നിറച്ചിരിക്കുന്നത് 3,700 കിലോ സ്‌ഫോടക വസ്തുക്കള്‍; 80,000 ടണ്‍ അവശിഷ്ടങ്ങള്‍, നോയിഡയിലെ ഇരട്ട ടവറുകള്‍ പൊളിക്കാന്‍ ഇനി മണിക്കൂറുകള്‍ മാത്രം

സ്‌ഫോടനം നടത്തുന്നതിനുള്ള ബട്ടണിലേക്ക് ഇരു കെട്ടിടങ്ങളിലേയും സ്‌ഫോടക വസ്തുകളെ ബന്ധിപ്പിക്കുന്ന നൂറു മീറ്റര്‍ നീളമുള്ള കേബിള്‍ കൂടി വലിച്ചു കഴിഞ്ഞാല്‍ ജോലികള്‍ പൂര്‍ത്തിയാകും
ചിത്രം: പിടിഐ
ചിത്രം: പിടിഐ

നോയിഡ: ഉത്തര്‍പ്രദേശിലെ നോയിഡയില്‍ അനധികൃതമായി നിര്‍മ്മിച്ച ഇരട്ട ടവറുകള്‍ പൊളിക്കുന്നതിനായി ഉപയോഗിക്കുന്നത് 3,700 കിലോ സ്‌ഫോടക വസ്തുക്കള്‍. സ്‌ഫോടനം നടത്തുന്നതിനായുള്ള അവസാനവട്ട പരിശോധനകള്‍ പുരോഗമിക്കുന്നു. ഇന്ന് സ്‌ഫോടക വസ്തുക്കളുടെ പരിശോധന നടന്നു. സ്‌ഫോടക വസ്തുക്കള്‍ സ്ഥാപിക്കുന്നതിന്റെയും അവ ബന്ധിപ്പിക്കുന്നതിന്റെയും ജോലികള്‍ ഇതിനോടകം പൂര്‍ത്തിയായി. 

സ്‌ഫോടനം നടത്തുന്നതിനുള്ള ബട്ടണിലേക്ക് ഇരു കെട്ടിടങ്ങളിലേയും സ്‌ഫോടക വസ്തുകളെ ബന്ധിപ്പിക്കുന്ന നൂറു മീറ്റര്‍ നീളമുള്ള കേബിള്‍ കൂടി വലിച്ചു കഴിഞ്ഞാല്‍ ജോലികള്‍ പൂര്‍ത്തിയാകും. ഞായറാഴ്ചയാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. 

നൂറു മീറ്ററോളം ഉയരമുള്ള കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിരിക്കുന്നത് അനധികൃതമായാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സുപ്രീംകോടതി ഇവ പൊളിച്ചു നീക്കാന്‍ ഉത്തരവിടുകയായിരുന്നു. നേരത്തെ, സമാനമായ രീതിയില്‍ കൊച്ചി മരടിലെ മൂന്നു ഫ്‌ലാറ്റുകള്‍ പൊളിച്ചു നീക്കിയിരുന്നു. 

എമിറാള്‍ഡ് കോര്‍ട്ട് മേഖലയിലാണ് കെട്ടിടങ്ങള്‍ സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്ത് താമസിക്കുന്ന 5,000 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. ഞായറാഴ്ച രാവിലെ ഏഴു മണിയോടെ ഇവരെ പ്രദേശത്ത് നിന്ന് മാറ്റും.  200നോട് അടുപ്പിച്ചു വരുന്ന വളര്‍ത്തു മൃഗങ്ങള്‍, മൂവായിരത്തോളം വാഹനങ്ങള്‍ എന്നിവയും മാറ്റും. ഉച്ചയ്ക്ക് 2.30നാണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. 

മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന എഡിഫിസ് എഞ്ചിനിയറിങ് ആണ് കെട്ടിടങ്ങള്‍ പൊളിക്കുന്നത്. തങ്ങള്‍ നൂറു ശതമാനം ആത്മവിശ്വാസത്തിലാണെന്ന് കമ്പനിയുടെ പ്രോജക്ട് മാനേജര്‍ മയൂര്‍ മേത്ത പറഞ്ഞു. സഹായത്തിനായി സൗത്ത് ആഫ്രിക്കന്‍ കമ്പനിയായ ജെറ്റ് ഡെമോളിഷന്‍സിനെയും എഡിഫ് സഹകരിപ്പിക്കുന്നുണ്ട്. കെട്ടിടങ്ങള്‍ നില്‍ക്കുന്ന സ്ഥലത്ത് നിന്ന് 200 മീറ്റര്‍ മാത്രം മാറിയാണ് നോയിഡ-ഗ്രേറ്റര്‍ നോയിഡ എക്‌സ്പ്രസ് വേ. നോയിഡ് സെക്ടര്‍ 93എയിലേക്ക് ഉച്ചയ്ക്ക് 2മുതല്‍ 3വരെ വാഹന നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് അധികൃതര്‍ അറിയിച്ചു. 

പൊളിക്കല്‍ നടപടികള്‍ കണക്കിലെടുത്ത് ഗൂഗിള്‍ മാപ്പ് പുതിയ ഡൈവര്‍ഷനുകള്‍ ചേര്‍ത്ത് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. പ്രദേശത്ത് 400 പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും.  എന്‍ഡിഎആര്‍എഫ് സംഘവും സ്ഥലത്തുണ്ടാകും. ആറ് ആംബുലന്‍സുകള്‍ ഉള്‍പ്പെടെയുള്ള വൈദ്യ സഹായ സംഘവും സ്ഥഥലത്തുണ്ടാകും. കെട്ടിടങ്ങള്‍ പൊളിച്ചതിന് ശേഷം, 50,000 മുതല്‍ 80,000 ടണ്‍വരെ അവശിഷ്ടങ്ങള്‍ ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com