'ആരാണ് സ്റ്റാന്‍ സ്വാമിയെ കൊന്നത്?'; ലാപ്‌ടോപ്പ് ഹാക്ക് ചെയ്‌തെന്ന റിപ്പോര്‍ട്ടിന് പിന്നാലെ വിവാദം, കേന്ദ്രത്തിന് എതിരെ കോണ്‍ഗ്രസ്

ഭീമ കൊറേഗാവ് കേസില്‍ ഫാ. സ്റ്റാന്‍ സ്വാമിയെ കുടുക്കാന്‍ കമ്പ്യൂട്ടറില്‍ കൃത്രിമം നടത്തിയെന്ന അമേരിക്കന്‍ ഫൊറന്‍സിക് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് വിവാദത്തില്‍
സ്റ്റാന്‍ സ്വാമി/ട്വിറ്റര്‍
സ്റ്റാന്‍ സ്വാമി/ട്വിറ്റര്‍

ന്യൂഡല്‍ഹി: ഭീമ കൊറേഗാവ് കേസില്‍ ഫാ. സ്റ്റാന്‍ സ്വാമിയെ കുടുക്കാന്‍ കമ്പ്യൂട്ടറില്‍ കൃത്രിമം നടത്തിയെന്ന അമേരിക്കന്‍ ഫൊറന്‍സിക് സ്ഥാപനത്തിന്റെ റിപ്പോര്‍ട്ട് വിവാദത്തില്‍. അന്വേഷണ ഏജന്‍സികള്‍ക്കും കേന്ദ്ര സര്‍ക്കാരിനും എതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും സാമൂഹ്യ പ്രവര്‍ത്തകരും രംഗത്തെത്തി. 

ഇങ്ങനെയാണ് ഒരു ജനാധിപത്യ രാജ്യം സ്വന്തം ജനതയോട് പെരുമാറുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ അനീസ് സോസ് ട്വിറ്ററില്‍ കുറിച്ചു. കോടതികള്‍ ആത്മപരിശോധന നടത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ രീതിയിലാണ് തെളിവുകള്‍ ഉണ്ടാക്കുന്നതെങ്കില്‍, നിരവധി പേരെ പല കുറ്റങ്ങളും ചുമത്തി ജയിലില്‍ തള്ളാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് ദിനേശ് ഗുണ്ടുറാവു ട്വീറ്റ് ചെയ്തു. 

സ്റ്റാന്‍ സ്വാമി അറസ്റ്റിലാകുന്നതിന്റെ തലേദിവസം വരെ ഹാക്കിങ് നടന്നതായും പെഗാസസ് ഹാക്കിങ് സോഫ്റ്റുവെയര്‍ ഇന്ത്യന്‍ സര്‍ക്കാര്‍ വാങ്ങിയിരുന്നെന്നും പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു. ആരാണ് സ്റ്റാന്‍ സ്വാമിയെ കൊന്നതെന്ന് നടന്‍ പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.

കേസില്‍ കുടുക്കുന്നതിനായി അദ്ദേഹത്തിന്റെ ലാപ്‌ടോപ്പ് കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് രേഖകള്‍ ചേര്‍ക്കുകയായിരുന്നെന്ന് ഹോസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഴ്‌സണല്‍ കണ്‍സല്‍ട്ടിങ് എന്ന ഫൊറന്‍സിക് ഏജന്‍സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ രേഖകളാണ് എന്‍ഐഎ കുറ്റപത്രത്തില്‍ എഴുതി ചേര്‍ത്തതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

2020ലാണ് ഭീമ കൊറേഗാവ് കേസില്‍ ഫാ. സ്റ്റാന്‍ സ്വാമിയെ അറസ്റ്റ് ചെയ്തത്. കസ്റ്റഡിയിലിരിക്കെ 2021 ജൂലൈ 5ന് അദ്ദേഹം അന്തരിച്ചു. മാവോയിസ്റ്റ് കത്ത് ഉള്‍പ്പെടെ 44 രേഖളാണ് സ്റ്റാന്‍ സ്വാമിയുടെ പഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഹാക്ക് ചെയ്ത് സ്ഥാപിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

2014 മുതല്‍ 2019 ജൂണ്‍ 11 വരെ ഹാക്കിങ് നടന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ജൂണ്‍ 12നാണ് മുംബൈ പൊലീസ് സ്റ്റാന്‍ സ്വാമിയുടെ ലാപ്‌ടോപ്പ് കസ്റ്റഡിയിലെടുത്തത്. കേസിലെ മറ്റു പ്രതികളായ റോണ വില്‍സിന്റെയും സുരേന്ദ്ര ഗാഡ്‌ലിങിന്റെയും ലാപ്‌ടോപ്പുകളിലും സമാനമായ രീതിയില്‍ ഹാക്കിങ് നടന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നുപേരുടെയും ലാപ്‌ടോപ്പുകള്‍ ഹാക്ക് ചെയ്തത് ഒരാളണെന്നും റിപ്പോര്‍ട്ടിലുണ്ട്. 

ഭീമ കൊറേഗാവ് യുദ്ധത്തിന്റെ ഇരുന്നൂറാം വാര്‍ഷികത്തില്‍ 2018 ജനുവരി ഒന്നിനുണ്ടായ സംഘര്‍ഷങ്ങളുമായും അതിനു മുന്നോടിയായി നടന്ന എല്‍ഗാര്‍ പരിഷദ് എന്ന ദളിത് സംഗമവുമായും മാവോയിസ്റ്റ് സംഘടനകളുമായും ബന്ധമുണ്ട് എന്ന് ആരോപിച്ചാണ് സ്റ്റാന്‍ സ്വാമിയെ എന്‍ഐഎ കസ്റ്റഡിയില്‍ എടുത്തത്. കേസില്‍ വിചാരണ കാത്തു കഴിയവെ, ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു 83കാരനായ സ്റ്റാന്‍ സ്വാമിയുടെ അന്ത്യം. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com