പ്രസിദ്ധ സന്തൂര്‍ വാദകൻ പണ്ഡിറ്റ് ഭജന്‍ സോപോരി അന്തരിച്ചു

ജമ്മു കശ്മീരിലെ സോപോറാണ് ഭജന്‍ സോപോരിയുടെ ജന്മദേശം. സന്തൂര്‍ വാദക കുടുംബത്തില്‍ ജനിച്ച ഭജന്‍ സോപോരിയുടെ കുടുംബത്തിന്റെ ആറ് തലമുറയിലും സന്തൂര്‍ വാദകരുണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: പ്രസിദ്ധ സന്തൂര്‍ വാദകനും സം​ഗീത സംവിധായകനുമായ പണ്ഡിറ്റ് ഭജന്‍ സോപോരി അന്തരിച്ചു. അര്‍ബുദരോഗ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുഗ്രാമിലെ ഫോര്‍ട്ടിസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെ ഇന്ന് വൈകീട്ട് മൂന്നരയോടെയാണ് മരണ സംഭവിച്ചത്. ഈ മാസം 22ന് 74 വയസ് തികയാനിരിക്കെയാണ് അദ്ദേഹത്തിന്റെ വിടവാങ്ങൽ. 

ജമ്മു കശ്മീരിലെ സോപോറാണ് ഭജന്‍ സോപോരിയുടെ ജന്മദേശം. സന്തൂര്‍ വാദക കുടുംബത്തില്‍ ജനിച്ച ഭജന്‍ സോപോരിയുടെ കുടുംബത്തിന്റെ ആറ് തലമുറയിലും സന്തൂര്‍ വാദകരുണ്ട്. പത്ത് വയസ് പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ആദ്യ കച്ചേരി. 

വാഷിങ്ടണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പാശ്ചാത്യ ശാസ്ത്രീയ സംഗീതവും മുത്തശ്ശന്‍ എസ്സി സോപോരിയില്‍ നിന്നും പിതാവ് ശംഭൂ നാഥില്‍ നിന്നും ഹിന്ദുസ്ഥാനി സംഗീതവും അഭ്യസിച്ച ഭജന്‍ സോപോരി ബെല്‍ജിയം, ഈംഗ്ലണ്ട്, ഈജിപ്ത്, ജര്‍മനി, നോര്‍വേ, സിറിയ, യുഎസ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ സംഗീത പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.

1992 ല്‍ സംഗീത നാടക അക്കാദമി പുരസ്‌കാരം ലഭിച്ച ഭജന്‍ സോപോരിയ്ക്ക് 2004 ല്‍ പദ്മശ്രീ പുരസ്‌കാരം നല്‍കി രാജ്യം ആദരിച്ചു. 2009 ല്‍ ബാബാ അലാവുദീന്‍ ഖാന്‍ പുരസ്‌കാരവും 2011 ല്‍ മാഥുര്‍ പുരസ്‌കാരവും ലഭിച്ചു. ജമ്മു കശ്മീര്‍ സര്‍ക്കാര്‍ ലൈഫ് ടൈം അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com