ഗര്‍ഭിണിയെന്നു കാമുകി പറഞ്ഞപ്പോള്‍ തണുപ്പന്‍ പ്രതികരണം; കാമുകനെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കില്ലെന്നു ഹൈക്കോടതി

പതിനാറുകാരി ആത്മഹത്യ ചെയ്തതില്‍ പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ കാമുകന്‌ ജാമ്യം നല്‍കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ഗര്‍ഭിണിയാണെന്നു കാമുകി പറഞ്ഞതിനോടു തണുപ്പന്‍ മട്ടില്‍ പ്രതികരിച്ചത് ആത്മഹത്യാ പ്രേരണയായി കാണാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. പതിനാറുകാരി ആത്മഹത്യ ചെയ്തതില്‍ പ്രേരണാക്കുറ്റത്തിന് അറസ്റ്റിലായ കാമുകന്‌ ജാമ്യം നല്‍കിക്കൊണ്ടാണ് ഹൈക്കോടതിയുടെ നിരീക്ഷണം.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ താനെയിലാണ് പതിനാറുകാരി ആത്മഹത്യ ചെയ്തത്. താന്‍ ഗര്‍ഭിണിയാണെന്നു സംശയമുണ്ടെന്ന്, പത്തൊന്‍പതുകാരനായ കാമുകന് പെണ്‍കുട്ടി സന്ദേശം അയച്ചിരുന്നു. കാമുകന്‍ ഇതിനോട് ഉദാസീനമായാണ് പ്രതികരിച്ചത്. തുടര്‍ന്നു പെണ്‍കുട്ടി വീട്ടില്‍വച്ച് ജീവനൊടുക്കുകയായിരുന്നു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പൊലീസ് പത്തൊന്‍പതുകാരനെ അറസ്റ്റ് ചെയ്തു. 

പെണ്‍കുട്ടി ഗര്‍ഭിണിയല്ലെന്നാണ് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായതെന്ന് ജസ്റ്റിസ് ഭാരതി ദാന്‍ഗ്രെ ഉത്തരവില്‍ ചൂണ്ടിക്കാട്ടി. സംഭവം നടക്കുമ്പോള്‍ ഹര്‍ജിക്കാരന് പത്തൊന്‍പതു വയസ്സു മാത്രമാണ് പ്രായം. ഗര്‍ഭിണിയാണെന്നു സംശയമുണ്ടെന്ന് പെണ്‍കുട്ടി സന്ദേശം അയച്ചപ്പോള്‍ ഉദാസീനമായാണ് ഇയാള്‍ പ്രതികരിച്ചത്. എന്നാല്‍ ഇരുവരും തമ്മിലുള്ള അടുപ്പം വാട്ട്‌സ്ആപ്പ് ചാറ്റുകളില്‍ വ്യക്തമാണ്- കോടതി പറഞ്ഞു.

ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തണമെങ്കില്‍ പെണ്‍കുട്ടി ആത്മഹത്യ ചെയ്യണം എന്ന ഉദ്ദേശ്യത്തോടെ യുവാവ് പ്രവര്‍ത്തിച്ചെന്നു സ്ഥാപിക്കാനാവണം. ഇവിടെ അങ്ങനെ കരുതാനാവില്ല. ഗര്‍ഭിണിയാണെന്നു പറഞ്ഞതിനോടുള്ള തണുപ്പന്‍ പ്രതികരണം അതിനു പര്യാപ്തമല്ല- കോടതി വിശദീകരിച്ചു.

പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് യുവാവിനെതിരെ താനെ പൊലീസ് കേസെടുത്തത്. ബലാത്സംഗം, ആത്മഹത്യാ പ്രേരണ, പോസ്‌കോ തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് കേസ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com