മദ്യവില 20% കുറച്ചു, സൂപ്പര്‍ മാര്‍ക്കറ്റുകളിലും വില്‍പ്പന, കടകളില്‍ നാടന്‍ മദ്യവും; മധ്യപ്രദേശില്‍ പുതിയ നയം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th January 2022 11:29 AM  |  

Last Updated: 19th January 2022 11:29 AM  |   A+A-   |  

new liquor policy

മദ്യപാനം ആരോഗ്യത്തിനു ഹാനികരം/ഫയല്‍

 

ഭോപ്പാല്‍: മധ്യപ്രദേശില്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ മദ്യം വില്‍ക്കാന്‍ അനുവദിച്ചുകൊണ്ട് ബിജെപി സര്‍ക്കാരിന്റെ എക്‌സൈസ് നയം. സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളില്‍ മദ്യവില്‍പ്പന കേന്ദ്രങ്ങള്‍ തുറക്കാന്‍ നയം അനുമതി നല്‍കുന്നു. മദ്യവില ഇരുപതു ശതമാനം കുറയ്ക്കാന്‍ സംസ്ഥാന മന്ത്രിസഭായോഗം തീരുമാനിച്ചു.

മദ്യ വില്‍പ്പന പ്രായോഗികമാക്കുന്നതിനാണ് വില കുറയ്ക്കാന്‍ തീരുമാനിച്ചതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. പുതിയ നയം അനുസരിച്ച് ഇന്‍ഡോര്‍, ഭോപ്പാല്‍, ജബല്‍പുര്‍, ഗ്വാളിയര്‍ എന്നീ നഗരങ്ങളിലാണ് സൂപ്പര്‍ മാര്‍ക്കറ്റുകളിലൂടെ മദ്യം വില്‍ക്കാന്‍ അനുമതി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍നിന്ന് ഇതിന് നിശ്ചിത ഫീസ് ഈടാക്കും. 

ഒരു കോടിയിലേറെ രൂപ വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ഹോം ബാര്‍ ലൈസന്‍സ് നല്‍കാനും പുതിയ മദ്യ നയം നിര്‍ദേശിക്കുന്നു. അന്‍പതിനായിരം രൂപയാണ് ഇതിനായി വാര്‍ഷിക ഫീസ് ആയി ഈടാക്കുക. 

മദ്യവില്‍പ്പന കേന്ദ്രങ്ങളിലുടെ വിദേശ മദ്യത്തിനൊപ്പം നാടന്‍ മദ്യവും ബിയറും വില്‍ക്കാന്‍ അനുവദിക്കും. വ്യാജ മദ്യം തടയുന്നതു ലക്ഷ്യമിട്ടാണ് നടപടി. കര്‍ഷകര്‍ മുന്തിരിയില്‍നിന്ന് ഉണ്ടാക്കുന്ന വൈനിന് നികുതി ഒഴിവാക്കുമെന്നും നയത്തില്‍ പറയുന്നു.