ലിവ് ഇന്‍ ബന്ധങ്ങള്‍ കാമാസക്തിയെ പ്രോത്സാഹിപ്പിക്കുന്നു, ലൈംഗിക കുറ്റങ്ങള്‍ കൂടുന്നു: ഹൈക്കോടതി

ഭരണഘടനയുടെ അനുച്ഛേദം 21ന്റെ ഉപോത്പന്നമാണ് ലിവ് ഇന്‍ ബന്ധങ്ങളെന്ന് കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍: ലിവ് ഇന്‍ ബന്ധങ്ങള്‍ കാമാസക്തിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും അതുവഴി ലൈംഗിക കുറ്റകൃത്യങ്ങള്‍ പെരുകാന്‍ ഇടയാക്കുന്നതായും മധ്യപ്രദേശ് ഹൈക്കോടതി. ഒപ്പം താമസിച്ചിരുന്ന യുവതിയെ ബലാത്സംഗം ചെയ്‌തെന്ന കേസില്‍ പ്രതിയാക്കപ്പെട്ടയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിക്കൊണ്ടാണ് കോടതി നിരീക്ഷണം.

ഭരണഘടനയുടെ അനുച്ഛേദം 21ന്റെ ഉപോത്പന്നമാണ് ലിവ് ഇന്‍ ബന്ധങ്ങളെന്ന് കോടതി അഭിപ്രായപ്പെട്ടു. അതു ഭോഗാസക്തിയെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. അതുവഴി ലൈംഗിക കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ ഇടവരുത്തുന്നു. ലൈംഗിക സ്വാതന്ത്ര്യം ആഗ്രഹിക്കുന്നവര്‍ അതിവേഗം അതിലേക്ക് എത്തിപ്പെടുന്നു. എന്നാല്‍ ഭവിഷ്യത്തുകളെക്കുറിച്ച് അവര്‍ക്കു ബോധ്യമില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വീട്ടിലേക്കു വിളിച്ചുവരുത്തി ശീതളപാനീയം ന്ല്‍കി ബലാത്സംഗം ചെയ്‌തെന്ന് ആരോപിച്ചുള്ള പരാതിയില്‍ മുന്‍കൂര്‍ ജാമ്യം തേടി യുവാവ് നല്‍കിയ ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. ബലാത്സംഗ ദൃശ്യങ്ങള്‍ ചിത്രീകരിച്ച യുവാവ് തന്നെ പലവട്ടം ലൈംഗിക പീഡനത്തിന് വിധേയമാക്കിയെന്നും പരാതിയില്‍ ആരോപണമുണ്ട്. പിന്നീട് വിവാഹം നിശ്ചയിച്ചപ്പോള്‍ ഈ ദൃശ്യങ്ങള്‍ ഉപയോഗിച്ച് വീട്ടുകാരെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.

കേസ് ഡയറിയും മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ പരാമര്‍ശിച്ചിട്ടുള്ള വിവരങ്ങളും വിലയിരുത്തിയ കോടതി പരാതിക്കാരനും യുവതിയും ലിവ് എന്‍ ബന്ധത്തില്‍ ആയിരുന്നെന്ന് ചൂണ്ടിക്കാട്ടി. ഇതിനിടയ്ക്ക് യുവതി പലവട്ടം ഗര്‍ഭിണിയായി. അതെല്ലാം അലസിപ്പിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ബന്ധം വഷളായപ്പോഴാണ് യുവതി മറ്റൊരു വിവാഹത്തിന് ഒരുങ്ങിയത്. ഇതിനെത്തുടര്‍ന്നാണ് യുവാവിന്റെ ഭീഷണിയുണ്ടായതെന്നും കോടതി പറഞ്ഞു. അതേസമയം ഹര്‍ജിക്കാരന്റെ ഭാഗത്തുന്നുണ്ടായത് ഗൗരവമുള്ള കുറ്റമാണെന്ന് വിലയിരുത്തിയ കോടതി മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com