യുപി ബിജെപിയില്‍ വീണ്ടും രാജി; പാര്‍ട്ടി വിട്ട എംല്‍എമാരുടെ എണ്ണം ഏഴായി

സ്വാമി പ്രസാദ് മൗര്യയാണ് തന്റെ നേതാവെന്ന് മുകേഷ് വര്‍മ പറഞ്ഞു. മൗര്യ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കും
മുകേഷ് വര്‍മ/എഎന്‍ഐ
മുകേഷ് വര്‍മ/എഎന്‍ഐ

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ബിജെപിയില്‍നിന്നു വീണ്ടും രാജി. പിന്നാക്ക വിഭാഗം നേതാവും എംഎല്‍എയുമായ മുകേഷ് വര്‍മ പാര്‍ട്ടിയില്‍നിന്നു രാജി പ്രഖ്യാപിച്ചു. സ്വാമി പ്രസാദ് മൗര്യയ്ക്കു പിന്തുണ പ്രഖ്യാപിച്ചാണ് രാജി. ഇതോടെ രാജിവച്ച എംഎല്‍എമാരുടെ എണ്ണം ഏഴായി. 

സ്വാമി പ്രസാദ് മൗര്യയാണ് തന്റെ നേതാവെന്ന് മുകേഷ് വര്‍മ പറഞ്ഞു. മൗര്യ എടുക്കുന്ന ഏതു തീരുമാനവും അംഗീകരിക്കും. വരും ദിവസങ്ങളില്‍ കൂടുതല്‍ പേര്‍ തങ്ങള്‍ക്കൊപ്പം ചേരുമെന്നും മുകേഷ് വര്‍മ പറഞ്ഞു.

യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍ മന്ത്രി ആയിരുന്ന സ്വാമി പ്രസാദ് മൗര്യ കഴിഞ്ഞ ദിവസമാണ് രാജിവച്ചത്. സര്‍ക്കാര്‍ ഒബിസി വിഭാഗക്കാരെയും ദലിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചു.2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബിജെപിയില്‍ ചേര്‍ന്നത്. മൗര്യയുടെ മകള്‍ ബദായൂമില്‍നിന്നുള്ള ബിജെപി എംപിയാണ്.

മൗര്യയ്ക്കു പിന്നാലെ ആറ് എംഎല്‍എമാരാണ് ഇതുവരെ രാജിവച്ചത്. വനം പരിസ്ഥിതി മന്ത്രിയും മുതിര്‍ന്ന നേതാവുമായ ദാരാ സിങ് ചൗഹാന്‍ ഇന്നലെ രാജി നല്‍കി. ദലിതുകളുടെയും പിന്നാക്ക സമുദായത്തിന്റെയും പിന്തുണയോടെ അധികാരത്തില്‍ വന്ന ബിജെപി അവരെ തീര്‍ത്തും അവഗണിക്കുകയായിരുന്നെന്ന് ദാരാ സിങ് ചൗഹാന്‍ പറഞ്ഞു. രാജിവച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചൗഹാന്‍. ഭാവി പരിപാടികള്‍ അണികളുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ചൗഹാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com