കല്‍ക്കരി ക്ഷാമം; 657 ട്രെയിനുകള്‍ റദ്ദാക്കി
By സമകാലിക മലയാളം ഡെസ്‌ക് | Published: 29th April 2022 07:36 PM |
Last Updated: 29th April 2022 08:27 PM | A+A A- |

പ്രതീകാത്മക ചിത്രം/ പിടിഐ
ന്യൂഡല്‍ഹി: രാജ്യം നേരിടുന്ന കടുത്ത വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ആവശ്യമുള്ള സ്ഥലങ്ങളിലേക്ക് അതിവേഗത്തില്‍ കല്‍ക്കരി എത്തിക്കാന്‍ നടപടി സ്വീകരിച്ച് ഇന്ത്യന്‍ റെയില്‍വേ. താപവൈദ്യുതി നിലയങ്ങളില്‍ കല്‍ക്കരി വേഗത്തില്‍ എത്തിക്കുന്നത് സുഗമമാക്കാന്‍ രാജ്യത്തൊട്ടാകെ 657 ട്രെയിനുകള്‍ റദ്ദാക്കി. പാസഞ്ചര്‍, മെയില്‍, എക്‌സ്പ്രസ് ട്രെയിനുകളാണ് റദ്ദാക്കിയത്.
Government has decided to cancel 657 Mail/Exp/Passenger train services to ensure priority routes for coal wagons and faster turnaround. A total of 533 coal rakes put on duty. For the power sector, 427 rakes loaded yesterday. 1.62 million tonnes loaded for power sector. pic.twitter.com/UbCho8Tzsi
— ANI (@ANI) April 29, 2022
കല്‍ക്കരി ക്ഷാമത്തെ തുടര്‍ന്ന് താപവൈദ്യുതി നിലയങ്ങള്‍ പൂര്‍ണതോതില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാതെ വന്നതോടെ വിവിധ സംസ്ഥാനങ്ങള്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. താപ വൈദ്യുതി നിലയങ്ങളില്‍ ആവശ്യമായ സ്‌റ്റോക്കിന്റെ നാലിലൊന്ന് മാത്രമാണ് ശേഖരമായിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഇത് ഉപയോഗിച്ച് തീരുന്നതോടെ പ്രതിസന്ധി കൂടുതല്‍ രൂക്ഷമാകുമെന്ന് കണ്ടാണ് റെയില്‍വേയുടെ നടപടി. രാജ്യമൊട്ടാകെ അതിവേഗത്തില്‍ 400 റേക്ക് കല്‍ക്കരി എത്തിച്ച് പ്രതിസന്ധിക്ക് താത്കാലിക പരിഹാരം കാണാനാണ് റെയില്‍വേ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായാണ് 240 പാസഞ്ചര്‍ ട്രെയിനുകള്‍ ഇതിനോടകം റദ്ദാക്കിയത്.
ഗുഡ്‌സ് ട്രെയിനുകള്‍ ഓടുന്ന മുറയ്ക്ക് കൂടുതല്‍ ട്രെയിനുകള്‍ റദ്ദാക്കാനും റെയില്‍വേയ്ക്ക് പദ്ധതിയുണ്ട്. ഏകദേശം 650 ട്രെയിനുകള്‍ റദ്ദാക്കാനാണ് റെയില്‍വേ ആലോചിക്കുന്നത്. ഇതില്‍ 500 മെയില്‍, എക്‌സ്പ്രസ് ട്രെയിനുകള്‍ ഉള്‍പ്പെടുന്നു.
സാധാരണനിലയിലാകുന്ന മുറയ്ക്ക് പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കും
കല്‍ക്കരി ഖനികളില്‍ നിന്ന് വിതരണത്തിന് എത്തിച്ച് വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ഭാഗമായാണ് റെയില്‍വേയുടെ നടപടി.സമയക്രമത്തിലും കുറവ് വരുത്തിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളില്‍ ഗുഡ്‌സ് ട്രെയിനുകള്‍ താപവൈദ്യുതി നിലയങ്ങളില്‍ എത്തിക്കാനാണ് തീരുമാനം. യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികള്‍ സ്വീകരിച്ചിരിക്കുന്നതെന്നും റെയില്‍വേ അറിയിച്ചു.
സ്ഥിതിഗതികള്‍ സാധാരണനിലയിലാകുന്ന മുറയ്ക്ക് പാസഞ്ചര്‍ ട്രെയിനുകള്‍ പുനഃസ്ഥാപിക്കും. രാജ്യത്തെ പല സംസ്ഥാനങ്ങളും കല്‍ക്കരി ക്ഷാമം നേരിടുകയാണ്. വൈദ്യുതി ലഭ്യത ഉറപ്പാക്കാന്‍ കഴിയാതെ വന്നാല്‍ മെട്രോയെ അടക്കം ബാധിച്ചേക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തിന് കത്തയക്കുകയും ചെയ്തു.
ഈ വാർത്ത കൂടി വായിക്കാം
20 രൂപ നിരക്കില്‍ 250 മെഗാവാട്ട്, 50 കോടി രൂപയുടെ അധിക ബാധ്യത; വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ അഭ്യര്‍ഥിച്ച് കെഎസ്ഇബി
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ