മൊബൈല്‍ വാങ്ങു, ഒരു ലിറ്റര്‍ പെട്രോളും ഒരു കിലോ ചെറുനാരങ്ങയും ഫ്രീ! കിടിലന്‍ ഓഫര്‍

തന്റെ മൊബൈല്‍ ഫോണുകളും ആക്‌സസറികളും വിറ്റഴിയാന്‍ യഷ് ശ്രദ്ധേയമായ ഒരു ഓഫര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ഇപ്പോള്‍
ചിത്രം : ഇൻസ്റ്റ​​ഗ്രാം
ചിത്രം : ഇൻസ്റ്റ​​ഗ്രാം

ലഖ്‌നൗ: പെട്രോളിന്റേയും ചെറുനാരങ്ങയുടേയും വില ഇപ്പോഴും ഉയര്‍ന്നു തന്നെ നില്‍ക്കുകയാണ്. ഇവ രണ്ടും ഇപ്പോള്‍ ആരെങ്കിലും സൗജന്യമായി നല്‍കുന്നുവെന്ന് പറഞ്ഞാല്‍ ഇന്ത്യയിലെ ഭൂരിപക്ഷം ആളുകളും രണ്ട് കൈയും നീട്ടി അത് സ്വീകരിക്കും. അത്രയ്ക്കും പൊള്ളുന്നതാണ് വില. കിലോയ്ക്ക് 50-60 രൂപ മുടക്കിയാല്‍ മതിയായിരുന്ന ചെറുനാരങ്ങയ്ക്ക് ഇപ്പോള്‍ വില 200-300 രൂപയാണ്. 

ചിലര്‍ക്ക് വിലക്കയറ്റം പൊള്ളിക്കുന്നതാണെങ്കില്‍ മറ്റ് ചിലര്‍ അതുവച്ച് തങ്ങളുടെ കച്ചവടം കൂട്ടാനുള്ള ആശയങ്ങളുമായി രംഗത്ത് വരാറുണ്ട്. അത്തരമൊരു കടയാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. ഉത്തര്‍പ്രദേശിലെ വാരാണസിയിലുള്ള യഷ് ജയ്‌സ്വാള്‍ എന്ന കച്ചവടക്കാരന്‍ വിലക്കയറ്റത്തെ തനിക്ക് അനുകൂലമാക്കി മാറ്റിയിരിക്കുകയാണ്. 

മൊബൈല്‍ ഫോണ്‍ ഷോപ്പ് നടത്തുകയാണ് യഷ് ജയ്‌സ്വാള്‍. വാരാണസിയിലെ ലഹുരബിറിലാണ് യഷിന്റെ മൊബൈല്‍ ഫോണ്‍ ഷോപ്പ്. തന്റെ മൊബൈല്‍ ഫോണുകളും ആക്‌സസറികളും വിറ്റഴിയാന്‍ യഷ് ശ്രദ്ധേയമായ ഒരു ഓഫര്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുകയാണ് ഇപ്പോള്‍. 

മൊബൈല്‍ ഫോണ്‍ വാങ്ങിയാല്‍ ഒരു ലിറ്റര്‍ പട്രോള്‍ ഫ്രീയായി നല്‍കും. മൊബൈല്‍ ആക്‌സസറികള്‍ വാങ്ങുന്നവര്‍ക്ക് 100 രൂപയ്ക്ക് ചെറുനാരങ്ങയും കിട്ടും. 10,000 രൂപയ്‌ക്കോ അതിന് മുകളിലോ വിലയുള്ള മൊബൈല്‍ വാങ്ങുന്നവര്‍ക്കാണ് ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി കിട്ടുന്നത്. ഇതിനൊപ്പം ആക്‌സസറികളും വാങ്ങിയാല്‍ 100 രൂപയ്ക്ക് ചെറുനാരങ്ങയും കിട്ടും! 

ഓഫര്‍ വച്ചത് വെറുതെ ആയില്ല എന്നാണ് യഷ് പറയുന്നത്. സംഭവം അറിഞ്ഞതോടെ തന്റെ കടയില്‍ തിരക്കായെന്നും തനിക്ക് കച്ചവടം വര്‍ധിച്ചതായും യഷ് സാക്ഷ്യപ്പെടുത്തുന്നു. രണ്ടിന്റേയും വില സാധാരണ നിലയിലേക്ക് തിരിച്ചെത്തും വരെ ഓഫര്‍ തുടരുമെന്ന ഉറപ്പും യഷ് നല്‍കുന്നു.

ഈ വാര്‍ത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com