മാസ്‌ക് ധരിച്ചില്ലെങ്കില്‍ 500 രൂപ പിഴ; നടപടി കടുപ്പിച്ച് ഡല്‍ഹി

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ വീണ്ടും മാസ്‌ക് നിര്‍ബന്ധമാക്കി. പൊതു സ്ഥലത്ത് മാസ്‌ക് ധരിക്കാത്തവരില്‍നിന്ന് അഞ്ഞൂറു രൂപ പിഴ ഈടാക്കുമെന്ന് ഡല്‍ഹി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി അറിയിച്ചു. 

സമീപ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ കോവിഡ് കേസുകളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ദുരന്ത നിവാരണ അതോറിറ്റി യോഗം ചേര്‍ന്നത്. രോഗവ്യാപനം തടയുന്നതിന് കര്‍ശനമായ നടപടികളെടുക്കാന്‍ യോഗം തീരുമാനിച്ചു.

സ്‌കൂളുകള്‍ അടയ്ക്കുന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ യോഗം ചര്‍ച്ചചെയ്തതായാണ് റിപ്പോര്‍ട്ട്. സ്‌കൂളുകള്‍ അടയ്‌ക്കേണ്ടതില്ലെന്നാണ് യോഗതീരുമാനം. എന്നാല്‍ കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമാക്കും. 

രാജ്യത്ത് കേസുകളില്‍ വര്‍ധന

പല സംസ്ഥാനങ്ങളിലും കോവിഡ്വര്‍ധിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് ഇന്നലെ സ്ഥിരീകരിച്ചത് 2,067 കേസുകള്‍. 40 പേര്‍ കൂടി കോവിഡ് ബാധിച്ചു മരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ വൈറസ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി ചികിത്സയിലുള്ളത് 12,340 പേരാണ്.

ആക്ടിവ് കേസുകള്‍ ഇന്നലത്തേക്കാള്‍ 480 ആണ് ഉയര്‍ന്നിട്ടുള്ളത്. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.49 ശതമാനമാണ്.

ഇന്നലെ സ്ഥിരീകരിച്ച 40 മരണങ്ങളില്‍ 34ഉം കേരളത്തിലാണ്. മഹാരാഷ്ട്രയില്‍ മൂന്നു പേരും ഉത്തര്‍പ്രേദശ്, മിസോറം, നാഗാലാന്‍ഡ് എന്നിവിടങ്ങളില്‍ ഓരോരുത്തരും മരിച്ചു.

ഇതുവരെ രാജ്യത്ത് കോവിഡ് ബാധിച്ചു മരിച്ചത് 5,22,006 പേരാണ്. ഇതില്‍ 1,47,830 പേര്‍ മഹാരാഷ്ട്രയിലാണ്. 68,649 പേര്‍ കേരളത്തിലും 40,057 പേര്‍ കര്‍ണാടകയിലുമാണ് മരിച്ചത്. തമിഴ്‌നാട്38025, ഡല്‍ഹി 26,160 യുപി 23,502, എന്നിങ്ങനെയാണ് മരണ സംഖ്യ.

ജാഗ്രത തുടരാന്‍ സംസ്ഥാനങ്ങളോടു കേന്ദ്രം

രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ജാഗ്രതാനിര്‍ദേശം. വൈറസ് വ്യാപനം തടയാന്‍ കര്‍ശന നിയന്ത്രണങ്ങളും പ്രതിരോധനടപടികളും ഊര്‍ജ്ജിതപ്പെടുത്താന്‍, കോവിഡ് വ്യാപനം കൂടുന്ന സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യ സെക്രട്ടറി നിര്‍ദേശം നല്‍കി. ഡല്‍ഹി, ഉത്തര്‍പ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, മിസോറം തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശം നല്‍കിയത്.

തിരക്കേറിയ സ്ഥലങ്ങളില്‍ മാസ്‌ക് നിര്‍ബന്ധമാക്കണം, കര്‍ശന നിരീക്ഷണം തുടരണം, കോവിഡ് സാംപിളുകളുടെ ജനിതകശ്രേണീകരണം നടത്തണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കേന്ദ്ര ആരോഗ്യസെക്രട്ടറി രാജേഷ് ഭൂഷണ്‍ ഈ സംസ്ഥാനങ്ങള്‍ക്ക് അയച്ച കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. കോവിഡ് വ്യാപനം കൂടുന്നത് കണക്കിലെടുത്ത് ചണ്ഡീഗഡില്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

കഴിഞ്ഞ രണ്ടു മാസമായി രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. എന്നാല്‍ കഴിഞ്ഞ ആഴ്ചയായി രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ആയിരത്തിന് മുകളിലേക്ക് ഉയരുന്നു. ചില സംസ്ഥാനങ്ങളിലാണ് വ്യാപനം കൂടുന്നത്. അതേസമയം പോസിറ്റിവിറ്റി നിരക്ക് ഇപ്പോഴും ഒരു ശതമാന്തതിന് താഴെയാണ്. എങ്കിലും സംസ്ഥാനങ്ങള്‍ ജാഗ്രത തുടരണമെന്നും കത്തില്‍ കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com