ശ്രീലങ്കയില്‍ നിന്ന് അഭയാര്‍ത്ഥി പ്രവാഹമുണ്ടാകും; കേരളത്തിനും തമിഴ്‌നാടിനും മുന്നറിയിപ്പ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 09:15 PM  |  

Last Updated: 09th July 2022 09:15 PM  |   A+A-   |  

sri lana

ചിത്രം: എഎഫ്പി

 

ന്യൂഡല്‍ഹി: ഭരണപ്രതിസന്ധി കാരണം ആഭ്യന്തര കലാപം നടക്കുന്ന ശ്രീലങ്കയില്‍ നിന്ന് ഇന്ത്യയിലേക്ക് അഭയാര്‍ത്ഥി പ്രവാഹമുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. തമിഴ്‌നാട് ക്യു ബ്രാഞ്ച് ആണ് ഇതു സംബന്ധിച്ച് തമിഴ്‌നാടിനും കേരളത്തിനും റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

ശ്രീലങ്കയിലെ തലൈ മാന്നാറില്‍ നിന്നും അഭയാര്‍ത്ഥികള്‍ വരുംദിവസങ്ങളില്‍ കേരള, തമിഴ്‌നാട് തീരങ്ങളിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്. രാമേശ്വരം അടക്കമുള്ള തീരപ്രദേശങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്രീലങ്കയില്‍ നിന്നുളള അഭയാര്‍ത്ഥികളെ സ്വീകരിക്കുമോ എന്നതില്‍ കേന്ദ്രസര്‍ക്കാര്‍ വ്യക്തത വരുത്തിയിട്ടില്ല. നിലലില്‍ ചെറിയ തോതില്‍ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ രാമേശ്വരം തീരത്ത് എത്തുന്നുണ്ട്. മൂന്നാഴ്ച മുന്‍പ് എത്തിയ ഏഴുപേരെ ക്യാമ്പിലേക്ക് മാറ്റിയിരുന്നു. 

അതേസമയം, ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവച്ചു. സര്‍വ്വകക്ഷി യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി രാജിവച്ചത്. പ്രക്ഷോഭകാരികള്‍ പ്രസിഡന്റിന്റെ വസതി പിടിച്ചെടുത്തതിന് പിന്നാലെ, പ്രധാനമന്ത്രി അടിയന്തര സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. പ്രസിഡന്റ് ഗോതബായ രജപക്സെയും പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ വിക്രമസിംഗെയും രാജിവയ്ക്കണമെന്നും സ്പീക്കര്‍ താത്ക്കാലിയ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്നും സര്‍വകക്ഷി യോഗത്തില്‍ ആവശ്യമുര്‍ന്നു. ഇതിന് പിന്നാലെ, ദേശീയ സര്‍ക്കാര്‍ രൂപീകരിക്കാന്‍ വേണ്ടി യോഗത്തില്‍ പങ്കെടുത്തവരുടെ അഭിപ്രായം മാനിച്ച് താന്‍ രാജിവയ്ക്കുകയാണെന്ന് വിക്രമസിംഗെ ട്വിറ്ററില്‍ കുറിച്ചു.

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ലങ്കയില്‍, പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് ലക്ഷണങ്ങളാണ് തെരുവിലിറങ്ങിയത്. പ്രതിഷേധക്കാര്‍ ഗോതബായയുടെ ഔദ്യോഗിക വസതി വളഞ്ഞു. സുരക്ഷാ സേന ചെറുത്തു നിന്നെങ്കിലും പ്രക്ഷോഭകര്‍ സേനയെ മറികടന്ന് കൊട്ടാരത്തിലേക്ക് ഇരച്ചു കയറി. പ്രക്ഷോഭകരെ പിരിച്ചുവിടാന്‍ സൈന്യം ആകാശത്തേക്ക് വെടിയുതിര്‍ക്കുകയും ചെയ്തു.

പ്രതിഷേധക്കാര്‍ വസതി വളഞ്ഞതോടെ പ്രസിഡന്റ് ഗോതബായ രജപക്‌സെ കെട്ടിടത്തില്‍ നിന്നു രക്ഷപ്പെട്ടു. സൈന്യം ഇദ്ദേഹത്തെ അതീവ സുരക്ഷിതമായി മാറ്റിയതായാണ് വിവരം.

ഗോതബായ രജപക്‌സെ രാജ്യം വിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. ഗോതബായ കപ്പലില്‍ കയറി പോകുന്നതിന്റെ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ പ്രസിഡന്റ് രാജ്യം വിട്ടതായി ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും ഉണ്ടായിട്ടില്ല.

ഈ വാര്‍ത്ത കൂടി വായിക്കാം   പ്രസിഡന്റിന്റെ നീന്തല്‍ക്കുളത്തില്‍ ആറാടി പ്രക്ഷോഭകര്‍; കൊട്ടാര അടുക്കളയില്‍ ആഘോഷം; ആരുമറിയാതെ വസതി വിട്ടോടി ഗോതബായ ( വീഡിയോ)

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ