ഉദ്ധവിന് വേണ്ടി പൊട്ടിക്കരഞ്ഞ 'വൈറല്‍' എംഎല്‍എയും ഷിന്‍ഡെ ക്യാമ്പില്‍; കണ്ണീരൊപ്പിയ അനുയായികള്‍ അമ്പരപ്പില്‍

ഏക്‌നാഥ് ഷിന്‍ഡെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും താമസിക്കുന്ന മുംബൈയിലെ ഹോട്ടലില്‍ ഇന്നലെ രാത്രിയോടെ എത്തിയായിരുന്നു സന്തോഷ് ബംഗര്‍ പിന്തുണ അറിയിച്ചത്
സന്തോഷ് ബംഗറിന്റെ വീഡിയോയില്‍ നിന്ന്‌
സന്തോഷ് ബംഗറിന്റെ വീഡിയോയില്‍ നിന്ന്‌

മുംബൈ: ഉദ്ധവ് താക്കറെ പക്ഷത്ത് നിലയുറിപ്പിച്ച് പൊട്ടിക്കരഞ്ഞ് 'വൈറലായ' എംഎല്‍എ സന്തോഷ് ബംഗര്‍ ഒടുവില്‍ വിമത ക്യാമ്പിലെത്തി.  മഹാരാഷ്ട്രയില്‍ ഏക്‌നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിച്ചപ്പോള്‍ സന്തോഷ് ബംഗര്‍ ഭരണപക്ഷത്തിനൊപ്പം ചേര്‍ന്നു. സന്തോഷ് ബംഗറും കൂടി ഇന്ന് സഭയിലെത്തിയതോടെ ഷിന്‍ഡെയ്ക്ക് 40 സേനാ എംഎല്‍എമാരുടെ പിന്തുണ ലഭിച്ചു. 164 പേരുടെ പിന്തുണയാണ് ഷിന്‍ഡെയ്ക്കു ആകെ ലഭിച്ചത്. ഏക്‌നാഥ് ഷിന്‍ഡെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന എംഎല്‍എമാരും താമസിക്കുന്ന മുംബൈയിലെ ഹോട്ടലില്‍ ഇന്നലെ രാത്രിയോടെ എത്തിയായിരുന്നു സന്തോഷ് ബംഗര്‍ പിന്തുണ അറിയിച്ചത്. 

ഉദ്ധവ് താക്കറെയ്ക്ക് പൊതുവേദിയില്‍ പിന്തുണ പ്രഖ്യാപിക്കുന്നതിനിടെ സന്തോഷ് ബംഗര്‍ വിതുമ്പിക്കരയുന്നതും അനുയായികള്‍ അദ്ദേഹത്തിന്റെ കണ്ണീരൊപ്പുന്നതും ദിവസങ്ങള്‍ക്കു മുന്‍പ് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 'ഞങ്ങള്‍ നിങ്ങള്‍ക്കൊപ്പമാണ് താക്കറെ'- വൈറല്‍ വിഡിയോയില്‍ സന്തോഷ് ബംഗര്‍ പറഞ്ഞു. ഏക്‌നാഥ് ഷിന്‍ഡെ പിന്നില്‍നിന്ന് കുത്തിയെന്നും തിരികെ വരണമെന്നും പ്രസംഗത്തില്‍ സന്തോഷ് ബംഗര്‍ ആവശ്യപ്പെട്ടിരുന്നു. സന്തോഷ് ബംഗറുടെ അപ്രതീക്ഷിത ചുവടുമാറ്റം അനുയായികള്‍ അടക്കമുള്ളവരെ അമ്പരിപ്പിച്ചു.

ഇന്നലെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട ബിജെപിയുടെ രാഹുല്‍ നര്‍വേക്കറുടെ അധ്യക്ഷതയിലായിരുന്നു വിശ്വാസ വോട്ട്. നിലവില്‍ 288 അംഗ നിയമസഭയില്‍ ബിജെപിക്ക് 106 എംഎല്‍എമാരുണ്ട്. 50 പേരുടെ പിന്തുണയുണ്ടെന്നാണ് ഷിന്‍ഡെ വിഭാഗത്തിന്റെ നിലപാട്. ഇതില്‍ 40 പേര്‍ ശിവസേന വിമതരാണ്. ഒരു ശിവസേന എംഎല്‍എയുടെ മരണത്തോടെ ആകെ അംഗസംഖ്യ 287 ആയി. ഇതോടെ വിശ്വാസവോട്ടെടുപ്പ് ജയിക്കാന്‍ 144 വോട്ട് മാത്രമാണ് വേണ്ടിയിരുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com