വൊഡഫോണ്‍-ഐഡിയയുടെ 36 ശതമാനം ഓഹരി ഏറ്റെടുത്ത് കേന്ദ്രസര്‍ക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th January 2022 10:40 AM  |  

Last Updated: 11th January 2022 10:40 AM  |   A+A-   |  

Vodafone Idea

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പ്രമുഖ ടെലികോം കമ്പനിയായ വൊഡഫോണ്‍-ഐഡിയയുടെ 36 ശതമാനം ഓഹരികള്‍ കേന്ദ്രസര്‍ക്കാരിന്. സ്‌പെക്ട്രം കുടിശ്ശിക ഓഹരിയായി മാറ്റുന്നതിന് കമ്പനിയുടെ ബോര്‍ഡ് അംഗീകാരം നല്‍കി. രാജ്യത്ത് മൂന്നാം സ്ഥാനത്തുള്ള ടെലികോം കമ്പനിയാണ് വൊഡഫോണ്‍-ഐഡിയ.

വൊഡഫോണ്‍- ഐഡിയയില്‍ സര്‍ക്കാരിന് പങ്കാളിത്തം വരുന്നതോടെ, ഓഹരിഘടനയില്‍ മാറ്റം വരും. വൊഡഫോണ്‍ ഗ്രൂപ്പിന്റെ ഓഹരിപങ്കാളിത്തം 28.5 ശതമാനമാകും. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റേത് 17.8 ശതമാനമായി കുറയുമെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്പനി സമര്‍പ്പിച്ച രേഖയില്‍ പറയുന്നു.

നിലവില്‍ പ്രതിസന്ധിയിലൂടെയാണ് കമ്പനി കടന്നുപോകുന്നത്. സാമ്പത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന്റെ ഭാഗമായാണ് വൊഡഫോണും ഐഡിയയും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചത്. എന്നിട്ടും പ്രതിസന്ധി പരിഹരിക്കപ്പെട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. റിലയന്‍സിന്റെ വിപണി വിഹിതം ഉയര്‍ന്നതോടെ കമ്പനിക്ക് നിരവധി ഉപഭോക്താക്കളെയാണ് നഷ്ടമായത്.