പുത്തനുടുപ്പ്, അരികില്‍ ബയോളജി ബുക്ക്; കള്ളക്കുറിച്ചി പെണ്‍കുട്ടിക്ക് യാത്രാമൊഴി, സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനെത്തിയത് ആയിരങ്ങള്‍ (വീഡിയോ)

പ്രതിധേങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ കള്ളക്കുറിച്ചിയിലെ സ്വകാര്യ സ്‌കൂളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു
ചിത്രം: എക്‌സ്പ്രസ്
ചിത്രം: എക്‌സ്പ്രസ്

കള്ളക്കുറിച്ചി: പ്രതിധേങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും ഒടുവില്‍ കള്ളക്കുറിച്ചിയിലെ സ്വകാര്യ സ്‌കൂളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മൃതദേഹം സംസ്‌കരിച്ചു. കള്ളക്കുറിച്ചി പെരിയനേശല്ലൂര്‍ ഗ്രാമത്തില്‍ നടന്ന അന്ത്യകര്‍മ്മങ്ങളില്‍ ആയിരക്കണക്കിന് പേരാണ് പങ്കെടുത്തത്. ജൂലൈ പതിമൂന്നിനാണ് സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി പ്ലസ് ടു വിദ്യാര്‍ത്ഥിനി ആത്മഹത്യ ചെയ്തത്. മരണത്തെ തുടര്‍ന്ന് സ്‌കൂളിന് നേര്‍ക്ക് വലിയ പ്രതിഷേധമുയരുകയും നാട്ടുകാര്‍ സ്‌കൂള്‍ തല്ലി തകര്‍ക്കുകയും ചെയ്തിരുന്നു. 

രാവിലെ പത്തു മണിയോടെ ആരംഭിച്ച സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ സമീപ ഗ്രാമങ്ങളില്‍ നിന്നുവരെ ആളുകളെത്തി. പതിനേഴുകാരിയുടെ അച്ഛനും സഹോദരനും ചേര്‍ന്നാണ് അന്ത്യകര്‍മ്മങ്ങള്‍ നടത്തിയത്. 

കഴിഞ്ഞ പത്തു ദിവസമായി പെണ്‍കുട്ടിയുടെ മൃതദേഹം കള്ളക്കുറിച്ചി സര്‍ക്കാര്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. കുറ്റക്കാര്‍ക്ക് എതിരെ നടപടിയെടുക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ല എന്ന നിലപാടിലായിരുന്നു ബന്ധുക്കള്‍. 

വിഷയത്തില്‍ ഇടപെട്ട മദ്രാസ് ഹൈക്കോടതി, ശനിയാഴ്ച തന്നെ മൃതദേഹം സംസ്‌കരിക്കണമെന്ന് ബന്ധുക്കളോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് മൃതദേഹം സംസ്‌കരിക്കാമെന്ന് അമ്മ സമ്മതിക്കുകയായിരുന്നു. 

കുട്ടിയുടെ മൃതദേഹവുമായി വന്ന ആംബുലന്‍സ് തിരിച്ചിറപ്പള്ളി ഹൈവേയില്‍ വെച്ച് അപകടത്തില്‍പ്പെട്ടു. എതിരെവന്ന ട്രക്കുമായി വാഹനം കൂട്ടിയിടിക്കുകയായിരുന്നു. തമിഴ്‌നാട് തൊഴില്‍ മന്ത്രി സി വി ഗണേശനും കള്ളക്കുറിച്ച് ജില്ലാ കലക്ടറും സംസ്‌കാര ചടങ്ങുകളില്‍ സര്‍ക്കാര്‍ പ്രതിനിധികളായി പങ്കെടുത്തു. പുത്തനുടുപ്പ് അണിയിച്ചാണ് മൃതദേഹം എത്തിച്ചത്. കുട്ടിയുടെ മൃതദേഹത്തിന് സമീപം ഒരു ബയോളജി പുസ്തകവും വെച്ചിരുന്നു. 

കുട്ടിയുടെ മരണത്തില്‍ സംശയം ഉണ്ടെന്ന് കാണിച്ച് മാതാപിതാക്കള്‍ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. തങ്ങള്‍ നിര്‍ദേശിക്കുന്ന ഡോക്ടറുടെ സാന്നിധ്യത്തില്‍ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണം എന്ന ബന്ധുക്കളുടെ ആവശ്യം സുപ്രീംകോടതി തള്ളിയിരുന്നു. 

കുട്ടിയുടെ മരണത്തിന് പിന്നാലെ അക്രമാസക്തരായ നാട്ടുകാര്‍ സ്‌കൂള്‍ തല്ലി തകര്‍ക്കുകയും മുപ്പതോളം ബസുകള്‍ കത്തിക്കുകയും ചെയ്തിരുന്നു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പൊലീസിന് ആകാശത്തേക്ക് വെടിയുതിര്‍ക്കേണ്ടിവന്നു. സംഘര്‍ഷത്തിലും തുടര്‍ന്ന് നടന്ന ലാത്തി ചാര്‍ജിലും നിരവധിപേര്‍ക്ക് പരിക്കേറ്റിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com