താമസിക്കാന്‍ ഇടമുണ്ടോ എന്നതൊന്നും നോക്കേണ്ടതില്ല; ഭാര്യയെ ഉപദ്രവിക്കുന്ന ഭര്‍ത്താവ് വീടൊഴിയണം: മദ്രാസ് ഹൈക്കോടതി 

ഭർത്താവ് മർദിക്കുമോ കുട്ടികളുടെ മുന്നിൽ മോശം ഭാഷയിൽ സംസാരിക്കുമോ എന്ന് എല്ലായ്പോഴും ഭയന്നുകൊണ്ട് സ്ത്രീക്കു ജീവിക്കാനാകില്ല
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ചെന്നൈ: ഭാര്യയെ ഉപദ്രവിക്കുന്ന ഭർത്താവ് രണ്ടാഴ്ചയ്ക്കകം വീട് ഒഴിയണമെന്ന് ഉത്തരവിട്ട മദ്രാസ് ഹൈക്കോടതി. ഭർത്താവിനെ മാറ്റിനിർത്തി മാത്രമേ വീട്ടിൽ സമാധാനം നിലനിർത്താൻ കഴിയൂ എങ്കിൽ കോടതികൾ ആ തീരുമാനമെടുക്കണം എന്നാണ് മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിൽ പറയുന്നത്. 

ഭർത്താവ് വീട്ടിൽ നിന്ന് ഒഴിഞ്ഞില്ലെങ്കിൽ പൊലീസ് നടപടിയിലൂടെ ഒഴിപ്പിക്കുമെന്ന മുന്നറിയിപ്പും കോടതി നൽകി. ഗാർഹിക പീഡനത്തെ തുടർ‌ന്നു വിവാഹമോചനം തേടുന്ന അഭിഭാഷക സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ആർ.എൻ.മഞ്ജുളയുടെ സുപ്രധാന ഉത്തരവും നിരീക്ഷണവും.
 
ഭർത്താവിന് താമസിക്കാൻ ഇടമുണ്ടോ ഇല്ലയോ എന്നതൊന്നും പരിഗണിക്കേണ്ടതില്ല. ബോംബ് പൊട്ടുമെന്നു ഭയന്നു ജീവിക്കുന്നവർക്ക് ആശ്വാസം കിട്ടണമെങ്കിൽ ബോംബ് എടുത്തു മാറ്റണം. ഭർത്താവ് മർദിക്കുമോ കുട്ടികളുടെ മുന്നിൽ മോശം ഭാഷയിൽ സംസാരിക്കുമോ എന്ന് എല്ലായ്പോഴും ഭയന്നുകൊണ്ട് സ്ത്രീക്കു ജീവിക്കാനാകില്ലെന്നും ഉത്തരവിൽ പറയുന്നു. 

വിവാഹമോചന നടപടികൾ പൂർത്തിയാകും വരെ ഒരേ വീട്ടിൽ തുടരാനും എന്നാൽ ഭാര്യയെ ശല്യം ചെയ്യാൻ പാടില്ലെന്നുമായിരുന്നു കുടുംബ കോടതി വിധി. ഈ വിധിയെ ഹൈക്കോടതി വിമർശിച്ചു. മോശമായി പെരുമാറുന്ന ഭർത്താവിനെ വീട്ടിൽ കഴിയാൻ അനുവദിച്ച ശേഷം വീട്ടുകാരെ ശല്യം ചെയ്യരുതെന്നു പറയുന്നത് അപ്രായോഗികമാണെന്നു ജസ്റ്റിസ് മഞ്ജുള ചൂണ്ടിക്കാണിച്ചു. 

നല്ല സ്ത്രീ എന്നാൽ കുട്ടികളെ നോക്കി വീട്ടമ്മയായി കഴിയണമെന്നാണു കുറ്റാരോപിതൻ വാദിക്കുന്നത്. വീട്ടമ്മയെന്നതിന് അപ്പുറം ജോലി ചെയ്തു ജീവിക്കാൻ ആഗ്രഹിക്കുന്ന ഭാര്യയെ അംഗീകരിക്കാത്ത ഭർത്താവ് അവരുടെ ജീവിതത്തിൽ വലിയ പ്രശ്നങ്ങളുണ്ടാക്കുമെന്നും കോടതി അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com