്തിക്കാനിൽ സന്ദർശിക്കുന്ന അഞ്ചാമത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാണ് മോദി. 1955 ജൂണിൽ ജവാഹർലാൽ നെഹ്റുവാണ്  
ആദ്യമായി കൂടിക്കാഴ്ച നടത്തിയത്. 1981 ൽ  ഇന്ദിര ഗാന്ധിയും, 1997 ൽ ഐ കെ ഗുജ്റാളും 2000 ൽ എ ബി വാജ്പേയിയും ജോൺപോൾ മാർപാപ്പയെ സന്ദർശിച്ചിരുന്നു.

മാര്‍പാപ്പയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം പ്രധാനമന്ത്രി ജി-20 ഉച്ചകോടിയുടെ ആദ്യ യോഗത്തില്‍ പങ്കെടുക്കും. 'ആഗോള സാമ്പത്തികം, ആഗോള ആരോഗ്യം' എന്ന വിഷയത്തിലാണ് യോഗം. തുടര്‍ന്ന്, ഫ്രഞ്ച് പ്രസിഡന്റ് എമ്മാനുവല്‍ മക്രോണ്‍, ഇന്‍ഡൊനീഷ്യന്‍ പ്രസിഡന്റ് ജോക്കോ വിഡോഡോ, സിങ്കപ്പൂര്‍ പ്രധാനമന്ത്രി ലീ ഹൊസൈ എന്നിവരുമായി ചര്‍ച്ച നടത്തും.

ജി-20 ഉച്ചകോടിക്കുശേഷം ഞായറാഴ്ച റോമില്‍നിന്ന് പ്രധാനമന്ത്രി നേരെ സ്‌കോട്ലന്‍ഡിലെ ഗ്ലാസ്‌ഗോവിലേക്ക് പോവും. അവിടെ 26-ാം കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുക്കും. ഉച്ചകോടിക്കിടെ സ്‌പെയിന്‍ പ്രധാനമന്ത്രി പെദ്രൊ സാന്‍ചെസുമായും ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കലുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com