

ലഖ്‌നൗ: ഇതര ജാതിയിൽപ്പെട്ട യുവാവുമായി പ്രണയത്തിലായതിന്റെ പകയിൽ അച്ഛൻ 19കാരിയെ കഴുത്തറുത്ത് കൊന്നു. ഉത്തര്‍പ്രദേശിലെ ഫിറോസാബാദിലാണ് സംഭവം. കേസില്‍ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. ഫിറോസാബാദ് സ്വദേശിയായ മനോജ് റാത്തോഡ് (42) ആണ് മകൾ രുചി റാത്തോഡിനെ കൊന്ന കേസിൽ പിടിയിലായത്.
വെള്ളിയാഴ്ച രാവിലെയാണ് മനോജിന്റെ മൂത്തമകളായ രുചിയെ വീട്ടിലെ കിടപ്പു മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ദുരഭിമാനക്കൊലയാണെന്നും ഇതര ജാതിക്കാരനുമായുള്ള മകളുടെ പ്രണയമാണ് കൊലപാതകത്തിന് കാരണമായതെന്നും പോലീസ് പറഞ്ഞു.
മുകള്‍ നിലയില്‍ നിന്നു മകള്‍ താഴേക്ക് വരാത്തത് തിരക്കിയ അമ്മയോട് മനോജ് തന്നെയാണ് കൊലപാതക വിവരം വെളിപ്പെടുത്തിയത്. ഇതോടെ കുട്ടിയുടെ അമ്മ പൊലീസിനെ വിവരമറിയിക്കുകയും പിന്നാലെ ഇയാളെ പിടികൂടുകയായിരുന്നു.
മനോജ്- നഗീന ദമ്പതിമാരുടെ നാല് മക്കളില്‍ മൂത്തയാളാണ് കൊല്ലപ്പെട്ട രുചി റാത്തോഡ്. കഴിഞ്ഞ ഒരുവര്‍ഷമായി ഏട്ടാ സ്വദേശിയായ സുധീര്‍ കുമാര്‍ (21) എന്നയാളുമായി പെണ്‍കുട്ടി പ്രണയത്തിലായിരുന്നു. ഇതര ജാതിക്കാരനായ യുവാവുമായുള്ള പ്രണയത്തെ മനോജ് എതിര്‍ത്തു. എന്നാല്‍ പിതാവിന്റെ എതിര്‍പ്പ് മറികടന്ന് പെണ്‍കുട്ടി യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഇരുവരും ഇടയ്ക്കിടെ പരസ്പരം കാണുന്നതും പതിവായി.
പ്രണയം തുടര്‍ന്നാല്‍ രണ്ട് പേരെയും കൊല്ലുമെന്ന് മകളെയും കാമുകനെയും മനോജ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ സുധീറിനെ വിവാഹം കഴിക്കണമെന്നായിരുന്നു മകളുടെ ആഗ്രഹം. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് മനോജ് വീട്ടിലെത്തിയപ്പോള്‍ മകള്‍ക്കൊപ്പം കാമുകനെയും കണ്ടു. തുടര്‍ന്നാണ് കൊലപാതകത്തിനുള്ള ആസൂത്രണം ആരംഭിച്ചത്.
വ്യാഴാഴ്ച അര്‍ധരാത്രി വീടിന്റെ മുകള്‍ നിലയിലെ കിടപ്പു മുറിയില്‍ ഉറങ്ങുകയായിരുന്ന മകളെ ഈര്‍ച്ച വാള്‍ കൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി. കൊലപാതകം നടന്നത് വീട്ടിലെ മറ്റുള്ളവരൊന്നും അറിഞ്ഞിരുന്നില്ല.
വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയായിട്ടും രുചി മുകള്‍ നിലയില്‍നിന്ന് താഴേക്ക് വരാതിരുന്നതോടെയാണ് അമ്മ നഗീനയ്ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് മകളെ വിളിക്കാന്‍ നഗീന ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഇതോടെയാണ് മകളെ കൊലപ്പെടുത്തിയെന്ന് പ്രതി ഭാര്യയോട് വെളിപ്പെടുത്തിയത്.
'മകള്‍ എപ്പോള്‍ കൊല്ലപ്പെട്ടെന്ന് എനിക്കറിയില്ല. വീടിന്റെ ഒന്നാം നിലയിലാണ് അവളുടെ മുറി. വെള്ളിയാഴ്ച രാവിലെ ഒൻപത് മണിയായിട്ടും അവള്‍ താഴേക്ക് വന്നില്ല. അതോടെ ഞാന്‍ ഭര്‍ത്താവിനോട് മകളെ വിളിക്കാന്‍ പറഞ്ഞു. അപ്പോളാണ് മകളെ കൊലപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞത്. ഇതോടെ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.'
'എന്റെ മകള്‍ നിരപരാധിയാണ്. ഭര്‍ത്താവിന്റെ ബുദ്ധിയില്ലായ്മ ഞങ്ങളുടെ കുടുംബത്തെ തകര്‍ത്തുകളഞ്ഞു'- നഗീന മാധ്യമങ്ങളോട് പറഞ്ഞു.
പ്രതിയായ മനോജ് വള നിര്‍മാണ യൂണിറ്റിലെ ജോലിക്കാരനാണെന്ന് പൊലീസ് പറഞ്ഞു. പ്രതി കുറ്റം സമ്മതിച്ചതായും അന്വേഷണത്തിന്റെ ഭാഗമായി പെണ്‍കുട്ടിയുടെ കാമുകനില്‍ നിന്നടക്കം മൊഴി രേഖപ്പെടുത്തിയിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates