വിവാഹത്തിന് ഒരു മാസം മുമ്പ് നോട്ടീസ്, വ്യക്തിവിവരങ്ങളുടെ പരിശോധന; ഹര്‍ജി സുപ്രീം കോടതി തള്ളി

നിയമത്തിന്റെ ഭരണഘടനാ സാധുത ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാനാവില്ലെന്നു കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു മാസം മുമ്പ് നോട്ടീസ് നല്‍കി പൊതു പരിശോധനയ്ക്കു വിധേയമാവുണമെന്നു നിഷ്‌കര്‍ഷിക്കുന്ന, സ്‌പെഷല്‍ മാരേജ് ആക്ടിലെ വ്യവസ്ഥകള്‍ ചോദ്യം ചെയ്തു സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. സാങ്കേതിക പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ ദിനേശ് മഹേശ്വരി, ബേല എം ത്രിവേദി എന്നിവര്‍ അടങ്ങിയ ബെഞ്ചിന്റെ നടപടി.

വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വ്യക്തിവിവരങ്ങള്‍ ഉള്‍പ്പെടുത്തി ഒരു മാസം മുമ്പ് അപേക്ഷ നല്‍കുകയും ഇതു പൊതുവായി പ്രദര്‍ശിപ്പിക്കുകയും വേണമെന്നും തടസ്സവാദങ്ങള്‍ ഉണ്ടെങ്കില്‍ പരിഗണിക്കുകയും വേണമെന്ന് സ്‌പെഷല്‍ മാരേജ് ആക്ട് നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്ന 6 (2), 6(3), 8, 10 വകുപ്പുകളെയാണ് ഹര്‍ജിയില്‍ ചോദ്യം ചെയ്തത്. 

നിയമത്തിന്റെ ഭരണഘടനാ സാധുത ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ പരിശോധിക്കാനാവില്ലെന്നു കോടതി പറഞ്ഞു. ഹര്‍ജി നല്‍കിയ ആള്‍ ബാധിക്കപ്പെട്ട വ്യക്തിയല്ല. ഈ ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ നിയമത്തിന്റെ ഭരണഘടനാ സാധുത പരിശോധിക്കുകയും അത് ഭരണഘടനാപരമെന്നു കണ്ടെത്തുകയും ചെയ്താല്‍ എല്ലാവര്‍ക്കും ബാധകമാവുന്ന ഉത്തരവാണ് പുറപ്പെടുവിക്കേണ്ടി വരിക. ഈ വകുപ്പുകള്‍ പ്രതികൂലമായി ബാധിക്കപ്പെട്ട, യഥാര്‍ഥ പരാതിക്കാരെ കേള്‍ക്കാതെയാവും ഇതെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു. 

സ്‌പെഷല്‍ മാരേജ് ആക്ടിലെ ഈ വകുുപ്പുകള്‍ ഭരണഘടനയുടെ 14, 15, 21 വകുപ്പുകളുടെ ലംഘനമാണെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയത്. വിവാഹം കഴിക്കാന്‍ ഉദ്ദേശിക്കുന്നവര്‍ വ്യക്തിഗത വിവരങ്ങള്‍ പ്രസിദ്ധീകരിക്കുകയും അവ പൊതുജനത്തിന്റെ പരിശോധനയ്ക്കു വിധേയമാക്കുകയും വേണ്ടിവരുന്നു. മുപ്പതു ദിവസം മുമ്പ് പ്രസിദ്ധീകരിക്കുന്ന നോട്ടീസിന്റെ അടിസ്ഥാനത്തില്‍ ആര്‍ക്കും വിവാഹത്തെ എതിര്‍ക്കാം. ഇതില്‍ പിന്നീട് ബന്ധപ്പെട്ട ഉദ്യോഗസ്ഥനാണ് തീരുമാനമെടുക്കുന്നത്. ഹിന്ദു വിവാഹ നിയമത്തിലോ മുസ്ലിം വ്യക്തിനിയമത്തിലെ ഇത്തരത്തില്‍ മുന്‍കൂര്‍ നോട്ടീസ് ഇല്ല. അതുകൊണ്ടുതന്നെ ഈ വകുപ്പ് വിവേചനവും തുല്യതയുടെ ലംഘനവുമാണ്. 

വ്യക്തിവിവരങ്ങള്‍ പ്രസിദ്ധീകരിക്കേണ്ടിവരുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com