ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം: ഇന്ത്യയില്‍ പത്തുവര്‍ഷത്തിനിടെ എച്ച്‌ഐവി ബാധിച്ചത് 17ലക്ഷത്തില്‍പ്പരം പേര്‍ക്ക് 

സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് എച്ച്‌ഐവി ബാധിച്ചത് 17 ലക്ഷത്തില്‍പ്പരം പേര്‍ക്കെന്ന് നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍

ന്യൂഡല്‍ഹി: സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ രാജ്യത്ത് എച്ച്‌ഐവി ബാധിച്ചത് 17 ലക്ഷത്തില്‍പ്പരം പേര്‍ക്കെന്ന് നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍. എന്നാല്‍ വൈറസ് ബാധിതരുടെ എണ്ണത്തില്‍ ഓരോ വര്‍ഷം കഴിയുന്തോറും കുറവുവരുന്നതായും കണക്കുകള്‍ വ്യക്തമാക്കുന്നു.

സാമൂഹികപ്രവര്‍ത്തകനായ ചന്ദ്രശേഖര ഗോര്‍ വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയിലാണ് സംഘടന ഇതു സംബന്ധിച്ച കണക്ക് കൈമാറിയത്. 2011 മുതല്‍ 2021 വരെയുള്ള പത്ത് വര്‍ഷത്തിനിടെ 17,08,777 പേരാണ് വൈറസ് ബാധിതരായത്.

പത്ത് വര്‍ഷത്തിനിടെ എച്ച്‌ഐവി ബാധിക്കുന്നവരുടെ എണ്ണത്തില്‍ ഗണ്യമായ കുറവ് വന്നിട്ടുണ്ട്. 2011-12 കാലയളവില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധത്തിലൂടെ 2.4 ലക്ഷം പേര്‍ക്കാണ് എച്ച്‌ഐവി ബാധിച്ചത്. എന്നാല്‍ 2020-21 കാലയളവില്‍ ഇത് 85,268 ആയി കുറഞ്ഞതായി കണക്ക് വ്യക്തമാക്കുന്നു.

സംസ്ഥാനാടിസ്ഥാനത്തില്‍ ആന്ധ്രാപ്രദേശാണ് എച്ച്‌ഐവി ബാധിതരുടെ കാര്യത്തില്‍ ഒന്നാം സ്ഥാനത്ത്. പത്ത് കൊല്ലത്തിനിടെ  ആന്ധ്രയില്‍  3,18,814 പേരാണ് രോഗബാധിതരായത്. മഹാരാഷ്ട്രയാണ് രോഗബാധിതരുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്തുള്ളത്. 2,84,547 പേര്‍ എച്ച്‌ഐവി ബാധിതരായി. കര്‍ണാടകയില്‍ 2,12,982, തമിഴ്‌നാട്ടില്‍ 1,16,536, ഉത്തര്‍പ്രദേശില്‍ 1,10,911, ഗുജറാത്തില്‍ 87,440 എന്നിങ്ങനെയാണ് പട്ടികയില്‍ ആദ്യ സ്ഥാനത്തുള്ള സംസ്ഥാനങ്ങളുടെ കണക്ക്.

രക്തദാനത്തിലൂടെയും പ്ലാസ്മ തുടങ്ങിയ രക്തത്തിലെ ഘടകങ്ങളുടെ കൈമാറ്റത്തിലൂടെയും 15, 782 പേര്‍ക്കാണ് പത്തുവര്‍ഷത്തിനിടെ വൈറസ് പകര്‍ന്നത്. അമ്മമാരില്‍ നിന്ന് 4,423 കുഞ്ഞുങ്ങള്‍ക്ക് രോഗം ബാധിച്ചതായി ആന്റിബോഡി പരിശോധനയിലൂടെ കണ്ടെത്തിയിട്ടുണ്ട്. 2020 ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 23,18,737 പേര്‍ എച്ച്‌ഐവി ബാധിതരായി ജീവിക്കുന്നുണ്ട്. ഇതില്‍ 81,430 പേര്‍ കുട്ടികളാണെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.


ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com