370 മണ്ഡലങ്ങളില്‍ ശ്രദ്ധയൂന്നണം; യുപിയില്‍ ഒറ്റയ്ക്ക്, ബംഗാളിലും മഹാരാഷ്ട്രയിലും സഖ്യം; കോണ്‍ഗ്രസിന് പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍

കോണ്‍ഗ്രസ് നേതൃത്വം പ്രശാന്ത് കിഷോറിനോട് പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ടതായാണ് സൂചന
പ്രശാന്ത് കിഷോര്‍, സോണിയാഗാന്ധി/ ഫയല്‍
പ്രശാന്ത് കിഷോര്‍, സോണിയാഗാന്ധി/ ഫയല്‍

ന്യൂഡല്‍ഹി: പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍ മുന്നോട്ടു വെച്ച പ്രത്യേക മാര്‍ഗനിര്‍ദേശങ്ങളില്‍ പാര്‍ട്ടിയില്‍ നാളെ മുതല്‍ ചര്‍ച്ച നടക്കും. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ അഞ്ചംഗ സമിതിയാണ് നിര്‍ദേശങ്ങള്‍ പഠിക്കുക. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് നല്‍കാനാണ് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി നിര്‍ദേശിച്ചിട്ടുള്ളത്. 

2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ 370 മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കണം. ബാക്കി സീറ്റുകള്‍ സഖ്യകക്ഷികള്‍ക്ക് നല്‍കാം. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി കോണ്‍ഗ്രസിനെ അടിത്തട്ടു മുതല്‍ ശക്തിപ്പെടുത്തണം. ഉത്തര്‍പ്രദേശ്, ബിഹാര്‍, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കണം. തമിഴ്‌നാട്, പശ്ചിമ ബംഗാള്‍, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ സഖ്യത്തിലേര്‍പ്പെടണമെന്നും പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

തമിഴ്‌നാട്, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വേറിട്ട തന്ത്രങ്ങളാണ് സ്വീകരിക്കേണ്ടത്. ഇവിടങ്ങളില്‍ പാര്‍ട്ടി വനിതകളിലും യുവാക്കളിലും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. യുപി, ബിഹാര്‍, ഒഡീഷ തുടങ്ങിയ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തന്ത്രങ്ങളില്‍ പൂര്‍ണമായും പുതിയ തുടക്കം കുറിക്കണം. അടുത്ത് നടക്കാനിരിക്കുന്ന ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പില്‍, പട്ടീദാര്‍ സമുദായ നേതാവായ നരേഷ് പട്ടേലിനെ സംസ്ഥാന പാര്‍ട്ടിയിലെ മുഖ്യധാരയിലേക്ക് കൊണ്ടു വരാനും പ്രശാന്ത് കിഷോര്‍ നിര്‍ദേശിച്ചിട്ടുണ്ട്. 

540 ഓളം നിര്‍ദേശങ്ങള്‍ പ്രശാന്ത് കിഷോര്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നാണ് വിവരം. പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, രണ്‍ദീപ് സിങ് സുര്‍ജെവാല, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ് എന്നീ നേതാക്കളാകും പ്രശാന്ത് കിഷോറിന്റെ നിര്‍ദേശങ്ങള്‍ പഠിക്കുന്ന സമിതിയിലുണ്ടാകുകയെന്നാണ് സൂചന. സോണിയാഗാന്ധിയുമായി പ്രശാന്ത് കിഷോര്‍ നടത്തിയ കൂടിക്കാഴ്ചയില്‍, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, അംബിക സോണി, ദിഗ് വിജയ് സിംഗ്, അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക് തുടങ്ങിയവര്‍ പങ്കെടുത്തു. 

കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസ് നേതൃത്വം പ്രശാന്ത് കിഷോറിനോട് പാര്‍ട്ടിയില്‍ ചേരാന്‍ ആവശ്യപ്പെട്ടതായാണ് സൂചന.  ഇക്കാര്യത്തില്‍ പ്രശാന്ത് കിഷോറാണ് തീരുമാനമെടുക്കേണ്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. അടുത്തമാസം രാജസ്ഥാനില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ള ചിന്തന്‍ ശിബിറിന് മുന്നോടിയായാണ് പ്രശാന്ത് കിഷോറുമായി ഹൈക്കമാന്‍ഡ് ചര്‍ച്ച നടത്തിയത്. അതേസമയം പാര്‍ട്ടിയില്‍ പുനഃസംഘടന ആവശ്യപ്പെട്ട് ഹൈക്കമാന്‍ഡുമായി ഇടഞ്ഞുനില്‍ക്കുന്ന ജി-23 ഗ്രൂപ്പിനെ കൂടിക്കാഴ്ചയില്‍ നിന്നും ഒഴിവാക്കിയത് വിവാദമായിട്ടുണ്ട്. പ്രശാന്ത് കിഷോറുമായുള്ള കൂടിക്കാഴ്ചയ്ക്ക് നേതാക്കളെ നിശ്ചയിച്ചതിന്റെ മാനദണ്ഡം എന്താണെന്ന് വ്യക്തമാക്കണമെന്ന് ജി-23 നേതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. 


ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com