തമിഴ്‌നാട് മുൻ എംപിയുടെ മരണം കൊലപാതകം: ഡ്രൈവറും കൂട്ടാളികളും പിടിയിൽ 

കൊലപാതകത്തിൽ മസ്താന്റെ ബന്ധുവായ കാർ ഡ്രൈവർ ഇമ്രാനും കൂട്ടാളികളായ സുൽത്താൻ അഹമ്മദ്, നസീർ, തൗഫീഖ്, ലോകേഷ് എന്നിവരും അറസ്റ്റിലായി
ഡി മസ്താൻ
ഡി മസ്താൻ

ചെന്നൈ: തമിഴ്‌നാട് മുൻ എംപിയും ന്യൂനപക്ഷ കമ്മിഷൻ വൈസ് ചെയർമാനുമായിരുന്ന ഡോ. ഡി മസ്താന്റെ (66) മരണം ആസൂത്രിത കൊലപാതകം. സംഭവത്തിൽ മസ്താന്റെ ബന്ധുവായ കാർ ഡ്രൈവർ ഇമ്രാനും കൂട്ടാളികളായ സുൽത്താൻ അഹമ്മദ്, നസീർ, തൗഫീഖ്, ലോകേഷ് എന്നിവരും അറസ്റ്റിലായി. 

മസ്താന്റെ മകൻ ഷാനവാസ് നൽകിയ പരാതിയെ തുടർന്നു നടത്തിയ ചോദ്യംചെയ്യലാണ് കൊലപാതകത്തിന്റെ ചുരുളഴിച്ചത്. മസ്താനിൽ നിന്നു വാങ്ങിയ 15 ലക്ഷം രൂപ തിരികെ ചോദിച്ചതിനെ തുടർന്നാണു കൊലപാതകമെന്ന ആശയമുദിച്ചത്. ഇമ്രാന്റെ ബന്ധുവായ സുൽത്താൻ അഹമ്മദും സുഹൃത്തുക്കളും സഹായിക്കാമെന്ന് പറഞ്ഞു. പണം നൽകാമെന്നു വിശ്വസിപ്പിച്ചാണ് ഇവർ മസ്താനെ ചെങ്കൽപ്പെട്ട് ഭാഗത്തേക്കു കൊണ്ടുപോയത്. 

കാറിൽ കയറിയ നാസറും സുൽത്താൻ അഹമ്മദും ചേർന്നാണ്  മസ്താനെ ശ്വാസംമുട്ടിച്ചു കൊന്നത്. മറ്റൊരു കാറിൽ ഇവരെ പിന്തുടർന്ന ലോകേഷും തൗഫീഖും പ്രതികളെ കടന്നുകളയാൻ സഹായിച്ചു. 22-ാം തിയതി ചെന്നൈയിൽ നിന്നു ചെങ്കൽപ്പെട്ടിലേക്ക് യാത്രചെയ്യുന്നതിനിടെ ഹൃദയാഘാതമുണ്ടായെന്നാണ് ഇമ്രാൻ മുൻപു മൊഴി നൽകിയിരുന്നത്. സിസിടിവി ദൃശ്യങ്ങളുടെയും ഫോൺ കോളുകളുടെയും അടിസ്ഥാനത്തിൽ ഇത് കള്ളമാണെന്ന് പൊലീസ് കണ്ടെത്തി. ശ്വാസം മുട്ടി മരിച്ചതിന്റെ തെളിവുകൾ പോസ്റ്റുമോർട്ടം റിപ്പോർട്ടിലും ലഭിച്ചു. പ്രതി കുറ്റം സമ്മതിച്ചെന്ന് പൊലീസ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com