പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ഗുരുതര വീഴ്ച; 20 മിനിറ്റ് പാലത്തില്‍ കുടുങ്ങി; പഞ്ചാബ് സന്ദര്‍ശനം വെട്ടിച്ചുരുക്കി

പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്രാവിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആവശ്യമായ നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നുമാണ് ആരോപണം.
മോദിയുടെ വാഹനവ്യൂഹം മേല്‍പ്പാലത്തില്‍ കുടുങ്ങിയപ്പോള്‍
മോദിയുടെ വാഹനവ്യൂഹം മേല്‍പ്പാലത്തില്‍ കുടുങ്ങിയപ്പോള്‍

ചണ്ഡിഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പഞ്ചാബ് സന്ദര്‍ശനത്തില്‍ സുരക്ഷാവീഴ്ചയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം. പ്രതിഷേധക്കാര്‍ റോഡ് തടഞ്ഞതിനെ തുടര്‍ന്ന് ഹുസൈനിവാലയിലേക്കുള്ള യാത്രയ്ക്കിടയില്‍ 20 മിനിറ്റോളം പ്രധാനമന്ത്രി ഫ്്‌ലൈ ഓവറില്‍ കുടുങ്ങി. അടിയന്തരസാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പുകള്‍ പഞ്ചാബ് സര്‍ക്കാര്‍ നടത്തിയില്ലന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നത്. അതേസമയം ഞായറാഴ്ച പ്രധാനമന്ത്രി ലഖ്‌നൗവില്‍ നടത്താനിരുന്ന റാലിയും റദ്ദാക്കി.

ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിലേക്ക് പോവുന്നതിനിടയിലാണ് സുരക്ഷാ വീഴ്ചയുണ്ടായത്. പ്രതികൂലകാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്റ്റര്‍ യാത്ര ഉപേക്ഷിച്ച് കാറില്‍ പോവുമ്പോഴാണ് സുരക്ഷാ വീഴ്ചയുണ്ടായത്. ബതിന്ദയില്‍ ഇറങ്ങിയ ശേഷം ഇരുപത് മിനിറ്റോളം കാലാവസ്ഥയില്‍ മാറ്റമുണ്ടാകുന്നതിന് വേണ്ടി കാത്തിരുന്ന ശേഷമാണ് യാത്ര കാറിലാക്കാന്‍ തീരുമാനിച്ചത്. 

എന്നാല്‍ ദേശീയ രക്തസാക്ഷി സ്മാരകത്തിന് മുപ്പത് കിലോമീറ്റര്‍ അകലെ വച്ച് പ്രധാനമന്ത്രിയുടെ വാഹനവ്യൂഹം സഞ്ചരിച്ചിരുന്ന റോഡില്‍  പ്രതിഷേധക്കാര്‍ തടസമുണ്ടാക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ ഗുരുതര വീഴ്ചയാണ് ഉണ്ടായതെന്നും ആഭ്യന്തമന്ത്രാലയം വിശദമാക്കുന്നു. പഞ്ചാബ് സര്‍ക്കാരിനോട് യാത്രാ വിവരം പങ്കുവച്ചിട്ടും സുരക്ഷയൊരുക്കാന്‍ സാധിച്ചില്ലെന്നാണ് ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നത്. 

ഫ്‌ലൈ ഓവറില്‍ 20 മിനിറ്റ് വരെ പ്രധാനമന്ത്രി കുടുങ്ങിയതായും ആഭ്യന്തരമന്ത്രാലയം ആരോപിക്കുന്നു. പ്രോട്ടോക്കോള്‍ അനുസരിച്ച് യാത്രാവിവരം സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചിരുന്നുവെന്നും എന്നാല്‍ ആവശ്യമായ നടപടികള്‍ പഞ്ചാബ് സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നുമാണ് ആരോപണം. സുരക്ഷാ വീഴ്ചയ്ക്ക് പിന്നാലെ  ബതിന്ദ വിമാനത്താവളത്തിലേക്ക് തിരികെ പോകേണ്ടി വന്നുവെന്നും കേന്ദ്രം ആരോപിക്കുന്നു.

സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരില്‍ നിന്ന് വിശദീകരണം തേടിയിട്ടുണ്ടെന്നും ശക്തമായ നടപടി സ്വീകരിക്കാന്‍ ആവശ്യപ്പെട്ടതായും കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദമാക്കി. പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ വിവിധ വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനത്തിന് പഞ്ചാബിലെത്തുന്ന പ്രധാനമന്ത്രിയെ തടയുമെന്ന് കര്‍ഷക സംഘടനകള്‍ ആഹ്വാനം ചെയ്തിരുന്നു. ഫിറോസ്പൂരില്‍ പ്രധാനമന്ത്രി പങ്കെടുക്കാനിരിക്കുന്ന റാലി തടയാനായിരുന്നു ആഹ്വാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com