'ഡോക്ടര്‍മാര്‍ക്ക് പകരം മരുന്നു നല്‍കുന്നത് കമ്പോണ്ടര്‍മാര്‍; കോണ്‍ഗ്രസ് ഏത് നിമിഷവും നിലംപരിശാകും': ഗുലാം നബി ആസാദ്

90 ശതമാനം നേതാക്കളും കോണ്‍ഗ്രസ് വിട്ടു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
ഗുലാം നബി ആസാദ്/ഫയല്‍
ഗുലാം നബി ആസാദ്/ഫയല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന് എതിരെ രൂക്ഷ വിമര്‍ശനവുമായി രാജിവച്ച മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ്. പാര്‍ട്ടിക്ക് ചികിത്സ ആവശ്യമാണ്. എന്നാല്‍ മരുന്നു നല്‍കുന്നത് ഡോക്ടര്‍മാര്‍ക്ക് പകരം കമ്പോണ്ടര്‍മാര്‍ ആണ്. സംഘടനാ വിഷങ്ങള്‍ പരിഹരിക്കാന്‍ നേതൃത്വത്തിന് സമയമില്ല. സംസ്ഥാനങ്ങളില്‍ പാര്‍ട്ടി മെമ്പര്‍മാരെ ഒന്നിപ്പിക്കുന്നതിന് പകരം, അവരെ വിട്ടുകളയുകയാണ് നേതാക്കള്‍ ചെയ്യുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

'കോണ്‍ഗ്രസിന് എന്റെ ആശംസകള്‍ നേരുന്നു. എന്നാല്‍ ആശംസകളെക്കാള്‍ വേണ്ടത് മരുന്നാണ്. എന്നാല്‍ ഡോക്ടര്‍മാര്‍ക്ക് പകരം ആ മരുന്നുകള്‍ നല്‍കുന്നത് കമ്പോണ്ടര്‍മാര്‍ ആണ്. സംസ്ഥാനങ്ങളിലെ നേതാക്കള്‍ ആളുകളെ പാര്‍ട്ടിയിലേക്ക് അടുപ്പിക്കുന്നതിന് പകരം, പുറത്തുപോകാന്‍ പ്രേരിപ്പിക്കുകയാണ്. പാര്‍ട്ടിയുടെ അടിത്തറ ക്ഷയിച്ചു. ഏത് സമയത്തും നിലംപൊത്താം. അതുകൊണ്ടാണ് താനും ചില മുതിര്‍ന്ന നേതാക്കളും കോണ്‍ഗ്രസ് വിടാന്‍ തീരുമാനിച്ചത്'- അദ്ദേഹം പറഞ്ഞു. 

ബിജെപിയിലേക്കില്ല. അത് ജമ്മു കശ്മീരില്‍ തന്റെ രാഷ്ട്രീയത്തിന് ഗുണകരമാകില്ല. പുതിയ പാര്‍ട്ടിയുടെ യൂണിറ്റ് ജമ്മു കശ്മീരില്‍ ഉടന്‍ ആരംഭിക്കും. ദേശീയതലത്തിലുള്ള രാഷ്ട്രീയ നയങ്ങള്‍ രൂപീകരിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ അത് തീരുമാനമെടുക്കും. ജമ്മു കശ്മീരില്‍ കോണ്‍ഗ്രസ് ആകെയുള്ള ആറ് എംഎല്‍എമാരില്‍ അഞ്ചുപേരും തനിക്കൊപ്പമുണ്ടെന്നും  മുന്‍ മന്ത്രിമാരും എംഎല്‍എമാരും തനിക്കൊപ്പം വരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

തന്നെ കുറ്റപ്പെടുത്തിയ കോണ്‍ഗ്രസ് നേതാക്കള്‍ മറ്റുള്ളവര്‍ക്ക് എതിരെ ഗൂഢാലോചന നടത്തുകയും വ്യാജ വാര്‍ത്തകള്‍ സൃഷ്ടിക്കുകയാണെന്നും അദ്ദേഹം തുറന്നടിച്ചു.  കോണ്‍ഗ്രസില്‍ ക്ലറിക്കല്‍ ജോലികള്‍ മാത്രം ചെയ്യുന്ന ചില നേതാക്കളുണ്ട്. അവരാണ് മറ്റു നേതാക്കള്‍ക്ക് എതിരെ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. താന്‍ ബിജെപിയില്‍ ചേരുമെന്ന് പ്രചാരണം നടത്തുന്നത് കോണ്‍ഗ്രസ് ആണെന്നും അദ്ദേഹം ആരോപിച്ചു. 

രാഹുല്‍ ഗാന്ധിക്ക് രാഷ്ട്രീയത്തിനോട് അഭിരുചിയില്ല. തങ്ങള്‍ അദ്ദേഹത്തെ നേതാവാക്കാന്‍ വേണ്ടി ഒരുപാട് പരിശ്രമിച്ചെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിലെ പ്രശ്‌നങ്ങളെ കുറിച്ചുള്ള തന്റെ രാജിക്കത്തിലെ പരാമര്‍ശങ്ങള്‍ മഞ്ഞുമലയുടെ ഒരറ്റം മാത്രമാണ്. 90 ശതമാനം നേതാക്കളും കോണ്‍ഗ്രസ് വിട്ടു കഴിഞ്ഞെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഗുലാം നബി ആസാദിന്റെ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തി. ആസാദ് കോണ്‍ഗ്രസിനെ വഞ്ചിക്കുകയായിരുന്നെന്ന് ജയ്‌റാം രമേശ് പറഞ്ഞു. 'ഓരോ മിനിറ്റിലും തന്റെ വഞ്ചനയെ ന്യായീകരിക്കുന്ന ആസാദ് എന്തിനെയാണ് ഭയപ്പെടുന്നത്. 'ഓരോ മിനിറ്റിലും തന്റെ വഞ്ചനയെ ന്യായീകരിക്കുന്ന ആസാദ് എന്തിനെയാണ് ഭയപ്പെടുന്നത്. തങ്ങള്‍ക്ക് എളുപ്പത്തില്‍ അദ്ദേഹത്തെ തുറന്നുകാട്ടാന്‍ കഴിയും. എന്നാല്‍ എന്തിനാണ് അദ്ദേഹത്തിന്റെ നിലവാരത്തിലേക്ക് താഴുന്നത്' എന്ന് ജയ്‌റാം രമേശ് ട്വിറ്ററില്‍ കുറിച്ചു. 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com